Monday, February 2, 2009

ആര് ആരോടു പറയാന്‍?

ആരെങ്കിലും ഒളിഞ്ഞുനോക്കുന്നുണ്ടോ
എന്ന ജിജ്ഞാസകൊണ്ട് കെട്ടുറപ്പുള്ള
കുളിമുറിഭിത്തിയ്ക്ക്
ഓട്ടയിട്ടുകൊണ്ടിരുന്ന
വസന്തം എന്ന പെണ്‍കുട്ടി
വഞ്ചിക്കപ്പെട്ടു

ഒട്ടുവളരെ അസ്വസ്ഥമായ
പ്രണയം കൊണ്ട്
സ്വപ്നം കണ്ടലഞ്ഞിരുന്ന
ഉഷ്ണം എന്ന കാമുകന്‍
തട്ടുകേട്ടും മുട്ടുകേട്ടും വന്നടുത്തപ്പോള്‍
പിടിക്കപ്പെട്ടു

വലിയൊരു നിയമക്കുരുക്കില്‍ പെട്ടിരിക്കെ
വിചാരണ മുറിഞ്ഞുപോംവിധം
മേശവലിപ്പിലെ ലൂപ്പ് ഹോളിലേയ്ക്ക്
ഒളിഞ്ഞുനോക്കിയ
ശൈത്യം എന്ന ന്യായാധിപന്‍
ഇളിഭ്യനായി

ഒളിഞ്ഞുനോട്ടത്തെക്കുറിച്ച്
മറിച്ചുവച്ച കടലിലെ തിരയെന്ന്
എല്ലാ കലയുടെ അടിയിലും
ഇളകിമറിയുന്ന പതപ്പെന്ന്
കവിത ചൊല്ലിയ
ചുഴലിക്കാറ്റ്
മൈതാനത്ത് ചുറ്റിത്തിരിഞ്ഞു

അടഞ്ഞടഞ്ഞ് ഉള്‍വലിഞ്ഞ്
കവചം മുറുക്കി
രഹസ്യസുഷിരത്തിലൂടെ
എയര്‍ കണ്ടീഷന്‍ മണ്ടന്മാര്‍
കവിയ്ക്കുനേരെ
തുരുതുരാ വെടിയുതിര്‍ത്തു


കാരണമൊന്നും കൂടാതെ
തിരിച്ചറിയപ്പെടാത്തൊരു
ചാറ്റല്‍മഴ പെയ്തുതീര്‍ന്നു.

8 comments:

Mahi said...

വളരെ ഇഷ്ടമായി

ഗുപ്തന്‍ said...

പിടിതരാതെ വഴുക്കുന്ന പതിവു പൊട്ടക്കലം ഭാഷക്ക് അപ്പുറം ആകെ മൊത്തം ഒരു ലാപുടത്തം ജ്യോനവോ... കടംകഥകളുടെ ഹാംഗോവറിലാണോ :)

ചിലപ്പോ എന്റെ മാത്രം ഫീലിംഗ് ആവും ..

ഐഡിയ എനിവേ ഇഷ്ടപ്പെട്ടു :)

പാമരന്‍ said...

എവിടെയായിരുന്നു? നീ തിളച്ചു തൂവുന്നതു കാണാന്‍ കാത്തിരിക്കുകയല്ലേ പൊട്ടക്കലമേ..

പകല്‍കിനാവന്‍ | daYdreaMer said...

കാരണമൊന്നും കൂടാതെ
തിരിച്ചറിയപ്പെടാത്തൊരു
ചാറ്റല്‍മഴ പെയ്തുതീര്‍ന്നു.

നനഞ്ഞു കുതിര്‍ന്നു.. ഒരു കാരണവുമില്ലാതെ... :)

ജ്യോനവന്‍ said...

മഹീ....
വളരെ സന്തോഷം

ഗുപ്തരേ
‘ആര് ആരോടു പറയാന്‍’ എന്നു കരുതിയതിപ്പോള്‍ വെറുതെയായോ? :)
പിന്നെ ഹാംഗോവര്‍. ഇത്തിരിനേരം വിട്ടുമാറാതിരിക്കട്ടെ
എന്ന പ്രാര്‍ത്ഥനയോടെ തലയണക്കരികില്‍ തന്നെ വച്ചിട്ടുണ്ട്, അതിനെ. ഒരു സുഖം.
നന്ദി.

പാ‍മരാ...
ഇവിടെയില്ലായിരുന്നു.
അല്ലെങ്കിലും ഇവിടെയില്ലായിരുന്നു.
:)


പകല്‍കിനാവ്
:)

sreeNu Lah said...

ഇഷ്ടമായി

സുദേവ് said...

എന്താ മാഷേ ഇതു..ആകെ വട്ടായല്ലോ ...ഹൊ ...കൊള്ളാം

Pramod.KM said...

ഗുപ്തന്റെ കമന്റ്!!:)