Monday, June 8, 2009

വിത്തുകുഴല്‍

വഴിയാത്രയില്‍
വിത്തുകളെ
ഊതി വിളയിക്കുന്നൊരു
കുഴല്‍ കിട്ടി.
കുറച്ചു
വിത്തുകളും കിട്ടി.
മരച്ചോട്ടില്‍
മരം കടിച്ചുതുപ്പിയ
ഇത്തിരി
വെയില്‍ വട്ടത്തില്‍
നിരത്തിയിട്ടു്‌
ഊത്തുതുടങ്ങി.
നെല്ലു വിളയുന്നതുപോലെ,
അരി വിളയുന്നതുപോലെ,
അവലു്‌ വിളയുന്നതുപോലെ,
വാക്കു്‌ വിളയുന്നതുപോലെ,
മനുഷ്യന്‍ വിളയുന്നതുപോലെ...
എങ്ങനെ,
എങ്ങനെ?
കൗതുകം കാത്തു.
എന്നാല്‍,
ആരും ഈരും
ഒന്നും വിളഞ്ഞില്ല.
അതിനാല്‍ കുഴലെടുത്തു്‌
മണ്ണില്‍ നാട്ടിവച്ചു.
വിത്തെടുത്തു്‌
അതില്‍ നിറച്ചും വച്ചു.

പോകും വഴിയെങ്ങാന്‍ കണ്ടാല്‍
വിശ്വസിച്ചുപോകരുതു്‌....
ആരാധിച്ചുപോകരുതു്‌....!

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

മരം കടിച്ചുതുപ്പിയ
ഇത്തിരി
വെയില്‍ വട്ടത്തില്‍

..ഈ വരികളിലെ പുതുമ കൊള്ളാം...
ഇഷ്ടമായി..കവിതയും....

കരീം മാഷ്‌ said...

ഇനി ആ കുഴലില്‍ തൊടാന്‍ തനിക്കവകാശമില്ല!
അതു ഞങ്ങളുടെ മൃദുലവികാരത്തെ വൃണപ്പെടുത്തലാവുമത്.

ജ്യോനവന്‍ said...

ഹന്‍ല്ലലത്
നന്ദി³
മുറിവുകളില്‍ തൊട്ടു!

കരീം മാഷ് :)