Thursday, April 3, 2008

പട്ടിണിമരണം.


ഇന്നലെ;
തൊണ്ടയില്‍ കുടിവെള്ളം മുട്ടി.
മുട്ടിയുടനെ വാതില്‍ തുറന്നു
കുടിവെള്ളം പുറത്തേയ്ക്കു ചാടി
പുറമേ പുളിച്ചുതികട്ടിയതും ചാടി
കുടിവെള്ളത്തിന്റെ നടുവൊടിഞ്ഞു
അങ്ങനെ,
മൊത്തത്തില്‍ കുടിവെള്ളം മുട്ടി.

ഇന്നലെ;
കഞ്ഞിയില്‍ പാറ്റ വീണു
കഞ്ഞിമൊത്തം കളഞ്ഞു.
പാറ്റ പട്ടിണികിടന്ന്
കഞ്ഞിയെ പലകുറി
ധ്യാനിച്ചു.

ഇന്നലെ;
വിശപ്പ് ചെറിയൊരു
ഗണിതം പഠിപ്പിക്കാന്‍
മിനക്കെട്ടതിന്
രണ്ടുതവണ കുമ്പസാരിച്ചു.

ഇന്നലെ;
ഉറക്കം വന്നില്ല.
വരാഞ്ഞതില്‍ പരിഭവം പറഞ്ഞ്
ഉറക്കത്തിന് സന്ദേശമയച്ച്
ജീവിതം കിടക്കവിരിച്ചു

ഇന്നലെ;
സ്വപ്നം പോലും കെട്ടതായൊരു രാത്രി
പാലം കടക്കുവോളം
വിശപ്പിന്റെ പുസ്തകം
വായിച്ച പട്ടിണി
ഇക്കരെ നോക്കി
ഏമ്പക്കം വിട്ടു.

ഒരു മരണത്തെയൊക്കെ
അപ്പാടെ അകത്താക്കിയെന്ന
സംതൃപ്തിയാവണം.

9 comments:

ദിലീപ് വിശ്വനാഥ് said...

ഇന്ന്:
ഇതു വായിച്ചു വട്ടായി
കമന്റ് ഇടണമെന്ന് തോന്നി.
എന്ത് എഴുതണമെന്നറിയാതെ ഉഴറി.
പേനകൊണ്ട് കുത്തി ബ്ലോഗ് കീറിപ്പോയി.

വിഷ്ണു പ്രസാദ് said...

ഭാഷയ്ക്ക് ഒരു കൃത്രിമത്വം എപ്പോഴും തോന്നിയിട്ടുണ്ട്.കൃത്രിമമായ ഒരു ഭാഷ നിര്‍മിക്കുന്നതില്‍ തെറ്റുമില്ല.പക്ഷേ അതിനൊരു ലക്ഷ്യമുണ്ടാവണം...

ശ്രീ said...

‘പാലം കടക്കുവോളം
വിശപ്പിന്റെ പുസ്തകം
വായിച്ച പട്ടിണി
ഇക്കരെ നോക്കി
ഏമ്പക്കം വിട്ടു.”

:)

ജ്യോനവന്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

വാല്‍മീകി....
വിമര്‍ശനം രസിച്ചു. ഞാന്‍ ചിന്തിക്കാം.
:)

വിഷ്ണുമാഷ്....
ശരിക്കും കാലിടറിനില്‌ക്കുമ്പോഴാണ്
നിങ്ങളെപ്പോലൊരാളില്‍ നിന്നും
ഇങ്ങനൊരു താങ്ങ് എന്നതാണ് സന്തോഷം.(ഇതില്‍ കലര്‍പ്പില്ല)

ഏച്ചുകെട്ടുകയാണെങ്കിലും മുഴയോട് സുന്ദരം എന്ന സമീപനമായിരുന്നു.
മണ്ടന്‍. ലക്‌ഷ്യമെന്നൊന്നിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല.

ശ്രീ......

ഗുപ്തന്‍ said...

രാവിന്റെ പാലവും ഒരു വായനയും ധ്യാനവും ഒക്കെകഴിഞ്ഞാല്‍ വിശപും ദാഹവും മോഹവും ഒക്കെ മരിക്കും അല്ലെ !

Unknown said...

ഏറ്റവും വലിയ വേദന വിശപ്പാണു

Sanal Kumar Sasidharan said...

ജ്യോനവന്‍,
ഞാന്‍ കുറേ നാളുകള്‍ക്ക് ശേഷമാണ് ഈ ബ്ലോഗ് വായിക്കുന്നത്.എന്തോ എനിക്ക് ഇത് പുതുമയായി തോന്നി.വായിക്കാതിരുന്ന മൂന്നു കവിതകളും നേരത്തേ വായിച്ചവയില്‍ നിന്നും വളരെ മുന്നോട്ട് പോയിരിക്കുന്നു താങ്കള്‍.രസകരമായ വായനാനുഭവം അതിനുള്ളില്‍ കടിച്ചുപൊട്ടിക്കേണ്ട ചിലതും. വളരെ വളരെ ഇഷ്ടമായി.അഭിനന്ദനങ്ങള്‍

ജ്യോനവന്‍ said...

ഗുപ്തന്‍:)

അനൂപ്
അതെ, അങ്ങനെയും.

സനാതനന്‍
വളരെ സന്തോഷം.


നിങ്ങളോടൊക്കെ നന്ദിപറയാനാവുന്നതിന്റെ
ആശ്വാസം മറച്ചുവെക്കാനാവില്ല.