Sunday, April 6, 2008

ഇരുട്ടിലായിരിക്കുമ്പോള്‍ തലപുകയുന്നത്....


നിന്റെതന്നെ
കാല്‍ച്ചുവട്ടിലേ-
യ്ക്കുരുകിവീഴുവാനെങ്കിലും,
തിരിയിടുമ്പോള്‍
തീയിടുമ്പോഴെന്തൊരു
ഗമയും ഗരിമയും.

നിന്റെയാ പരല്‍മീ-
ങ്കണ്ണില്‍ കുത്തി-
ച്ചിതറിയ
കമ്പിത്തിരികളില്‍
മുഖമറിഞ്ഞുരച്ചു
പൊട്ടിയ പടക്കങ്ങളില്‍
നീയുരുകി മടങ്ങവെ
ശ്മശാനത്തില്‍
മഞ്ഞുകൊണ്ടു
ജപിച്ചുനില്പാന്‍
പുനര്‍നിര്‍മ്മിച്ചു
കൊണ്ടുപോയതായിരുന്നു
നിന്നെ……

ഞാനറിഞ്ഞു.

പണ്ടുപിന്നെ;
തേന്‍‌കൂടുടല്‍
കണ്ടെടുത്തതും
മേനിമൊത്തം
തേനിറ്റുകിനിഞ്ഞു
നീ നിന്നതും
പിഴിഞ്ഞുപിഴിഞ്ഞു
ചണ്ടിയായ്
മറ്റൊരഴകോടെ
നിര്‍മ്മിച്ചതും
നിരത്തിവച്ചതും
പൂജിച്ചതും.

ആരു കണ്ടു
ശവംനാറിപ്പൂവുകള്‍
മൂടിനീ കിടക്കുമ്പോള്‍
നിന്റെ കര്‍മ്മത്തെ
പിറവിയെ
കരിഞ്ഞൊരു നാമ്പുപോലെ
കറുത്തടിഞ്ഞൊട്ടി
നാഭിയില്‍.

ഇരുട്ടിലെങ്കിലും
മറവിയെങ്കിലും;
എന്തെന്തു
മെഴുകുഗന്ധങ്ങള്‍!
നിന്റെ സുഗന്ധങ്ങള്‍.

9 comments:

ചിതല്‍ said...

നീയുരുകി മടങ്ങവെ
ശ്മശാനത്തില്‍
മഞ്ഞുകൊണ്ടു
ജപിച്ചുനില്പാന്‍
പുനര്‍നിര്‍മ്മിച്ചു
കൊണ്ടുപോയതായിരുന്നു
നിന്നെ……

വായിച്ചു.. ഇഷ്ടമായി...

Rare Rose said...

ഇരുട്ടില്‍ ശോഭയോടെ കത്തി,പിന്നെ പുകഞ്ഞുരുകി നീ സ്വന്തം കാല്‍ച്ചുവട്ടിലേക്കു തന്നെ വീഴുമ്പോഴും.., വീണ്ടൂം മരണം മണക്കുന്ന ശവം നാറിപ്പൂക്കള്‍ക്കായി പുനര്‍നിര്‍മ്മിക്കപ്പെടും.ഇരുട്ടില്‍ പുകയുന്ന ഈ ഗന്ധങ്ങളുടെ വ്യത്യസ്തത മനസ്സിലാവുന്നു..നന്നായിരിക്കുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു വരികള്‍, പ്രത്യേകിച്ച് അവസാന ഭാഗങ്ങള്‍

ശ്രീവല്ലഭന്‍. said...

നിന്റെയാ പരല്‍മീ-
ങ്കണ്ണില്‍ കുത്തി-
ച്ചിതറിയ
കമ്പിത്തിരികളില്‍
മുഖമറിഞ്ഞുരച്ചു
പൊട്ടിയ പടക്കങ്ങളില്‍
നീയുരുകി മടങ്ങവെ
ശ്മശാനത്തില്‍
മഞ്ഞുകൊണ്ടു
ജപിച്ചുനില്പാന്‍
പുനര്‍നിര്‍മ്മിച്ചു
കൊണ്ടുപോയതായിരുന്നു
നിന്നെ……

വളരെ നല്ല വരികള്‍ :-)

Teena C George said...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പൊട്ടക്കലത്തില്‍ എനിക്കിഷ്ടപ്പെട്ട ഒന്ന്. അഭിനന്ദനങ്ങള്‍...

പതിവു പോലെ വ്യത്യസ്ഥമായ ചിന്ത!!!

മറ്റുള്ളവര്‍ക്കു വേണ്ടി ഒരുകിത്തീരുന്ന മെഴുകുതിരികളെ പലയിടത്തും കണ്ടിട്ടുണ്ട്. പക്ഷെ ഇവിടെ മറ്റെന്തൊക്കെയോ... എന്നിട്ടൊടുവില്‍ ശ്മശാനത്തില്‍
മഞ്ഞുകൊണ്ടു
ജപിച്ചുനില്പാന്‍
പുനര്‍നിര്‍മ്മിച്ചു
കൊണ്ടുപോയതായിരുന്നു നിന്നെ


ആവിടെയും തീരുന്നില്ലാ...

ശവംനാറിപ്പൂവുകള്‍
മൂടിനീ കിടക്കുമ്പോള്‍
നിന്റെ കര്‍മ്മത്തെ
പിറവിയെ
കരിഞ്ഞൊരു നാമ്പുപോലെ
കറുത്തടിഞ്ഞൊട്ടി
നാഭിയില്‍.

മെഴുകുതിരിയുടെ ഈ അവസ്ഥ പലപ്പോഴും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ശ്മശാനത്തില്‍ വച്ചു തന്നെ...

ഭൂമിപുത്രി said...

സ്വയമുരുകുന്നവയെപ്പറ്റി
ഇത്രയും..
നല്ല പുതുമതോന്നുന്നു
വരികള്‍ക്ക് ജ്യോനവാ

Sanal Kumar Sasidharan said...

ഒരു മെഴുകുതിരി ജീവിതം
വളരെ നല്ല കവിത.എനിക്ക് ഈ ശൈലിയും പിടിച്ചുപോയി

നജൂസ്‌ said...

ഇവിടെ ആദ്യമായാണ്‌.
എഴുതിയ രീതി നന്നായിരിക്കുന്നു.
നല്ലോണം കവിതയുണ്ടല്ലോ..

വരാം

ജ്യോനവന്‍ said...

ചിതല്‍....;
വളരെ നന്ദി.

റോസ്...;
നേരത്തെ ഇറുത്തുവച്ച സന്തോഷവും ഇപ്പോള്‍ കുറിക്കുന്ന നന്ദിയും.

പ്രിയ...;
സന്തോഷം...നന്ദി.

ശ്രീവല്ലഭന്‍...;
ഉള്ളു നിറഞ്ഞ് നന്ദി

ടീന....;
ഒരു ചെറിയ ഇടവേളയ്ക്കുശേഷം നന്ദിപറയാനാവുന്നതിന്റെ
വലിയ സന്തോഷം.

ഭൂമിപുത്രി....;
വളരെ സന്തോഷം. മുന്‍പ് വിട്ടുപോയതും

സനാതനന്‍...;
എങ്ങനെ എത്ര അറിയില്ല മാഷ്,
എങ്കിലുമൊരു സന്തോഷം കുറിക്കുന്നു.

നജൂസ്...
ആദ്യമായി....!
എങ്കിലും നല്ല പരിചയംപോലെ.
ഇനിയും വരണേ....
ഞാനും.