Friday, April 11, 2008

ഒരു നിശാശലഭത്തിന്റെ ജീവിതകഥ


ഒറ്റച്ചിറക്
റ്റാറ്റൂ പോലെ മുഖത്ത്
ഒട്ടിക്കിടന്നതില്‍ നിന്നുമാണ്
ഉണര്‍ന്നത്.

ഒന്നു തടവിയപ്പോള്‍
തിരിച്ചറിവുകള്‍
തടിച്ചെഴുന്നേറ്റു.

രാത്രി മണ്ടയടച്ച തെങ്ങിനെയും
വെളിച്ചം പൊട്ടിപ്പോയ വഴിവിളക്കിനെയും
കരിന്തിരികത്തുന്ന ദരിദ്രശോഭയെയും
കടന്ന്
കിടക്കയില്‍
മഴവില്ലിനെക്കുറിച്ചുള്ള
എന്റെ സ്വപ്നത്തിലേയ്ക്ക്
വന്നുവീണതാവണം.

ഉറക്കം തിരിഞ്ഞുമറിഞ്ഞപ്പോള്‍
ഒട്ടിപ്പോ‍യതാണ്.
ഉണര്‍വുകള്‍ ചവിട്ടിയരച്ച
മറ്റേ ചിറകിനെ
കാലുകള്‍ മലര്‍ത്തിനോക്കി.

എന്റെയീ ദുരന്തത്തെ
വീക്ഷിക്കുമ്പോള്‍
പ്രാണഭയത്തോടെ
ഞെളിക്കുന്ന പുഴുവിനെ
വെറുപ്പോടെ അവരിനി
കണ്ടെത്തും!

14 comments:

ബാജി ഓടംവേലി said...

ആദ്യ കമന്റ് എന്റെ വക....
നന്നായിരിക്കുന്നു......

Sandeep PM said...

സ്വപ്നത്തിന്‌ ഇതും ഒരു നിര്‍വചനം.ജീവിതം വരെയും വേണമെങ്കില്‍ അതിനപ്പുറവും വലിച്ച്‌ നീട്ടാവുന്ന ഒന്ന്.

ഇതിഷ്ടപ്പെട്ടു ജ്യോനവന്‍...നന്ദി

പാമരന്‍ said...

ഉഗ്രന്‍.. മാഷെ..

പാമരന്‍ said...

ഉഗ്രന്‍.. മാഷെ..

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍!

ഗുപ്തന്‍ said...

മുഖത്തുനിന്ന് തുടച്ചെടുത്ത സ്വപ്നച്ചിറക് ജീവിതം ചവിട്ടിത്തേച്ച മറ്റേച്ചിറക്.. ബാക്കി പ്രാണഭയത്തോടെ ഞെളിക്കുന്ന പുഴു!

ഞെട്ടിച്ചുകളഞ്ഞു!!!

നിലാവര്‍ നിസ said...

നോവിച്ചു...

Teena C George said...

അറിഞ്ഞും അറിയാതെയും ചവിട്ടിയരയ്ക്കപ്പെടുന്ന സ്വപ്നങ്ങളും, അവ ബാക്കിവെയ്ക്കുന്ന ദുരന്തങ്ങളും...

പൊട്ടക്കലത്തിലെ ഈ വിരുന്നും നന്നായിരിക്കുന്നു...

അഭിനന്ദനങ്ങള്‍...

ശ്രീവല്ലഭന്‍. said...

വളരെ നല്ല കവിത. ഇഷ്ടപ്പെട്ടു. :-)

Unknown said...

നല്ല കവിത.. വായിച്ചു കഴിഞ്ഞപ്പൊള്‍ ഇത്തിരി നൊമ്പരം ബാക്കിയായി

ഭൂമിപുത്രി said...

ആകാശവുമില്ല
ഭൂമിയുമില്ല
പുഴുവിനിനി
ഇടയിലീ
പിടയല്‍മാത്രം-
ക്രൂരമായ് ജ്യോനവാ

ചിതല്‍ said...

വായിച്ചു. എത്ര സുന്ദരമായി പറഞ്ഞിരിക്കുന്നു. ഉഗ്രന്‍. ചിലരുടെ ജീവിതങ്ങളും ഇങ്ങനെയാണ്. സ്വപ്നങ്ങള്‍ കാണാന്‍ ശ്രമിക്കുന്നവര്‍ക്കും നഷ്ടപെടല്‍ മാത്രമേ ബാക്കുയുള്ളു,,

ജ്യോനവന്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

ബാജി....
ആദ്യത്തെ കമന്റിന്
ഒത്തിരി നന്ദി
സ്നേഹം.

ദീപൂ....
ജീവിതമില്ലാതെ എന്തു സ്വപ്നമെന്നും സ്വപ്നമില്ലാതെ
എന്തു ജീവിതമെന്നും.....
നന്ദി താങ്കളുടെ നല്ല കാഴ്ച്ചകള്‍ക്ക്

പാമരന്‍.....
നന്ദി മാഷേ :)

വാല്‍മീകി.....
നന്ദി.

ഗുപ്തന്‍......
പുഴുവിനെ അറിഞ്ഞൊന്ന് ഗൗനിച്ചതിന്
വളരെ നന്ദി.

നിസ....
ഒറ്റവാക്കില്‍ കവിതയുടെ നോവേറ്റെടുത്തു അല്ലേ.
ഭാരമല്പം കുറഞ്ഞ ആശ്വാസം.

ടീന......
പൊട്ടക്കലമായിരുന്നിട്ടും
വിരുന്നുണ്ണാന്‍ വന്നതിനും ഇങ്ങനെയൊരു
വായന പങ്കുവച്ചതനും ഒത്തിരി സന്തോഷം.

ശ്രീവല്ലഭന്‍....
വളരെയധികം നന്ദി മാഷ്,.

പുടയൂര്‍
കവിതയുടെ, എന്റെ വേദനകളോട്
ചേര്‍ന്ന് നിന്നതിന്
നന്ദി.

ഭൂമിപുത്രി....
പിടഞ്ഞുകൊണ്ടുതന്നെ 'അതിക്രൂര'മായൊരു നന്ദികൂടി!
:)

ചിതല്‍
വളരെയധികം നന്ദി
:)‌

SBTVD....
thanks