Monday, June 16, 2008

മോതിരങ്ങളുടെ കവിയരങ്ങില്‍ നിന്നും.


(1)
“നുഴഞ്ഞു കയറി
ഉള്ളില്‍ നിറഞ്ഞ്
തിക്കുമുട്ടിച്ച്
അവനെന്നെ തളച്ചിട്ടു.
അവിടെയോ
പരിഹസിക്കുന്ന
പുല്ലുകള്‍!”

(2)
“തങ്ക‌ക്കുടമായിരുന്നു
അവനു ഞാന്‍,
ചുംബിച്ചിരുന്നു.
ജീവിതമങ്ങനെ
കഴിഞ്ഞുകൂടുമ്പോള്‍
പലരും ചുംബിക്കുന്ന
പരിപാവനതയിലേയ്ക്ക്
ഉടലോടെ മോക്ഷം കിട്ടി.
ആള്‍ദൈവത്തിന്റെ കൈകളില്‍
വേശ്യാവൃത്തി!”

(3)
“ജീവിതപ്രതിസന്ധി
ഒരു കടന്നുകയറ്റക്കാരനാണ്.
ആദ്യം മൂര്‍ച്ചയുള്ളൊരായുധം പോലെ
ഭയപ്പെടുത്തുന്നു.
പാ‍റപോലെ ഉറച്ച
യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്ന്,
ക്ലേശത്തിന്റെ
നീണ്ട മരുഭൂമി താണ്ടി,
മടുപ്പിന്റെ
പുല്‍‌പരപ്പിലാണ്
തലചായ്ക്കുക.
മുന്നിലേയ്ക്കു നോക്കുമ്പോള്‍
പ്രതീക്ഷയില്ല.
ഒരിക്കലുമത് മറികടക്കാനാവില്ല.
കിടന്നിടത്തുതന്നെ
ജീവിതം ഒടുങ്ങിപ്പോകും.

(4)
“ഒരു ദിവസം അവരെന്നെ ആ
ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
നിങ്ങളവിടെ പോകുമ്പോള്‍
എന്റെ ശേഷിപ്പുകള്‍
കണ്ടറിഞ്ഞെങ്കില്‍ ഓര്‍ക്കുമോ?
കാലമേറെ കിടന്നുകൊടുത്തിന്റെ
അടയാളമാണ്.
അതും മാഞ്ഞുതുടങ്ങുമ്പോള്‍
തട്ടിക്കൂട്ടിയവരോ
തട്ടിക്കൊണ്ടുപോയവരോ
നിങ്ങളോ ഓര്‍ത്തെന്നു വരില്ല”

(5)
“എല്ലായിടത്തും ഉരുണ്ടുകളിക്കുന്നവരെയും
എല്ലാത്തില്‍ നിന്നും ഊരിപ്പോരുന്നവരെയും
നിങ്ങളെപ്പോഴും സൂക്ഷിക്കുന്നു!”

(6)
“എന്റെ കഥ
നിങ്ങളുടേതുപോലെയല്ല.
എന്റെ കവിത നിങ്ങളുടേതുപോലെയാവില്ല.
ഞാന്‍ എന്റെ ഭൂമികയില്‍ നിന്നും
മുറിച്ചുമാറ്റപ്പെട്ടവനാണ്.
എന്റെ ഭാഗ്യം കൊണ്ടാണ്
അവിടെ നിലം അഭിവൃദ്ധിപ്പെട്ടത്.
ഞാന്‍ നിലയുറച്ചു വരുകയായിരുന്നു.
അസൂയാലുക്കള്‍;
ആദ്യമവരുടെ പക്ഷം വലിച്ചടുപ്പിക്കാന്‍ നോക്കി.
വഴങ്ങാതെവന്നപ്പോള്‍ സോപ്പിട്ടു.
ഞാനിളകിയില്ല.
എന്റെ രാജ്യത്തുനിന്നും
എന്നെ പറിച്ചുമാറ്റാനോ?
ഞാനിങ്ങനെ കവിയാകുന്നതിനു മുന്‍പാണ്.
ആയുധമുള്ളവര്‍ക്ക് ഇക്കാലത്ത്
എന്തും സാധ്യമാണ് ”

13 comments:

ജ്യോനവന്‍ said...

നാം തമ്മിലുള്ള പ്രശ്നം
നമ്മുടെ പ്രശ്നത്തിന്റെ വലിപ്പം
ഒന്നാണെന്നതാണ്.
പരസ്പരം പ്രവേശനം
നിഷേധിക്കുന്ന ഒന്ന്!

Ranjith chemmad / ചെമ്മാടൻ said...

“എല്ലായിടത്തും ഉരുണ്ടുകളിക്കുന്നവരെയും
എല്ലാത്തില്‍ നിന്നും ഊരിപ്പോരുന്നവരെയും
നിങ്ങളെപ്പോഴും സൂക്ഷിക്കുന്നു!”

keep the fire...........

CHANTHU said...

വലിപ്പചെറുപ്പങ്ങളുടെ വ്യഥയേക്കാളധികം വലുപ്പം
ഒരു വലിപ്പത്തിലുള്ളവര്‍ക്കാണല്ലെ.
("എല്ലായിടത്തും ഉരുണ്ടുകളിക്കുന്നവരേയും
എല്ലാത്തില്‍ നിന്നും ഊരിപോരുന്നവരേയും
നിങ്ങളെപ്പോഴും സൂക്ഷിക്കുന്നു" ഇതെനിക്കിഷ്ടവരി)

നജൂസ്‌ said...

“നുഴഞ്ഞു കയറി
ഉള്ളില്‍ നിറഞ്ഞ്
തിക്കുമുട്ടിച്ച്
അവനെന്നെ തളച്ചിട്ടിട്ടു.
അവിടെയോ
പരിഹസിക്കുന്ന
പുല്ലുകള്‍!”

പൂര്‍ണ്ണമായൊരു അടിമത്തത്തിന്റെ ചുവന്ന വരികള്‍.

തണല്‍ said...

ഈശ്വരാ,
നീയിതെങ്ങോട്ടുള്ള പോക്കാ..?
കാലമേറെ കിടന്നുകൊടുത്തിന്റെ
അടയാളമെങ്കിലും ബാക്കിയാവുന്നല്ലോ..
മതി..അത്രമതി!

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായി. ചിന്തയുടെ വ്യാപ്തിയെക്കുറിച്ച് പറയാത്തിരിക്കാന്‍ വയ്യ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു വക്കുകളുടെ അര്‍ഥവ്യാപ്തി!

ഹാരിസ് said...

എന്താണെന്നറിയാത്ത എന്തോ ഒരു കല്ലിപ്പ്.അറിയാതെ കാല്‍‌വിരല്‍ കല്ലില്‍ തട്ടിയത് പോലെ.

പാമരന്‍ said...

ഹെന്തൊരു ചിന്തകളെന്‍റമ്മച്ചീ....

ഉള്ളില്‍ നുഴഞ്ഞു കയറി ശ്വാസം മുട്ടിക്കുന്ന ചിന്തകള്‍..

കാവ്യ said...

“നുഴഞ്ഞു കയറി
ഉള്ളില്‍ നിറഞ്ഞ്
തിക്കുമുട്ടിച്ച്
അവനെന്നെ തളച്ചിട്ടിട്ടു.
അവിടെയോ
പരിഹസിക്കുന്ന
പുല്ലുകള്‍!”

നന്നായിരിക്കുന്നു.

Teena C George said...

മികച്ച രചന, ജ്യോനവന്‍...

അഭിനന്ദനങ്ങള്‍...

ജ്യോനവന്‍ said...

രഞ്ജിത്ത്...
ചാരത്തിനുള്ളില്‍ ചെറിയൊരു
കനല്‍ മാത്രമായിരിക്കണം.
നിങ്ങള്‍ ഊതിയെടുക്കുന്നത്;
തീയെന്നെങ്കില്‍.....
സന്തോഷം എങ്ങനെ പറഞ്ഞറിയിക്കും.

ചന്തു...
"വലിപ്പചെറുപ്പങ്ങളുടെ വ്യഥയേക്കാളധികം വലുപ്പം
ഒരു വലിപ്പത്തിലുള്ളവര്‍ക്കാണല്ലെ."
അതൊരു സുന്ദരന്‍ നോട്ടമാണു കേട്ടോ.
വളരെ നന്ദി

നജൂസ്....
നിങ്ങളുടെ തീക്ഷ്ണമായ വായനയ്ക്ക്.
നന്ദി. സന്തോഷം

തണല്‍...
എന്താ പറയുക മാഷേ...
അത്രമതി.ഈശ്വരാ ഈ തണലിനെ
നഷ്ടപ്പെടുത്തരുതേയെന്ന്.....!
സന്തോഷം.

വാല്‍മീകി...
വളരെ സന്തോഷം അഭിപ്രായത്തിന്.

പ്രിയ....
ഒരുപാട് നന്ദികള്‍ എവിടെയൊക്കെയോ ബാക്കി.
അറിയാം. എല്ലാം കൂടി ചേര്‍ത്തെടുത്ത് ഒരു വലിയ നന്ദി!
:)

ഹാരീസ്.....
കമന്റുകൊണ്ട് നിങ്ങളിവിടെയും ഒരു കവിയായി.
ആ വേദന ഇവിടെ മറക്കുക.
:)

പാമരന്‍.....
ഹെന്തൊരു പാമരനെന്റമ്മച്ചീ...
എന്നെയിങ്ങനെ സന്തോഷം കൊണ്ട്
വീര്‍പ്പുമുട്ടിക്കുന്നു! :)

കാവ്യ....
വളരെ നന്ദി
വന്നതിന്, അഭിപ്രായത്തിന്

ടീന....
പൊട്ടക്കലത്തിന് എന്നുമൊരു
പരിഗണന തന്നിട്ടുണ്ട്. മറക്കില്ല.
സന്തോഷം.

Unknown said...

എന്തൊരു കവിതക്കള്‍ .എന്തൊരു കവിതക്കള്‍