Saturday, December 15, 2007

മഞ്ഞളിപ്പ്

അമ്മ കുളത്തിലേയ്ക്കു-
ചാടും മുന്‍‌പേ ഊരിവച്ച
പണ്ടങ്ങളില്‍
മോന്തിയോളം മങ്ങാതിരുന്ന
മഞ്ഞളിപ്പ് ഉണ്ടായിരുന്നു.

കൊതുകിനോടുള്ള
കാലിന്റെ പിടച്ചിലും
കാതിലെ
കാറിപ്പൊരിക്കലും
തവളയുടെ പേക്രോമും
കോരിവച്ച വെള്ളത്തില്‍
കുളിപ്പിച്ചെടുക്കുന്നതോടെ
തീരുന്നതായില്ല രാത്രികള്‍.

ഇരുട്ടില്‍ ഇടവഴിയിലൂടെ
ഞാന്‍ -
നൂണുകയറുമായിരുന്നത്രെ!
“ഒറ്റയടി”
പടിയടച്ച്
മുഖം മാന്തലോളം മൂകമായ്
മാറിനില്‍ക്കും.

ആശ്ലേഷപാകമായ്
ആടിയെത്തുന്ന കൈകളില്‍
ഒച്ചയുടെ
കുന്തിരിക്കപ്പുകയാവണം.
“എട കള്ളാ വാടാ
കൊച്ചു കള്ളനേ…”
“എനിച്ചിനി മേണ്ട
കുഞ്ഞുംവാവ കൂച്ചോട്ടെ”
പിന്നെയും വാരിയെടുത്തതോളം
മുകരുന്ന ലാളനയുടെ
പരിച്ഛേദങ്ങള്‍
മെനഞ്ഞെടുക്കാന്‍ കഴിയില്ല.

എന്നാല്‍;
പണ്ടങ്ങളില്‍നിന്നും
പണ്ടുകണ്ടവയില്‍നിന്നും
മാറ്റിവയ്ക്കപ്പെടേണ്ട
മഞ്ഞളിപ്പിനെക്കുറിച്ച്….
ഉഴുതുമറിച്ചിട്ട കൌമാരത്തിന്റെ
ഉദര്‍ക്കവിചാരങ്ങളും
നിരാസവും
കയറൂരിവിട്ട-
നോട്ടങ്ങളീല്‍ നിന്നും
പഠിച്ച് പഠിക്കാതെ
പെണ്ണുകാണലിന്റെ
ആദ്യ ബ്രേക്ക് പോയിന്റില്‍
സ്ഥാനാര്‍ത്ഥിയുടെ
നിറഞ്ഞുനില്‍ക്കുന്ന
സ്തൂപങ്ങളിലെയ്ക്ക്
ആഴമുള്ളൊരു വരയുണ്ടെന്ന്
മിഴികള്‍ ഷോക്ക്
ചികിത്സയേറ്റു നിന്നുപോയത്.
ഉടനടി വലിച്ചിട്ടുമറച്ച
വിചാരങ്ങളില്‍
വിധിയെഴുത്തോളം
അയ്യയ്യോ!
പയ്യന്‍, അറുവഷളന്‍.

അതിനകം തന്നെ
കിഴിഞ്ഞുനോട്ടത്തില്‍
ബിരുദാനന്തരബിരുദം
അടിച്ചുമാറ്റിയിരുന്നിട്ടും അമ്മ;
വേഷഭൂഷാദികളുടെ
ആശ്ചര്യജനകമായ
വേവലുകളെക്കുറിച്ച്
ചിന്തിച്ചിരിക്കില്ല.
പകരം
കണ്ണുണ്ടോ?
മൂക്കുണ്ടയോ?
മുനിഞ്ഞോ കുനിഞ്ഞോ
പിന്നില്‍നിന്നു കണ്ടാല്‍…..
നിനക്കെന്തു തോന്നി?
എനിക്കെന്തു തോന്നാന്‍
ശരിക്കൊന്നും കണ്ടില്ല
എല്ലാം മഞ്ഞയായി.

പിന്നെയും;
കണ്ടതിലും
പിന്നിലും മുന്നിലും
മീന്‍‌കാരിയിലും
സീനിലും
നൂറു ഡോളറിന്റെ
കെട്ടുനോട്ടുകണ്ടാല്‍ പോലും
അത്രകണ്ടു വരില്ല.

ചിലപ്പോള്‍
മുഖത്ത് ഒന്നുരണ്ടുതവണ
പൊന്നീച്ചപാറിയാല്‍
ഏതുമഞ്ഞയും മഞ്ഞാകുമെന്നും
ഉരുകുമെന്നും
നിങ്ങള്‍ പറഞ്ഞേക്കാം!

6 comments:

ഉപാസന | Upasana said...

One Long Poem.
But good one.
Keep it up bhai
:)
upaasana

ജ്യോനവന്‍ said...

നന്ദി ഉപാസന.....

ജ്യോനവന്‍ said...
This comment has been removed by the author.
സനാതനന്‍ said...

നന്നായിട്ടുണ്ട്.

(ഈ വേഡ് വെരിഫിക്കേഷന്‍ അത്യാവശ്യമാണോ}

..::വഴിപോക്കന്‍[Vazhipokkan] said...

‘നിനക്കെന്തു തോന്നി?
എനിക്കെന്തു തോന്നാന്‍
ശരിക്കൊന്നും കണ്ടില്ല
എല്ലാം മഞ്ഞയായി.‘

:)
പൊട്ടക്കലം, നന്നായിരിക്കുന്നു.
കുറച്ചു കൂടി വ്യക്തത വരികള്‍ക്ക് വേണ്ടേ?
തുടരുക,ഭാവുകങ്ങള്‍

ജ്യോനവന്‍ said...

സനാതനന്‍ മാഷേ...
നന്ദി
ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ചെറിയൊരു വലിയ തടസം സൃഷ്ടിക്കുമെന്ന് പഠിച്ചുവരണേയൊള്ളായിരുന്നു.
എന്തായാലും ഞാന്‍ തിരുത്തി.

വഴിപോക്കന്‍...
വന്നതിനും പൊട്ടക്കലം നന്നായെന്നു പറഞ്ഞതിനും
ഉപദേശം പോലൊരു ചോദ്യം തന്നതിനും നന്ദി.
എന്നാലാവുന്നതും ശ്രമിക്കാം, ശ്രദ്ധിക്കാം.
എന്നാലും, കുറച്ചുകൂടി വ്യക്തത കൂട്ടിയാല്‍ ഇപ്പോഴേ പൈങ്കിളിയായത്
വെറും ഇക്കിളിയായി മാറില്ലേ?
ശങ്ക......വെറും ശങ്ക.