Monday, March 10, 2008

പെയ്‌നോമീറ്റര്‍


അസ്ഥിയൊടിയുന്ന
വേദനയുടെയും
ചെവി കുത്തിക്കീറുന്ന
വേദനയുടെയും
തൂക്കുനോക്കി മതിവരാതെ
നാഭിക്കുഴിയില്‍
പഴുപ്പിച്ച നൂലിരുമ്പ്
പിരിച്ചുകയറ്റുന്നതില്‍
അധികമെന്ന് കുറിച്ചു.

മര്‍മ്മപ്പെടുത്തി, കെണിച്ച്
കണ്ണ് കുത്തിക്കിഴിച്ചതും
പല്ലുടച്ചതും, പട്ടികയില്‍
ഇടിച്ചു നില്‍‌‌ക്കുമെന്നായി
(ചുണ്ടെലിയുടെ മൂക്കറത്ത്
മുയലിന്റെ ചെവിയറത്ത്
നായുടെ വരിയുടച്ച്)
അടിമയുടെ തല
തിളച്ചയെണ്ണയില്‍ മുക്കി
കനപ്പെട്ട്;
പരീക്ഷണ‌ത്വര
പിരിയിളകിയ നോവിന്റെ
അളവുകുറിക്കല്‍ യന്ത്രം
അവളുടെ
ഹൃദയമിടിപ്പുകളോട്
ചേര്‍ത്തുവച്ചപ്പോള്‍
കത്തിപ്പോയി!

നിങ്ങളുടെ പക്ഷം
അവള്‍ക്കൊരു വിളി
സ്വന്തമായുണ്ട്………

14 comments:

Pramod.KM said...

മര്‍മ്മപ്പെടുത്തുക എന്നാലെന്താണ്?:)

ജ്യോനവന്‍ said...

അയ്യോ! മര്‍മ്മത്തില്‍ കൊണ്ടു ചോദ്യം.
അങ്ങനെ, മര്‍മ്മത്തില്‍ കെണിക്കുകയെന്നേ അര്‍ത്ഥമാക്കിയുള്ളു.
:)

നജൂസ്‌ said...

നല്ല കവിത

ശ്രീവല്ലഭന്‍. said...

ജ്യോനവന്‍,
ഇഷ്ടപ്പെട്ടു കവിത. :-)

Teena C George said...

മുഴുവനായും മനസ്സിലായില്ലാ ജ്യോനവന്‍...

ഏതു “പെയ്നോമീറ്റര്‍” വച്ച് അളന്നാലും, ഹൃദയത്തിനുണ്ടാകുന്ന വേദനയുടെ അത്ര വരില്ലാ, ശാരീരിക വേദനകള്‍... അതും, പ്രത്യേകിച്ച്, ഹൃദയം അവളുടേതാവുമ്പോള്‍!

(എങ്കിലും, അവന്റെ ഹൃദയത്തോട് ചേര്‍ത്തൊന്നു വച്ചുനോക്കാമായിരുന്നു, ആ യന്ത്രം... വെറുതെ ഒരു പരീക്ഷണത്വര!)

ഭൂമിപുത്രി said...

പെയ്നോമീറ്റര്‍-അതൊരോരുത്തരെയും വ്യതസ്ഥമായല്ലേ അളക്കുക?
(പോലീസ്സ്റ്റേഷനിലെ പീഠനമുറകള്‍ പോലെയുണ്ടല്ലൊ..)

ഗുപ്തന്‍ said...

നിങ്ങളുടെ പക്ഷം
അവള്‍ക്കൊരു വിളി
സ്വന്തമായുണ്ട്....

അതാണ്!!

പക്ഷെ നിലവിളിയുടെ ഉള്‍നോവിനെപ്പോലും വ്യഭിചരിക്കുന്ന ചിലരും ചിലതും ഉണ്ട്. എഴുതേണ്ടി വരും എന്നെങ്കിലും :( ഐ ഹേറ്റ് റൈറ്റിംഗ് എബൌട്ട് ഇറ്റ്!

********
ആ പല്ലി ഞാന്‍ ഇന്നേ കണ്ടൂള്ളൂ; ക്ഷമ. അവിടെ കുറിപ്പിട്ടു.

ശ്രീ said...

ഹൃദയവേദന അളക്കാന്‍ അതൊന്നും പോര അല്ലേ മാഷേ.
:)

Sandeep PM said...

പക്ഷെ നിലവിളിയുടെ ഉള്‍നോവിനെപ്പോലും വ്യഭിചരിക്കുന്ന ചിലരും ചിലതും ഉണ്ട്. എഴുതേണ്ടി വരും എന്നെങ്കിലും :( ഐ ഹേറ്റ് റൈറ്റിംഗ് എബൌട്ട് ഇറ്റ്!

ഗുപ്തരെ ,വളരെ ശരിയാണ് ... :)

ജ്യോനവന്‍
ആരുടെതായാലും വേദനയുടെ ആഴം കണ്ടുപിടിക്കാന്‍ കഴിയില്ല.
അവളുടെ അവന്റെ എന്നതൊക്കെ ആപേക്ഷികം...

o.t
are we supposed to romanticize pain? :D

സജീവ് കടവനാട് said...

പെയ്നോമീറ്റര്‍ വാങ്ങുമ്പോള്‍ സാന്ത്വനോമീറ്റര്‍ ഫ്രീയുണ്ടായിരുന്നു. നിരസിച്ചതല്ലേ. ഇപ്പൊ കാശുപോയതു മിച്ചം.

:)

ശോ, ഞാനെന്തൊരു ദുഷ്ടന്‍.

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

sree said...

നിലവിളിച്ചുപോയി!!

ജ്യോനവന്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

പ്രമോദ്
ഒരിക്കല്‍കൂടി മര്‍മ്മം ചികഞ്ഞെടുത്തു കുത്തി.:)
നന്ദി.

നജൂസ്
നന്ദി.....സന്തോഷം.

ശ്രീവല്ലഭന്‍
സന്തോഷവും നന്ദിയും

ടീന
അവന്റെ ഹൃദയത്തോട് അങ്ങനെ ചേര്‍ക്കാന്‍ വരട്ടെ;
കേള്‍ക്കൂ.....

ഭൂമിപുത്രി എതിര്‍ചോദ്യമാക്കിയതില്‍ ഒളിഞ്ഞ്
ഗുപ്തന്‍ വിശദീകരിക്കാതെ പറഞ്ഞതില്‍ തെളിഞ്ഞ്
ശ്രീ കണ്ടുപിടിച്ചതില്‍ മിണ്ടാതെ,
'അവള്‍' എന്നതിനെ മറ്റൊന്നിനും അളക്കാനാവാത്ത
നിന്റെ/അവന്റെ വേദനയായി കെണിച്ചിട്ടതായിരുന്നു.
അതുതന്നെ!
"നിങ്ങളുടെ പക്ഷം
അവള്‍ക്കൊരു വിളി
സ്വന്തമായുണ്ട്………"‍

ദീപൂ
താങ്കള്‍ പറഞ്ഞതുതന്നെ
'അവള്‍' എന്നത് അവന്റെ, അവളുടെ ആപേക്ഷികമായ ആ അതുതന്നെ.
:)
അഭിപ്രായത്തിന് ഒരുപാടു നന്ദി.

എന്നാല്‍, കിനാവിന് സാന്ത്വനോമീറ്റര്‍ ഫ്രീയായി
കിട്ടിയപ്പോള്‍ കവിത മറ്റെന്തോ അലോചിച്ച് തെല്ലിട നിന്നു.
:)
പിന്നെ പരിഭവം കൂടാതെ "ദുഷ്ടാ" എന്നു വിളിച്ചു.
പിന്നെയും ചിരിച്ചു.
ഒരു നന്ദിയും പറഞ്ഞു.

sree
താങ്കള്‍ നിലവിളിച്ചതില്‍ കവിത അതിന്റെ സ്വത്വത്തെ അറിയാതെ ഉറപ്പിച്ചു.
വന്നതിനു നന്ദി.

വീണ്ടും........
ഭൂമിപുത്രി; നന്ദിപറയാന്‍ മറന്നതല്ല. അറിയിക്കുന്നു.
ടീന; താങ്കളോടും. കവിതയോട് ഉള്ളുതുറന്നാണ് നിങ്ങളൊക്കെ വായിക്കുന്നതെന്നത്
ഏറെ ഹാപ്പിയാക്കുന്നു.
ശ്രീ നന്ദി.

ഗുപ്തന്‍; വെറുക്കപ്പെടുന്നതിന്റെയും വെറുക്കുന്നതിന്റെയും എഴുത്തെടുപ്പുകള്‍വരെ
ഒരു കലയാണ്. താങ്കള്‍ക്കതിനു സാധിക്കട്ടെ.
(അവിടെപ്പറഞ്ഞ സന്തോഷവും ഇവിടെപ്പറഞ്ഞ ക്ഷമയും താങ്കളോടും ഞാനുമെന്ന് മാറിമറിയുന്നു.)
:)
വലിയ നന്ദി.


വയനാടന്‍......
കൂട്ടുകാരാ, വരാം തീര്‍ച്ചയായും വരാം.
പിന്നൊരിക്കല്‍.
താങ്കള്‍ എഴുതി തകര്‍ക്കുക.
ആശംസകള്‍.