Friday, May 16, 2008

അശ്ലീല കവിതകള്‍: അഞ്ചെണ്ണം.


കമിതാ‍ക്കള്‍
ഒരു ഗ്ലാസ്സ് പച്ചവെള്ളത്തില്‍
വെറും മട്ടായി അഭിനയിച്ചു-
ഒട്ടുനേരം പഞ്ചസാര.
മട്ടുമാറി കലരാന്‍ തുടങ്ങിയപ്പോള്‍
പച്ചവെള്ളവും അഭിനയിച്ചു.
എനിക്കു നിന്നോട് പെരുത്ത് പ്രേമമെന്ന്.

കാടിന്റെ കാമം
തുണ്ടുമാത്രം കണ്ടുകണ്ട്
ഒരുനാള്‍ പച്ചിലകള്‍ക്കിടയിലൂടെ
മൊത്താകാശം കാണാന്‍ പോയി
തുണ്ടുതുണ്ടായി മടങ്ങിവന്നു.

യക്ഷിക്ക്
വെറ്റില കയ്യിലെടുത്തതി-
ന്നൊത്ത നടുക്കവന്‍
പെരുവിരല്‍ കൊണ്ട്
നൂറുതേച്ചു!

നാല്‍ക്കാലി
ഉരസിനോക്കി
പൊക്കിനോക്കി
ആട്ടിനോക്കി
നിര്‍ത്തി നോക്കി
ശേഷം പിന്നെയും
ചിന്തേരിട്ടു.
ഓരോരോ കാലുകള്‍!

ഒലക്കേടെ മൂട്
ഉരലിനു കിട്ടേണ്ട
രതിസുഖത്തിനിടയില്‍ കയറി
പൊടിഞ്ഞുതീരുന്ന അരിമണികളെ
എന്തു വിളിക്കും?


30 comments:

ജ്യോനവന്‍ said...

നിങ്ങളിത് വായിച്ചിട്ടില്ലെന്നും
ഞാനിത് എഴുതിയിട്ടില്ലെന്നും ഉറപ്പുവരുത്തുക.

Sanal Kumar Sasidharan said...

ഞാനിതുവായിച്ചിട്ടില്ലെങ്കിലും.നിങ്ങള്‍ ഇതെഴുതിയിട്ടില്ലെന്ന് പറയില്ല.ഞാന്‍ പറഞ്ഞാലും അങ്ങനെ ആവാത്തവിധം വ്യത്യസ്തമാണിത്.
അഭിനന്ദനം.

ഫസല്‍ ബിനാലി.. said...

'ഒലക്കേടെ മൂട്'

തുടരുക, ആശംസകളോടെ

മഴവില്ലും മയില്‍‌പീലിയും said...

അശ്ലീലം എന്നു പരഞ്ഞിട്ട് ഒന്നും കണ്ടില്ല..:)..ആശംസകള്‍.മാഷെ.നല്ല കവിതകള്‍

ഹാരിസ് said...
This comment has been removed by the author.
ഹാരിസ് said...

പടച്ചോനെ ഉരലിനും ഉലക്കക്കുമിടയില്‍ അരിമണികളോ..?

ആരെങ്കിലും ഒരാള്‍ ബീച്ചില്‍ ചാടിമറിഞ്ഞ് കുളിച്ചിരിക്കും..!
(കമന്റിലെങ്കിലും വേണ്ടെ അല്പം അശ്ലീലം...?)

May 16, 2008 6:55 AM

വിഷ്ണു പ്രസാദ് said...

കവിതകള്‍ ഇഷ്ടമായി.ആദ്യത്തെ രണ്ടെണ്ണം പ്രത്യേകിച്ചും.

ശ്രീലാല്‍ said...

പച്ചവെള്ളത്തിന്റെ പ്രേമം !

പാമരന്‍ said...

കലക്കന്‍ ജ്യോനവന്‍ജീ.. 'കാടിന്‍റെ കാമം' ആണേറ്റവും പിടിച്ചത്..

Anonymous said...

പാഞ്ചാലി നന്നായി

സജീവ് കടവനാട് said...

കൊതിപ്പിച്ചാളഞ്ഞു.

ശ്രീവല്ലഭന്‍. said...

പച്ചവെള്ളത്തിന്‍റെ അഭിനയം വളരെ ഇഷ്ടപ്പെട്ടു. ഒലക്കേടെ മൂടും :-)

ധ്വനി | Dhwani said...

കാടിന്റെ കാമം കൂടുതലിഷ്ടമായി

താങ്കളിതെഴുതി... ഞാന്‍ വായിച്ചും പോയി.. അതു നാട്ടുകാരറിയ്യേം ചെയ്തു.. :D

കാപ്പിലാന്‍ said...

എല്ലാ കവിതകളും നന്നായിരിക്കുന്നു ,
ഞാന്‍ ഇത് വായിച്ചിട്ടും ഇല്ല.ഞാന്‍ ഇവിടെ വന്നിട്ടും ഇല്ല

നജൂസ്‌ said...

കമിതാ‍ക്കള്‍
ഒരു ഗ്ലാസ്സ് പച്ചവെള്ളത്തില്‍
വെറും മട്ടായി അഭിനയിച്ചു-
ഒട്ടുനേരം പഞ്ചസാര.
മട്ടുമാറി കലരാന്‍ തുടങ്ങിയപ്പോള്‍
പച്ചവെള്ളവും അഭിനയിച്ചു.
എനിക്കു നിന്നോട് പെരുത്ത് പ്രേമമെന്ന്.

ജ്യോനവന്‍ ന്റെ കവിതകളില്‍ ഏറ്റവും നന്നായ കവിത ഇതാണന്ന്‌ പറഞ്ഞാല്‍ അത്‌ തീര്‍ത്തും വ്യക്തിപരമാണ്‌. വളരെ നന്നായിരിക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

ഉരസിനോക്കി
പൊക്കിനോക്കി
"ആട്ടിനോക്കി
നിര്‍ത്തി നോക്കി
ശേഷം പിന്നെയും
ചിന്തേരിട്ടു.
ഓരോരോ കാലുകള്‍!"


(ഇപ്പോള്‍ ഒരു Injection ല്‍ എല്ലാം ഒതുങ്ങുന്നു.)

വളരെ ആസ്വാദ്യകരമായി
എല്ലാ കവിതകളും

ജ്യോനവന്‍ said...

സനാതനന്‍, ഫസല്‍, കാണാമറയത്ത്, ഹാരിസ്, വിഷ്ണുമാഷ്, ശ്രീലാല്‍, പാമരന്‍, ഡിങ്കന്‍, കിനാവ്, ശ്രീവല്ലഭന്‍, ധ്വനി, കാപ്പിലാന്‍, നജൂസ്, രഞ്ജിത്ത്..........
എല്ലാവരോടും സന്തോഷം, നന്ദി
:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു!

sree said...

ശ്ലീലമോ അശ്ലീലമോ....അസ്സലു കവിതകള്‍.

ഓഫ് (ഇവിടേം ;) ഈ പ്രേമവും അശ്ലീലമാണോ? അഞ്ചെണ്ണത്തില്‍ ഒതുക്കിയതിന്റെ ചരിത്രപരമായ സൂചനകള്‍ അന്വേഷിച്ചു പോയി എനിക്കു വട്ടായി...

ബഷീർ said...

ഞാന്‍ വന്നില്ല.. വായിച്ചുമില്ല..
പക്ഷെ .. ഇഷ്ടായി..

ജ്യോനവന്‍ said...

സഗീര്‍ , ബഷീര്‍ വളരെ നന്ദി.

ശ്രീ...
പ്രേമം അശ്ലീലമാകുമോ! ഹേ. അതിനുപിന്നില്‍ ഒരഭിനയം; അതിനെക്കുറിച്ച്....
അല്ല ഈ ചരിത്രപരമായ സൂചന എന്നൊക്കെപ്പറഞ്ഞ് കൊതിപ്പിച്ചിട്ട്.......
:)
കവിതകള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ഭൂമിപുത്രി said...

ഓരോ കവിതയുടെയും പുറകില്‍
കവി മാറിനിന്ന് ചിരിയ്ക്കുന്നത് കാണാം.
അശ്ലീലം ഇങ്ങിനെയാണെങ്കില്‍
എനിയ്ക്കും ഇഷ്ട്ടപ്പെടും :)

Pramod.KM said...

അഞ്ചു കവിതകളും ഒപ്പത്തിനൊപ്പം അശ്ലീലം. ഗംഭീരം.:)

prathap joseph said...

തലക്കെട്ടുകള്‍ കവിതകളെ വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്/ വായനയെ അലോസരപ്പെടുത്തുന്നുണ്ട്.അശ്ലീലം എന്നതു കവിയുടെ ബോധ്യമോ കുറ്റസമ്മതമോ. എന്തായാലും കവിതകള്‍ ഭീകരം

അനിലൻ said...

അങ്ങനെ ഉറപ്പു വരുത്തല്ലേ!
ഞാനിതു വായിച്ചു.

എല്ലാം നല്ല കവിതകള്‍

Teena C George said...

അശ്ലിലം എന്ന തലക്കെട്ടു വേണ്ടീയിരുന്നില്ല എന്നു തോന്നുന്നു...
ശ്ലീലാശ്ലീലങ്ങള്‍ വായനക്കാര്‍ തന്നെ വേര്‍തിരിച്ചെടുക്കുന്നതായിരുന്നു കൂടുതല്‍ ഉചിതം...

ജ്യോനവന്‍ said...

ഭൂമിപുത്രി
നന്ദി. എന്റെ ചിരി :)

പ്രമോദ്.......
:) സന്തോഷം

വിമതം....
ബോധ്യമുള്ളത് തുറന്നെഴുതുന്നതോ എഴുതാതിരിക്കുന്നതോ
കുറ്റമെന്ന് തിരിച്ചറിവായിട്ടില്ല.
കര്‍ക്കശമായ നോട്ടത്തിനും വായനയ്ക്കും നന്ദി.

അനില്‍മാഷ്........
യ്യോ! ഉറപ്പിക്കാന്‍ വിടില്ലല്ലേ?!
ഒത്തിരി സന്തോഷം അഭിപ്രായത്തിന്.

ടീന.
ഒരു വാക്കിന്റെ പിടിവലികളെയൊക്കെ
മറികടന്നുകൊണ്ട് കവിതയെ കണ്ടെത്തുന്ന
വായനകള്‍. ശക്തമെന്ന് പറയണ്ടേ?.
വായിക്കുന്നവരുടെ കണ്ണിലൂടെ തെളിയാന്‍ വിടുമ്പോള്‍
കൈവരാവുന്ന നെഗറ്റീവ് സ്വഭാവം. ഒരു ചെറിയ സാധ്യത.
എന്നെ എഴുത്തുവേളയില്‍ വല്ലാതെ ഉടക്കിവലിച്ച
ഒരു തെറ്റ്. കുറ്റം!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എല്ലാം നല്ല കവിതകള്‍

aachi said...

ഇനിയും മനസ്സില്‍ തോന്നുന്നത്. തൂളികതുന്പിലൂടെ പുറത്തു വരട്ടെ.
സസ്നേഹം..
അഷ്റഫ്..

Harish said...

കമിതാ‍ക്കള്‍
ഒരു ഗ്ലാസ്സ് പച്ചവെള്ളത്തില്‍
വെറും മട്ടായി അഭിനയിച്ചു-
ഒട്ടുനേരം പഞ്ചസാര.
മട്ടുമാറി കലരാന്‍ തുടങ്ങിയപ്പോള്‍
പച്ചവെള്ളവും അഭിനയിച്ചു.
എനിക്കു നിന്നോട് പെരുത്ത് പ്രേമമെന്ന്


പോട്ടക്കലമേ ... കമിതാക്കള്‍ എന്ന കവിത അപാര സര്ഷ്ടിയാണ് . സംസയമില്ല.
അശ്ലീലം എന്നാ തലേക്കെട്ട് നല്‍കിയത് വായന കുടനാനെന്നു ആര്‍ക്കാനരിയാത്ത്തത്?