Monday, May 26, 2008

ഒരു പൂച്ചയുടെ ആത്മഗതത്തില്‍ നിന്നും കോപ്പിയടിച്ചത്


കണ്ണിറുകെയടച്ചില്ലെങ്കില്‍ ‍കൂരിരുട്ട്
പാലില്‍ വീണു കയിച്ചാലോ!

***** ***** ***** *****
കാട്ടില്‍ പുലിയെ
കണ്ട് പേടിച്ച്
കുന്തം വിഴുങ്ങി.
നാട്ടില്‍ എലിയോട്
തോറ്റ് നാണിച്ച്
കുന്തം വിഴുങ്ങി.
രണ്ടു കുന്തങ്ങളും
കണ്ടയുടനെ

കൊതികൊണ്ട് കെട്ടി.
ഇനിയെങ്ങനെയാണ്,
എന്നാണ്
ഒരു ധീരനായ,
നാണമില്ലാത്ത
കുന്തം പുറത്തു വരുക?!.

***** ***** ***** *****
രണ്ടുകാലില്‍ നിവര്‍ന്നുനിന്ന
ഉന്നതിയില്‍ നിന്നും
വീണപ്പോഴതാ നാലുകാലില്‍.
വെറും തിരിച്ചറിവിന്റെ
പ്രശ്നമായിരുന്നു ഞങ്ങള്‍ക്കിടയില്‍!

***** ***** ***** *****
മടുപ്പ് അനങ്ങാതെ
തറയില്‍ കിടന്നു.
വിശപ്പ് അടുപ്പിനു

ചുറ്റും‍മണം പിടിച്ചു.
കാമം തട്ടിന്‍‌പുറത്ത്
പതുങ്ങിനടന്നു.

എങ്ങുമെങ്ങും
നോക്കാതെ
ധ്യാനിച്ചിരുന്നിട്ടും
വല്ലാത്തൊരു കടിപിടി.

***** ***** ***** *****
എല്ലാം ഒറ്റ
വാക്കിലൊതുക്കാനായിരുന്നു
ദൈവത്തിന്റെ കല്പന
ഞാനാരാ മോന്‍!
ഞാനാ വാക്കിനെ
എല്ലാത്തിലും ഒതുക്കി!


19 comments:

ഫസല്‍ ബിനാലി.. said...

എല്ലാം ഒറ്റ
വാക്കിലൊതുക്കാനായിരുന്നു
ദൈവത്തിന്റെ കല്പന
ഞാനാരാ മോന്‍!
ഞാനാ വാക്കിനെ
എല്ലാത്തിലും ഒതുക്കി!

വളരെ നന്നായിട്ടുണ്ട്, ആശംസകള്‍

Pramod.KM said...

വല്ലാത്ത നിരീക്ഷണം തന്നെ.:)നിങ്ങളാരാ മോന്‍!നല്ല കവിത.

ശ്രീ said...

നന്നായിട്ടുണ്ട്, മാഷേ.
:)

Sanal Kumar Sasidharan said...

മ്യാവൂ ആണോ ആ വാക്ക്!

സാല്‍ജോҐsaljo said...

:)

പാമരന്‍ said...

"എല്ലാം ഒറ്റ
വാക്കിലൊതുക്കാനായിരുന്നു
ദൈവത്തിന്റെ കല്പന
ഞാനാരാ മോന്‍!
ഞാനാ വാക്കിനെ
എല്ലാത്തിലും ഒതുക്കി!"

"GOOD" .. :)

ഭൂമിപുത്രി said...

‘പൂച്ച!’
എല്ലാമായല്ലോ..
ആരാണാവോ ഇത്രയും അറ്ത്ഥങ്ങളതിന്‍ ചാറ്ത്തിക്കൊടുത്തത്.

രാജ് said...

ഒറ്റവാക്കിലെ മാർജ്ജാരചരിത്രം മുഴുവൻ ഉൾക്കൊള്ളിക്കുന്നതിന്റെ ചാതുര്യം ദൈവത്തിനും കവിക്കും മാത്രം.

നജൂസ്‌ said...

ഒറ്റവാക്കില്‍ "ഉഗ്രന്‍"

തറവാടി said...

നല്ല ചിന്തകള്‍ :)

sree said...

അതേതു വാക്കാ ജ്യോനവാ ആ ഒറ്റവാക്ക്?
ഇതു ശരിയായ കോപ്പിയടി തന്നെ!

Rare Rose said...

മാര്‍ജാരഭാവങ്ങളെല്ലാം അനായാസമായി ഒതുക്കിപ്പറഞ്ഞ വരികള്‍...അത്യുഗ്രന്‍ ജ്യോനവന്‍ ജീ.....:)

OAB/ഒഎബി said...

പൊട്ടക്കലം വീണ്ടും “പൊട്ടിച്ചേ’.

Jayasree Lakshmy Kumar said...

അസ്സലായിരിക്കുന്നു മാര്‍ജ്ജാരപുരാണം

സജീവ് കടവനാട് said...

“പൂച്ച....!”

Teena C George said...

കണ്ണിറുകെയടച്ചത് നന്നായി...
കഷ്ടപ്പെട്ട് കണ്ണടച്ച് സൃഷ്ടിച്ച കൂരിരുട്ട് കണ്ണില്‍ തന്നെയാണല്ലോ?
ഒറ്റ വാക്കിനെ എല്ലാത്തിലും ഒതുക്കിയത് ആരും കണ്ടില്ലാ!
എന്തായാലും കയിച്ചില്ലാ...

വെള്ളെഴുത്ത് said...

ഇരുട്ടു്, പാലില്‍ വീണു കയ്ക്കാതിരിക്കാനാണോ പൂച്ച കണ്ണടയ്ക്കുന്നത്? ഇരുട്ടു്, അടച്ച കണ്ണിനുള്ളില്‍ തന്നെയല്ലേ കുറുകുന്നതെന്ന് മറ്റൊരു കവി, ടീന.
രണ്ടും ശരിയാണല്ലോ.

ജ്യോനവന്‍ said...

ഫസല്‍ :-നന്ദി.
പ്രമോദ്:- സന്തോഷം.
ശ്രീ:- നന്ദി
സനാതനന്‍:- മ്യാവൂ പൂച്ച പറയുമ്പോള്‍, കോപ്പിയടിക്കപ്പെടുമ്പോള്‍! :)
സല്‍ജോ:-:)
പാമരന്‍:-റ്റായ്ങ്ക്യൂ :)
ഭൂമിപുത്രി:-പൂച്ച എല്ലാത്തിലും ഒതുങ്ങി.:)
രാജ്:-സന്തോഷം അഭിപ്രായത്തിന്,.
തറവാടി:- നന്ദി വന്നതിനും.
നജൂസ്:-ഒറ്റവാക്കിലൊതുക്കാനാവാതെ നന്ദി
sree:- ഒരാളെങ്കിലും അതു സമ്മതിച്ചല്ലോ!
റോസ്:-പൂച്ചയാരാ മോന്‍, ഇതുകൊണ്ടോന്നും ഒന്നുമായില്ല. നന്ദി.
OAB:-അപ്പോള്‍ കല്ലെറിഞ്ഞല്ലേ? പാവം പാവം പൊട്ടക്കലം.:)
ശ്രീവല്ലഭന്‍:-മാഷേ,,,,,,,:)
ലക്ഷ്മി:-സന്തോഷം.
കിനാവേ:-പൂച്ചസന്ന്യാസി! (പൂരിപ്പിച്ചു) മൂന്ന്, പാര! :)
ടീനാ:- മൊത്തത്തില്‍ കുഴപ്പിച്ചല്ലോ.:) അപ്പോള്‍ പാലില്‍ വീണല്ലേ, ഏത്?
ആ ഒറ്റവാക്കിനെ ഒതുക്കാന്‍ ഇനിയുമെത്ര സ്ഥലങ്ങള്‍!
കണ്ണടച്ചിരിക്കുമ്പോഴാണ് അകത്തുള്ളിരുട്ട് പുറത്തുള്ളിരുട്ട്
എന്ന പിടിവലി. എങ്കിലും കണ്ണിലൂടെ ഇറ്റുവീഴുന്ന ഇരുട്ട്. (ഞാന്‍ കണ്ടത്)
താന്‍ അകത്താക്കേണ്ട നന്മയിലേയ്ക്ക് തന്റെതന്നെ ഉള്ളിലെ തിന്മ
ഇറ്റിവീഴുമോയെന്ന ഭയം (ചിലപ്പോള്‍ ഒട്ടും ലോജിക്കില്ലാത്ത മിശ്രണത്തെയാവും നാം ഭയക്കുക)
കയ്പ് എന്ന്. കഷ്ടപ്പെട്ട് കണ്ണടച്ചാല്‍ മാത്രമല്ലല്ലോ അത്തരം ഇരുട്ടുകളുണ്ടാവുക. പാപബോധം എന്ന ഇറുകിയടയ്ക്കലാണ് പൂച്ചയില്‍നിന്നും പകര്‍ത്തിയപ്പോള്‍ ഞാന്‍ അനുഭവിച്ചത്.നന്ദി
വെള്ളെഴുത്ത്:-
രണ്ടും ശരിയാണ്. മേല്പറഞ്ഞതില്‍ മാഷിനുംകൂടി.....
നന്ദിയും. കോപ്പിയടിയെ മറന്നുപോകരുത്. വരുന്നുണ്ട്.
:)

ശ്രീലാല്‍ said...

മാര്‍ജ്ജാരചരിതം നാലാം ഖണ്ഡം - ഒരു വല്ലാത്തൊരു കടിപിടി തന്നെ. ആഡെഡ് റ്റു ഫേവറൈറ്റ്.