Wednesday, June 4, 2008

വെളിപാടുമുതല്‍ അഞ്ചു കവിതകള്‍

വെളിപാട്
മലര്‍ന്നുപറക്കാന്‍
തുടങ്ങിയതുകൊണ്ട്
പ്രപഞ്ചം
കീഴ്‌മേല്‍ മറിഞ്ഞെന്ന്
കാക്ക.
തൂങ്ങിയാടുന്ന മരങ്ങള്‍
തൂങ്ങിനടക്കുന്ന മനുഷ്യര്‍
തൂങ്ങിയോടുന്ന മൃഗങ്ങള്‍
തൂങ്ങിത്തൂങ്ങി വീടുകള്‍.
കാര്യങ്ങളെല്ലാം
തലതിരിഞ്ഞിടുമ്പോള്‍
ഭാവങ്ങളെല്ലാം തന്നിലും
അത്രകണ്ടുണ്ട് നഗ്നത!

കുഴലിന്റെ വിലാപം
പന്തീരാണ്ടുകൊല്ലം
നായുടെ വാലില്‍
കിടന്ന ഒരു കുഴല്‍
പരാജിതനായി
പുറത്തുവന്നു.
ചുളിഞ്ഞുപൊട്ടി
വളഞ്ഞുനിന്ന്
സങ്കടം പറഞ്ഞു.
പരീക്ഷകാ….
ആട്ടിയാട്ടിയും
ആസനമിരുത്തിയും
തുടയിലോട്ട് തിരുകിയും
അവഹേളിക്കുന്നിടത്ത്
ഇനിയൊരു കുഴലിനെയും
പറഞ്ഞയക്കരുത്.

ചൂലുകളെന്നോ?
അരയ്ക്കു താഴെയാണ് കെട്ട്;
ഒന്നു മുറുക്കി
നിലത്തിട്ടുകുത്തിയാല്‍
നല്ല പൂപോലെ ഇതളെടുത്ത്
വിരിഞ്ഞു നില്‍‌‌ക്കും.
മുറ്റത്ത് മുഖമുരച്ച്
ചപ്പുചവറിലൊക്കെ
വലിച്ചിഴയ്ക്കുമ്പോള്‍
ആരുമോര്‍ക്കില്ല;
കെട്ടിയതും മെരുക്കിയതും
ഒരു മുന്നൊരുക്കമായിരുന്നിട്ടും.

മേട്ടം
നിവര്‍ന്നുനിന്ന് നിന്നെയും
നിന്റെ വര്‍ഗ്ഗത്തെയും
തമ്മിലടിപ്പിച്ച്,
കുഴിയില്‍ ചാടിച്ച്
വിജയിച്ചവന്‍
നിന്നെ ആയുധമാക്കി
തോറ്റ് മടങ്ങിയിരിക്കുന്ന
പത്തിക്കുമേല്‍ ആക്രമിക്കും

പഴമയുടെ കണ്ണീര്‍
കേള്‍ക്കണോ…..
ഏതൊക്കെ അവന്മാരെ
ഏതൊക്കെ ദ്വാരത്തില്‍,
മനാരത്തില്‍ എങ്ങനെ
പിരിച്ചു കയറ്റിയതാന്നറിയാമോ…?
എന്നിട്ടൊരുനാള്‍ ചെല്ലുമ്പോള്‍
എല്ലാ അവനും വല്യ സ്റ്റാറായി!
ഞാനിരുന്ന് നക്ഷത്രമെണ്ണി!

16 comments:

CHANTHU said...

ഞാനിത്‌ രസകരമായി വായിച്ചു. ഒളിഞ്ഞിരിക്കുന്ന ഹാസ്യം, അതിനപ്പുറം ജീവിത നിരീക്ഷണം. ഇഷ്ടപ്പെട്ടു

ശ്രീ said...

നല്ല നിരീക്ഷണം മാഷേ. ആദ്യത്തെ രണ്ടെണ്ണം കൂടുതലിഷ്ടമായി.
:)

പാമരന്‍ said...

സൂപ്പര്‍! എല്ലാം ഒന്നിനൊന്നു മെച്ചം!

കാവലാന്‍ said...

'തൂങ്ങിയാടുന്ന മരങ്ങള്‍
തൂങ്ങിനടക്കുന്ന മനുഷ്യര്‍
തൂങ്ങിയോടുന്ന മൃഗങ്ങള്‍
തൂങ്ങിത്തൂങ്ങി വീടുകള്‍.'

കഷ്ടിച്ച് തൂങ്ങിയാടുന്നു എന്നാണു ശരീന്നു തോന്നുണു എപ്പഴാ പൊട്ടിവീഴണതാവോ

തണല്‍ said...

പരീക്ഷകാ….
ആട്ടിയാട്ടിയും
ആസനമിരുത്തിയും
തുടയിലോട്ട് തിരുകിയും
അവഹേളിക്കുന്നിടത്ത്
ഇനിയൊരു കുഴലിനെയും
പറഞ്ഞയക്കരുത്.
-ഇനി ഞാനെന്തു മൊഴിയാനാ..:)
നിരീക്ഷണപാടവം സമ്മതിക്കാതെ തരമില്ലാ ജ്യോനവാ!

Rare Rose said...

എന്റമ്മേ..,പറയാതെ വയ്യാട്ടോ..5കവിതകളും ഒന്നിനൊന്നു മെച്ചം...വരികള്‍ക്കിടയിലൂടെ വായിച്ചു പോവുമ്പോള്‍ തെളിഞ്ഞു വരുന്ന ചിന്തകള്‍ അത്ഭുതപ്പെടുത്തുന്നു..എല്ലാത്തിനേയും വ്യത്യസ്തമായി നോക്കിക്കാണാനുള്ള ഈ കഴിവിനു അഭിനന്ദനങ്ങള്‍...:)

നജൂസ്‌ said...

കാര്യങ്ങളെല്ലാം
തലതിരിഞ്ഞിടുമ്പോള്‍
ഭാവങ്ങളെല്ലാം തന്നിലും
അത്രകണ്ടുണ്ട് നഗ്നത!.......:)

വേണു venu said...

രസിച്ചു വായിച്ചു.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആസ്വാദനശക്തിയുള്ള കവിതകള്‍

ഫസല്‍ ബിനാലി.. said...

കുഴലിന്‍റെ വിലാപം ഏറെ ഇഷ്ടപ്പെട്ടു
എങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചം
ആശംസകള്‍ ജ്യോനവാ

GLPS VAKAYAD said...

ഈ കവിതകളേങ്ങനെയാണ് കുരുട്ട് കാഴ്ചകളാകുന്നത്
വാക്കുകളില്‍ വരികളില്‍ സഞ്ജയന്റെ നര്‍മ്മം ഒളിഞ്ഞിരുന്നു ചിരിക്കുമ്പോള്‍

Jayasree Lakshmy Kumar said...

എല്ലാം ഇഷ്ടമായി. കുഴലിന്റെ വിലാപം എടുത്തു പറയത്തക്കതായും

Sanal Kumar Sasidharan said...

എല്ലാം നല്ല കവിതകള്‍..കാക്കയുടെ വെളിപാടും കുഴലിന്റെ വെളിപാടും ഉജ്ജ്വലം

Unknown said...

മാഷേ.. പറയാതെ വയ്യ.. ഇഷ്ട്ടായി. ശെരിക്കും... ഇടക്കൊക്കെ കണ്ണ് നിറയുകയും ചെയ്തു...:)

Anonymous said...

നല്ല എഴുതാണല്ലോ, താങ്കളുടെത്.
എല്ലാ കവിതക്കൂട്ടുകളും ഇഷ്ടമാവുന്നു...
തുടരുക, ഭാവുകങ്ങള്‍...

ജ്യോനവന്‍ said...

ചന്തു,
ശ്രീ,
പാമരന്‍,
കാവലാന്‍,
തണല്‍,
റോസ്,
നജൂസ്,
വേണു മാഷ്,
പ്രിയ,
ഫസല്‍,
ദേവതീര്‍ത്ഥ,
ലക്ഷ്മി,
സനാതനന്‍,
മുരളിക,
തസ്കരവീരന്‍,
വളരെ സന്തോഷം.