Monday, December 10, 2007

ഗജപൂജ്യം



പൂജ്യത്തിന്റെ പ്രബലാടിത്തറയുടെ
പൂരണത്തില്‍
വൃത്താകാരതയുടെ
മൂര്‍ത്തതയില്‍
ആവിഷ്കാര സാകല്യത്തില്‍
എന്റെ പൂജ്യത്തിന്റെ
ആകമാന ദുഃഖം വിസ്തരിക്കട്ടെ,,,,

ഭ്രമണപഥം തെന്നിപ്പോയ ഗ്രഹം
ചിതറിയ ചിന്തകള്‍
ചെവികളില്‍നിന്നും
ഇരുതരമല്ലാത്ത വേഗങ്ങളോടെ
രണ്ടു സ്പോടകവിമാനങ്ങളായി.

കുട്ടിക്കണ്ണിലെ ഉള്‍കരച്ചില്‍
ടീച്ചര്‍ വനജ;
സാരിത്തുമ്പ്,
വലിച്ചിടണോ വേണ്ടയോ?
സന്ദേഹം.
കുട്ടി;
തേങ്ങല്‍, നിരാശ
എന്റെ പൂജ്യത്തെ
നൂറിനു മുതുകില്‍
ഇരുത്തുന്ന ചടങ്ങ്.

“ഒറ്റനിരപ്പലകമേലൊരു
കഴുതയെ
പട്ടുകോണകമുടുപ്പിച്ചിരുത്തി
കൂവിപ്പരത്തല്‍,
യാചകനെ പിടിച്ചടികെട്ടി
രാജപീഠത്തില്‍ പ്രതിഷ്ഠ!
ചുറ്റിനും പ്രമാണിമാ-
രാര്‍ത്തട്ടഹാസം”
(പിന്‍‌ബഞ്ചില്‍ രണ്ടുതടവു കൂവല്‍
മുന്‍‌ബഞ്ചില്‍ ഒരു തടവു പൂങ്കണ്ണീര്‍)

“പഞ്ചപാവമേ പൂജ്യമേ
കൂനിക്കൂടിയിരിക്കുക.
നിന്നെച്ചുമക്കുന്ന
നൂറൊരു സ്വര്‍ണരഥം.
അതിന്‍ പ്രതാപം
നിന്‍ നട്ടെല്ലു വളയ്ക്കട്ടെ.”

(ഉള്‍വിളി)
നൂറിന്റെ ജാതകദോഷങ്ങളെക്കുറിച്ച്;
ഒന്നിന്റെ ഒറ്റപ്പെടല്‍
രണ്ടുപൂജ്യങ്ങള്‍ ഒന്നിച്ചിരിക്കുന്നതിലെ
ശകുനപ്പിഴ!

“പൂജ്യമേ നോക്കുക
രഥചക്രം
നീയെന്നു-
നിരന്തരം പ്രയത്നിച്ചുമുരുണ്ടും
യാത്രയെല്ലാം നയിപ്പത്
നീതന്നെയെന്നും”

(ഉണര്‍വറ്റ ചിന്ത)
അടിമത്തങ്ങളുടെ സഞ്ചാരപഥങ്ങള്‍
നോക്കുക
നീ നിന്റെ നിഴലുകള്‍ കാണുന്നു
അല്ല പ്രതിരൂപങ്ങള്‍.

(നിര)
വിഷ്ണുവിന്റെ രണ്ട്
ശങ്കരൂന്റെ ആറ്
ആയിഷൂന്റെ എട്ട്
ഗോപൂന്റെ തൊണ്ണൂറ്റിയാറ്
എന്റെ പൂജ്യം(നോട്ടപ്പുള്ളി!)

(വഴിയരുകിലെ ഒന്നാമത്തെ ചന്തപ്പാട്ട്)
“ഒന്നിനെയൊന്നു ചുമക്കട്ടെ
പത്തിനെ പത്തു ചുമക്കട്ടെ
നൂറിനെ നൂറു ചുമക്കട്ടെ
ഞങ്ങള്‍ക്കെന്തൊരു തന്തോയം”

(വിലാപഗാനം)
“നിന്നെ നീ ചുമക്കെന്നു
ചൊല്ലുവാന്‍ കൂടി
ഒരു പാട്ടിന്നീരടിയില്ല.
നിന്റെ-
സ്വപ്നങ്ങളനന്തമോ?”

(വഴിയരുകിലെ രണ്ടാമത്തെ ചന്തപ്പാട്ട്)
“ആനമുട്ടേയാനമുട്ടേ
ആടുമുത്തേ ചാടുമുത്തേ”

(ബാലചിന്ത: ചാപല്യമോ?)
ആനയിട്ട മുട്ടയോ?
അല്ല, ആനയോളം വലിയ മുട്ട.
കോഴിമുട്ടയോളം പോലുമില്ലല്ലോ വലുപ്പം!
ഇനി ആണാനയുടെ;
അയ്യേ,,,,,,,!

ഉള്ളില്‍ നിലവിളിയില്ല
സങ്കീര്‍ണത;
ഒട്ടുമില്ല
നാം വീടുപൂകാറായ്
നിന്റെ കൂടി വീട്
നിനക്കു പേടിയുണ്ടോ?

(കാ‍ഴ്ച്ച)
അതാ പാളച്ചെവികള്‍
വിടര്‍ന്നാടുന്നു.
തരളിതമാര്‍ന്ന കൈകാലുകള്‍
കുഞ്ഞു കണ്ണുകള്‍.

(ആത്മഗതം)
അതെ;
നിന്റെ തോടിനുള്ളില്‍
നീയറിയാത്ത
നീയായിരുന്നു.
നിന്റെ
വള്ര്ന്നു വീണ
തുമ്പികൈ ഉയരട്ടെ.
വാതില്‍ തുറക്കുമ്പോള്‍
ആര്‍ത്തമായ് ചിന്നം വിളിക്കുക
രഥം ഇളകിമറിയട്ടെ!



കടപ്പാട്:-
പ്രശസ്തനായ ബ്ലോഗര്‍ ശ്രീ. വേണുവിന്റെ ‘പൂജ്യം’ എന്ന കഥയോടും അതിലെ കമന്റുകളോടും. കഥയെന്നെ കുട്ടിക്കാലത്തിലേയ്ക്കു കൊണ്ടുപോയി.
കമന്റുകള്‍ ഇങ്ങനെയും ചിന്തകളുണ്ടെന്ന് അതിശയിപ്പിച്ചു. അങ്ങനെ തോന്നിയ ചില വട്ടുകള്‍.
ഇതിവിടെ പ്രസിദ്ധപ്പെടുത്താന്‍ ധൈര്യംതരും വിധം ബ്ലൊഗിനെയും വിശേഷിച്ച് മലയാളം ബ്ലോഗിനെയും കണ്ടുപിടിച്ച എല്ലാ ശാസ്ത്രജ്ഞന്‍മാര്‍ക്കും വേണുവിലേയ്ക്ക് എന്നെയെത്തിച്ച ശ്രീമാന്‍ പുഴയില്ലത്ത് തൊരപ്പന്‍ അവര്‍കള്‍ക്കും എന്റെ എളിയ കൂപ്പുകൈ.

5 comments:

Sanal Kumar Sasidharan said...

നല്ല രചനാ ശൈലി.

സാക്ഷരന്‍ said...

കൊള്ളാം വളരെ നന്നായിരിക്കുന്നു

ഉപാസന || Upasana said...

കൊള്ളാം മാഷേ
:)
ഉപാസന

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

‍നല്ല രചന....കൊള്ളാം......തുടരുക.....

ജ്യോനവന്‍ said...

സനാതനന് മാഷേ.....
നിങ്ങളെപ്പോലെ വലിയൊരാള്
ഇവിടേയ്ക്ക് വീണ്ടും വന്നത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചു.
ഒപ്പം ഇത്തിരി ആശ്ചര്യപ്പെടുത്തി.

സാക്ഷരന്.... ഒരുപാടു നന്ദി.

ഉപാസന….വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

സഗീര്….ഒരു കവിയെക്കൂടി കാണാനായതില്‍ സന്തോഷം
നന്ദി