Monday, December 17, 2007

കടങ്കഥകള്‍ക്കു ശേഷം

കത്തി; തന്നോടുതന്നെ
വാതുവെച്ച്
ചില കടങ്കഥകള്‍ ചൊല്ലി.

കല്ലിലുരസി
തീ പാറിയില്ല
മനസു കാളി.

മാംസം ഭാഗിച്ചു
കണ്ടതറിഞ്ഞില്ല
ഉള്ളുനിറഞ്ഞു.

എല്ലുകള്‍ക്കുമേലെ
കുത്തിമറിഞ്ഞു.
ചുണ്ടു നനഞ്ഞില്ല
കണ്ണു നനഞ്ഞു.

അറഞ്ഞിട്ടതില്‍ ഒന്നും
അറിവുകേടില്‍ രണ്ടും
ഹൃദയത്തില്‍ മൂന്നും
ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഉത്തരം പറയാന്‍ കഴിയില്ല.
ഒരു കടമോ……
രണ്ടു കടമോ……
കുത്തിമലര്‍ത്തലോ……?!

ഇനിയെന്നാല്‍,
വായുവിനെ വകഞ്ഞ്
പരുക്കേല്‍പ്പിക്കാന്‍ പഠിക്കണം.
അങ്ങനെയെങ്കില്‍
ചുഴലിക്കാറ്റിനെ
ഭയപ്പെടേണ്ടതില്ല!

4 comments:

ഉപാസന || Upasana said...

ജ്യോനവന്‍

“അങ്ങനെയെങ്കില്‍
ചുഴലിക്കാറ്റിനെ
ഭയപ്പെടേണ്ടതില്ല!“
തന്നെ തന്നെ..!

കത്തിക്കവിത നന്നായി
:)
ഉപാസന

രാജന്‍ വെങ്ങര said...

ഇന്നെത്തി നോക്കി പോകുന്നു ,
ഞാനിതു വഴി വരാം
നുകരാം തരമ്പോലെ മറ്റൊരിക്കല്‍.

ദിലീപ് വിശ്വനാഥ് said...

ഇനിയെന്നാല്‍,
വായുവിനെ വകഞ്ഞ്
പരുക്കേല്‍പ്പിക്കാന്‍ പഠിക്കണം.
അങ്ങനെയെങ്കില്‍
ചുഴലിക്കാറ്റിനെ
ഭയപ്പെടേണ്ടതില്ല!

നല്ല വരികള്‍. ഇനിയും എഴുതുക.

ജ്യോനവന്‍ said...

ഉപാസന......
കത്തിയാ, എന്നാലും നന്നായെന്നു പറഞ്ഞല്ലോ.
നന്ദി!

രാജന്‍ മാഷേ
പിന്നെ വരണേ.
പിന്നെ;
ഇപ്പോള്‍ വന്നതിന്റെ നന്ദി.
ഇതാ......


വാല്‍മീകി
ഒരുപാടു നന്ദി.