Sunday, December 23, 2007

ചിറകുകള്‍

ഒരു പുഴയിലെ
മീനാകണമെന്നായിരുന്നു മോഹം.
കുറച്ചുനാള്‍ ഊളിയിട്ടതു
പഴക്കമായപ്പോള്‍
എല്ലാം കുറ്റമായി,
കുറവായി.
ഒഴുക്കിനെതിരെ പിടിച്ചുനിന്നപ്പോള്‍
തുടങ്ങിവച്ചതാണു ചിറകുകള്‍.
ഒരുനാള്‍ ചൂണ്ടയില്‍ കുരുങ്ങി
ഉയര്‍ന്നുചെന്നപ്പോള്‍
കണ്ട ആകാശം.
ചുണ്ടുപൊട്ടി
തിരിച്ചുകിട്ടിയ ജീവിതം
സങ്കടക്കയത്തിലെന്നോ
പോരായ്മയെന്നോ ശഠിച്ചു.
പിന്നെ കുതിച്ചുചാട്ടമായി.
തഴക്കം ചെന്ന ചാട്ടങ്ങള്‍
പറക്കലായി.
തുണ്ടായിരുന്ന ആകാശം
തുറസ്സായി.
ആകാശം പറന്നടക്കണ-
മെന്നായി പൂതി.
ചുഴലിക്കാറ്റടിച്ചപ്പോള്‍
കുഴഞ്ഞ്
ചുള്ളിക്കമ്പിലിടിച്ച്
പൊട്ടിത്തകര്‍ന്ന്
ചാണകക്കുഴിയില്‍ വീണു.
പുഴുവരിക്കാന്‍ കാത്തുകിടപ്പായി.
പുഴുക്കള്‍ വന്നേരം
ചോദ്യം;
എന്താണ് അന്ത്യവിചാരം,
മോഹം?
സ്വയമൊന്ന് ഉപമിക്കണം
മാത്രം! അതുമാത്രം?
ആവട്ടെ.
“രണ്ടഹങ്കാരികളാല്‍
തളയ്ക്കപ്പെട്ടവന്‍!”

8 comments:

Sathees Makkoth | Asha Revamma said...

ആഗ്രഹങ്ങള്‍ക്ക് ശമനമില്ലൊരിക്കലും.

രാജന്‍ വെങ്ങര said...

ആത്മാവിന്റെയും,ശരീരത്തിന്റെയും തടവില്‍ നിന്നു......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല്ലൊരു ആശയം

ഭാവുകങ്ങള്‍

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.

ഏ.ആര്‍. നജീം said...

ആഗ്രഹം സൃഷ്ടിയുടെ മാതാവ് എന്നല്ലെ നമ്മുടെ ബര്‍‌ണാഡ് ചേട്ടന്‍ പറഞ്ഞിരുന്നത്...

ജ്യോനവന്‍ said...

വന്നവര്‍ക്കും അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും
ഹൃദയംനിറഞ്ഞ നന്ദി.
കൂടാതെ ക്രിസ്മസ് ആശംസകളും.

ടി.പി.വിനോദ് said...

ഉപമക്ക് വേണ്ടിയുള്ള ആഗ്രഹം ...നല്ലൊരു കണ്ണാടിയാണ്...ഇഷ്ടമായി.

ജ്യോനവന്‍ said...

ലാപുട നിങ്ങളുടെ
വിലയേറിയ അഭിപ്രായത്തിന് നന്ദി.