Sunday, December 30, 2007

ഘടികാര ചിന്തകള്‍

ഘടികാരസൂചികള്‍
മുന്നോട്ടുള്ള
പ്രയാണത്തെയല്ല
മറിച്ച്;
കടന്നുവന്ന
വഴികളെയാണ്
കണക്കുകുറിക്കുന്നത്.

ഒരേ യുഗങ്ങള്‍
കറങ്ങിത്തിരിഞ്ഞിട്ടും
പോകേണ്ട വഴികള്‍
പരകോടിവട്ടം
കണ്ടുതീര്‍ത്തിട്ടും
കടമ്പകളെക്കുറിച്ച്
സ്വപ്നങ്ങള്‍ മാത്രം
അവയ്ക്ക്’
ബാക്കിയാവുന്നതെന്ത്?

അതെ,
വലത്തോട്ട് കറങ്ങുമ്പോഴും
ഇടത്തോട്ട് ചിന്തിക്കുകയാണ്
തരമ്പോലെ.***


(മനോഹരമായൊരു ചിന്ത
ആദ്യം കണ്ടെത്തിയത്
ഞാനായിരിക്കില്ല.
തീര്‍ച്ച!)

അതെ,
എന്റേതെന്ന് ഉറപ്പില്ല
മിനക്കെട്ടിരുന്നിട്ടും
നിന്റേതെന്ന്
ഓര്‍ത്തെടുക്കാനും
കഴിഞ്ഞില്ല.
കടമ്പകളൊരുപാട്
ഞാനും കടന്നു.
പലവട്ടം
പലവഴി
കറങ്ങിത്തിരിഞ്ഞു.
എന്നിട്ടുമൊരു
ഘടികാരസൂചിപോലെ
കൃത്യമായി ഒന്നുമങ്ങനെ
കുറിച്ചില്ല.
മറവിയല്ലാതെ.

(നോക്കൂ…
നിനക്കറിയാമെങ്കില്‍
പറയണം.
മറ്റൊന്നിനുമല്ല.
അടിയിലൊടുവില്‍
ഒരു കടപ്പാടെന്നു
കുറിക്കണം.)

എന്റെ ഘടികാരത്തില്‍
ഞാനേതു സൂചിയാണ്?
ചിലപ്പോള്‍,
കൊലുന്നനെ
നീണ്ടതാലാവണം.
മെലിഞ്ഞു
തൊലിഞ്ഞതാലാവണം.
ഓരോ നിമിഷവും
പ്രവര്‍ത്തിക്കുന്നെന്ന്
നിന്നിലേയ്ക്ക്
ഒരു തോന്നലിടാനാവുന്നത്.

മുന്‍പില്‍
അക്കങ്ങള്‍ പോലെയാണ്
കുണ്ടും കുഴിയും.
വലുതും ചെറുതുമാണ്.
എന്നാല്‍,
ക്രമരഹിതമാണ്.

ഞാനോടുന്നതുകൊണ്ടാണ്
നീയിഴയുന്നതെന്നും
മറ്റവന്‍
അനങ്ങാതിരുന്ന്
വലിയ കാര്യങ്ങള്‍
സാധിക്കുന്നതെന്നും
മറക്കാതിരിക്കുക.

ചേര്‍ത്തുവെക്കാനാവുന്നില്ലല്ലോ.
ഞാനഴിച്ചതാണ്.
ഞാന്‍ മാത്രമാണ്.
നിങ്ങളെയൊരു
ബിന്ദുവില്‍
സംയോജിപ്പിക്കേണ്ടപ്പോള്‍
ഞാനെവിടേയ്ക്കാണ്
തിരിയേണ്ടതെന്നും
ഞാന്‍,
നിങ്ങളിലാരാണെന്നും
മറന്നുപോയിരിക്കുന്നു.

(ദേ….
വെളുപ്പാന്‍ കാലത്തിരുന്ന്
ഒരു ഘടികാരത്തിന്റെ
പരിപ്പിളക്കിയപ്പോള്‍
നിനക്കൊക്കെ
സമാധാനമായല്ലോ!)

അതെ, ഇതു നിങ്ങളുടെ
കവിതയാണ്.
എന്റെയല്ല!

10 comments:

ജ്യോനവന്‍ said...

സത്യം പറഞ്ഞതാണ്
ഇതിലെ പലചിന്തയും
എന്റേതെന്ന്
ഒരുറപ്പും എനിക്കില്ല.
ഞാന് നിന്നു കറങ്ങുന്നത്
നിങ്ങള്‍ക്ക് കാണാനാവും!

എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്.

Teena C George said...

മുന്‍പില്‍
അക്കങ്ങള്‍ പോലെയാണ്
കുണ്ടും കുഴിയും.
വലുതും ചെറുതുമാണ്.
എന്നാല്‍,
ക്രമരഹിതമാണ്.


അതൊ, ഇങ്ങനെയാണോ?

മുന്‍പില്‍
അക്കങ്ങള്‍ പോലെയാണ്
കുണ്ടും കുഴിയും.
വലുതും ചെറുതുമാകാം
എന്നാല്‍,
ക്രമമാണ്.

എന്റെ ഒരു സംശയമാണു കെട്ടോ...


ഞാനോടുന്നതുകൊണ്ടാണ്
നീയിഴയുന്നതെന്നും
മറ്റവന്‍
അനങ്ങാതിരുന്ന്
വലിയ കാര്യങ്ങള്‍
സാധിക്കുന്നതെന്നും
മറക്കാതിരിക്കുക.

അതിഷ്ടമായി...
ആശംസകള്‍...

ജ്യോനവന്‍ said...

ടീന......
സാധാരണ ഘടികാരത്തിനു സമാനമായ ചിന്തയായിരുന്നില്ല അപ്പോള്‍. അതു ക്രമമാണെന്ന് സ്പഷ്ടമാണ്. ഇവിടെ ഘടികാരം എന്റെ തന്നെ ജീവിത വൃത്തത്തെയാണ് സൂചിപ്പിക്കുന്നത്.
വിശദീകരിച്ചാല്‍, മൊത്തം കുഴികളാണെങ്കിലും വലുതും ചെറുതുമായ 'പൊക്ക'-താഴ്ച്ചകളിലൂടെയുള്ള എന്റെ കറക്കം. വലിയ കുഴികളില്‍ നിന്നും കുഞ്ഞുകുഴികളിലെത്തുമ്പോള്‍ ആശ്വസിച്ചുപോകുന്നു. ഇത്തിരി ഉയര്‍ന്നെന്ന്! സത്യത്തില്‍ ഈ ഉയര്‍ച്ച താഴ്ച്ചകള്‍ ക്രമരഹിതം തന്നെയെന്നൊക്കെയാണ് ഞാന്‍ തലകീറി ചിന്തിച്ചത്.
നിങ്ങള്‍ വായിച്ചത് ഒരു ഘടികാരത്തിന്റെ വ്യക്തമായ മനസോടെയാണ്. അവിടെ അക്കങ്ങള്‍ ക്രമം തെറ്റിയാല്‍ സമയത്തിന് എന്തര്‍ത്ഥം എന്ന ചോദ്യത്തിലേക്കാണ് നിങ്ങള്‍ ഇളകാതെ ചിന്തിച്ചത്. എന്നാല്‍, ഇവിടെ സമയം എന്ന കാര്യം തന്നെ മാറ്റിവച്ച് മറ്റൊന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഇവിടെ നിങ്ങള്‍ക്കുണ്ടായ സംശയം വളരെ മികച്ചതെന്നു പറയുന്നതോടൊപ്പം
വന്നതിനും അഭിപ്രായം പറഞ്ഞതിനുമുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.

Teena C George said...

ഇങ്ങനെയൊരു അ’ക്രമം’ ഞാന്‍ പ്രതീക്ഷിച്ചില്ല!
വിശദീകരിച്ചു തന്നതിന് നന്ദി...
വീണ്ടും കാണാം...

ശ്രീ said...

എന്തൊക്കെയാ ചിന്തിയ്ക്കുന്നത്? കൊള്ളാം.

പുതുവത്സരാശംസകള്‍-, മാഷേ...

ജ്യോനവന്‍ said...

എന്തൊക്കെയോ ചിന്തിക്കുന്നു.
കൊള്ളുമോ കൊള്ളില്ലയോ ആവോ!
എന്നാലും ചിന്തിക്കുന്നു.
ശ്രീ സന്തോഷം.
നന്ദി.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു..പുതുവത്സരാംശംസകള്‍...

ഏ.ആര്‍. നജീം said...

ഇത് നന്നായിരിക്കുന്നു...

കവിതയുമായി ബന്ധമില്ലെങ്കിലും ഒര്‍ക്കല്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു. കേടായ ഘടികാരം പോലും ദിവസവും രണ്ട് നേരം കൃത്യമായി സമയം കാണിക്കുമെന്ന്. എത്ര സത്യം

ജീവിതവും അതേപോലെ തന്നെ.. നല്ല വശങ്ങള്‍ മാത്രം കാണുക...

ജ്യോനവന്‍ said...

sv നന്ദി. വളരെ സന്തോഷം.

നജീം മാഷേ......
പാഴ്വസ്തുക്കള്‍ ഒരുപാടുണ്ടെങ്കിലും
പാഴായിട്ടൊന്നുമില്ലെന്നതും ഒരു സത്യമായിരിക്കണം.
ഘടികാരത്തിലെ ഞാന്‍ കാണാത്തൊരു
കയത്തിലേയ്ക്ക് എന്നെ വലിച്ചിട്ടതിനു നന്ദി.

തീര്‍ച്ചയാണ്
ഇനിയുമെന്തൊക്കെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്
'ലവന്റെ' കറക്കത്തിലും മണിയടിയിലും
നിശ്ചലതയിലും!

സുധീർ (Sudheer) said...

ഇത് ഇപ്പോഴാണ് വായിച്ചത്.
എന്റെ ഒരു കവിതയ്ക്കും ഈ ഒരു തലക്കെട്ടു തന്നെ
ഞാന്‍ കൊടുത്തിരിക്കുന്നു,ഏതാണ്ട് രണ്ടു മാസങ്ങള്‍ക്ക് ശേഷം എഴുതിയ ഒരു കവിതയ്ക്ക്.
ചില ഘടികാര ചിന്തകള്‍ തികച്ചും ആകസ്മികം!