Friday, March 21, 2008

പൂ പറിച്ചവള്‍



ഉദ്യാനമദ്ധ്യേ
ഞാന്‍ നട്ട റോസയില്‍
പുഷ്പിച്ചു നി‌ല്‌ക്കും
വെളുത്തപുഷ്പം

ആരും പറിച്ചിടും
കണ്ടാല്‍ കൊതിച്ചി-
മേഴുവര്‍ണ്ണങ്ങളും
ലയിച്ച പുഷ്പം

ഒറ്റയ്‌ക്കു നിന്നു
ഞാനന്തിച്ചതിന്‍ ചാരേ;
എത്രയെന്നറിയില്ല
നേരം പുലര്‍ന്നുപോയ്

പാണികള്‍ വെമ്പി-
ക്കരഞ്ഞുപോയന്നേരം
പൂവേ പറിക്കുവാ-
നുള്ളം കൊതിച്ചീല

തോട്ടിപ്പണിക്കുപോം
പെണ്‍കളും നോക്കി
ആഢ്യധനസ്ഥരാം
സ്ത്രീകളും നോക്കി

കണ്ണില്‍ കളവുള്ള
കാ‍ക്കയും നോക്കി
പുല്ലിനായോടുന്ന
പൈക്കളും നോക്കി

ഓലിയിട്ടലറുന്ന
നായ്‌ക്കളും നോക്കി
കൂട്ടില്‍ തനിച്ചായ
തത്തയും നോക്കി

പൂക്കളെ കണ്ടവര്‍
പോക്കൂതുടങ്ങി
പാത്തും പതുങ്ങിയു-
ണ്ടാരോ വരുന്നു!

കാക്കേടെ കണ്‍കളെ
കാഞ്ചീ ചതിച്ചു
ഒരു തുള്ളി രക്തമാ
പൂവില്‍ പതിച്ചു

കാക്കയശുദ്ധിക്കു
പാത്രമെന്നല്ലോ
പൈമ്പാല്‍ കറന്നു
ഞാന്‍ പൂവില്‍ പതിച്ചു

കാക്കക്കറുപ്പിനെ
ചന്ദനം മുക്കി
ചന്ദനഗന്ധമാ
പൂവില്‍ പടര്‍ത്തി

ആരോ പതുങ്ങി
വരുന്നെന്റെ ചാരത്ത്
മലര്‍വാടി മൊത്തം
ത്രസിച്ചുപോയ് നേരത്ത്

നായ്‌ക്കളും തത്തയും
മൂകരായ് നോക്കുന്നു
നായ്‌ക്കള്‍ കരഞ്ഞില്ല
തത്തയോ ഊമയും

അടര്‍ത്തിയങ്ങാരോ
കുസുമബിംബത്തിനെ
ചിതറിവീണിതളുകള്‍
പെട്ടെന്നദൃശ്യമായ്

ഒരു തുള്ളി രക്തം
പൊഴിഞ്ഞു വീണിതളിന്റെ
യൊപ്പം വളര്‍ന്നുപോ-
യൊരു കൊച്ചു സ്നേഹം!

ഉദ്യാനമദ്ധ്യേ പൂവിനെ-
പ്പെറ്റതാം ചെടിയുടെ
ഉച്ചിയില്‍ ഉശിരുള്ള മുള്ളിന്
ഒരുപാടു നന്ദി.
ഇതെന്റെ പതിനാറുവയസില്‍ എഴുതിയ കവിതയാണ്. ഇന്നോളം ചില ചെറു വേദിയിലൊക്കെ ചൊല്ലിയെന്നല്ലാതെ പ്രസിദ്ധപ്പെടുത്താനോ നഷ്ടപ്പെടുത്താനോ കഴിഞ്ഞില്ല. കുറവുകളേറെയുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടതെന്ന് ഉള്ളില്‍ കുത്തിക്കുറിച്ച ഈ വരികള്‍ അതിന്റെ ശബ്ദത്തോടൊപ്പം അവതരിപ്പിക്കാം എന്നതിനാല്‍ മാത്രം…………;
പൊട്ടക്കലത്തില്‍.

21 comments:

Pramod.KM said...

16 വയസ്സുകാരന്റെ കവിതക്ക് അഭിനന്ദനങ്ങള്‍:)

പാമരന്‍ said...

16 വയതിനിലേ.. സൂപ്പര്‍..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

ഗുപ്തന്‍ said...

മുന്‍‌കാല പ്രാബല്യത്തോടെ അഭിനന്ദന്‍സ്..

ഓടോ.. ഇവിടെ പേരക്ക 12 വര്‍ഷം മുന്‍പ് വരച്ച ഒരു ചിത്രം ! ഇങ്ങളെല്ലാം കൂടെ ആരെ തോപ്പിക്കാന്‍ എറങ്ങിയേക്കുവാ???

ദിലീപ് വിശ്വനാഥ് said...

കൊള്ളാം... ഒരു പതിനെട്ട് വയസ്സ് തോന്നിക്കും കവിതയ്ക്ക്.

ശ്രീവല്ലഭന്‍. said...

കവിത ഇഷ്ടപ്പെട്ടു. മനസ്സിലായി. :-)

ഇനിം ഇതുപോലുള്ള കവിതകള്‍ ഇടയ്ക്കിടെ എഴുതൂ...

GLPS VAKAYAD said...

കൊള്ളാം നന്നായിരിക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിനു പ്രായമില്ലല്ലൊ മാഷെ...
നന്നായിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു...
ആശംസകള്‍...

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sharu (Ansha Muneer) said...

നന്നായിരിക്കുന്നു....:)

ജ്യോനവന്‍ said...

ഈ കൗമാരകാല കവിതയോട്
ഇഷ്ടം കുറിച്ച
പ്രമോദ്,
പാമരന്‍
പ്രിയ,
ഗുപ്തന്‍,
വാല്‍മീകി,
ശ്രീവല്ലഭന്‍
ദേവതീര്‍‌ത്ഥ
സജി
ദ്രൗപദി
sv
Sharu
എല്ലാവരോടും ഹൃദയം നിറഞ്ഞ
സന്തോഷവും നന്ദിയും അറിയിക്കുന്നു.

ശ്രീ said...

കൌമാര കാലത്തു തന്നെ പുലിയായി അല്ലേ?
നന്നായി മാഷേ.
:)

ഭൂമിപുത്രി said...

കാര്യമറിയാതെ വായിച്ചപ്പോള്‍,ഇതെന്താ ജ്യോനവന്‍ പെട്ടന്നിങ്ങനെയെന്നു തോന്നി.
നന്നായി ഒരു ചരിതരേഖയായി ഇതിവിടെയിട്ടതു.
(എന്റെ ആദ്യ കവിത വായിക്കുമ്പോള്‍ എനിയ്ക്കു തന്നെ നാണമാകുന്നതുകൊണ്ട്,അതു ഞാന്‍ മറന്നു എന്ന് വെച്ചിരിയ്ക്കുകയാണ്‍)

Rare Rose said...

16 വയസ്സില്‍ ഇത്രയും എഴുതിയോ..നല്ല്ല താളമുള്ള കൊച്ചു വരികള്‍..ബാല്യത്തിന്റെ കൌതുകങ്ങള്‍ തത്തയായും,കാക്കയായും..പൈക്കളായും ഒക്കെ മിന്നിമറയുന്നു..:-)..ഇവിടെ സ്പീക്കര്‍ ശരിയല്ലാത്തോണ്ടു പാടിയതു കേള്‍‍ക്കാന്‍ കഴിഞ്ഞില്ല...:-(

poor-me/പാവം-ഞാന്‍ said...

This is my first visit...
and my first comment..
Alas! ...and you are not here to read it

ജിപ്പൂസ് said...

നീ ഞങ്ങളോട് വിട പറഞ്ഞതിനു ശേഷമാണു മുത്തേ ഇവിടെയെത്താന്‍ സാധിച്ചത്.നിന്‍റെ മനസ്സിന്‍റെ ഉള്ളറകളില്‍ നിന്നും നീ കോറിയിട്ട നിനക്കേറ്റവും പ്രിയപ്പെട്ട ഈ വാക്കുകള്‍ വായിക്കാനുള്ള ശക്തി ഏതായാലും ഇപ്പോള്‍ ഇല്ല പ്രിയ ജ്യോനവാ...അക്ഷരങ്ങള്‍ മങ്ങുന്നു.മനസ്സൊന്ന് ശാന്തമാവട്ടെ.ഈ കമന്‍റ് വായിക്കാന്‍ നീയിനി പൊട്ടക്കലത്തിലേക്ക് വരില്ലെങ്കിലും പിന്നെ വരാമെന്ന ഉറപ്പോടെ പിന്‍‌വാങ്ങുന്നു ഞാന്‍.

നിന്‍റെ ആത്മാവിനു നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഈ അനുജന്‍...

അനില്‍@ബ്ലോഗ് // anil said...

ഇന്നേ ഇവിടെ എത്താനായൊള്ളൂ ചങ്ങാതീ.
എന്നും കേള്‍കാനായി എടുത്തുവക്കുന്നു.
വിട !

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു വാക്ക് മാത്രം
‘ആദരാഞ്ജലികള്‍‘

smitha adharsh said...

അതെ..ഇവിടെ എന്താന്‍ വൈകിപ്പോയി..
ഈ ലോകത്തില്ലെന്കിലും,ഈ ശബ്ദം കേള്‍ക്കാനായല്ലോ..നന്ദി..

ഒരു നുറുങ്ങ് said...

ചിലരങ്ങിനെയാ...നേരത്തേ കാലത്തേ ഭാണ്ടം മുറുക്കും!എല്ലാം പറഞ്ഞുറപ്പിക്കും!വിട ചോദിക്കാതെ
റ്റാറ്റ പറയും...തിരിഞ്ഞു നോക്കില്ല,പൊയ്ക്കളയും...
ഒരുപാടൊരുപാട് ഓര്‍മകള്‍ നമുക്ക് താലോലിക്കാന്‍
ബാക്കിയാക്കി പ്രപഞ്ചമറയിലെങ്ങോ മറഞ്ഞു കളയും!
ജ്യോ...പാതിവഴിയില്‍ നീ ഞങ്ങളെയാകെ തോല്പിച്ചു
കളഞ്ഞ് യവനിക വലിച്ചതെന്തിനാ മോനേ....

ശാന്തി.ശാന്തി..ശാന്തി...!