Sunday, January 6, 2008

കല്‍വിഗ്രഹങ്ങള്‍


ഉടലിഴച്ച് പാമ്പ്
കാല്‍ കയറി
തുട പറ്റി
അരക്കെട്ടു മുത്തി
മുലകൊത്തി
കഴുത്തോളമെത്തി
തലചുറ്റി വീണപ്പോള്‍
ചുണ്ടിലേയ്ക്കൊരു
പുഞ്ചിരിപ്പടം
പൊഴിഞ്ഞു.

ചുക്കിച്ചുളിഞ്ഞ
പുറന്തോടിനുള്ളില്‍
സ്വപ്നങ്ങള്‍
ഉരുവാകുന്നൊരു
സുഷുപ്തിയിലേയ്ക്ക്
കണ്ണുകള്‍
ഇരുട്ടു കായവെ
മാളത്തില്‍
പത്തികള്‍ മടക്കി
പാമ്പിന്റെ
വാലനക്കങ്ങള്‍കൊണ്ട്
നിമിഷാന്തരങ്ങള്‍
ധന്യമായി.

കല്ലുളിയും പാരയും
തീപ്പന്തവുമായി
വന്നവര്‍
ഇക്കിളിപ്പെടുത്തുന്ന
ഒറ്റവലികൊണ്ട്
കശേരുക്കളൊടിച്ച്
പാമ്പിനെ
കാല്‍ച്ചുവട്ടിലിട്ട്
തല്ലിക്കൊന്നു.

മാളത്തിന്റെ
ഉള്ളറയില്‍
വളര്‍ന്നു തുടങ്ങിയ
സ്വപ്നത്തിന്റെ
തല മാന്തി
തീയിലെറിഞ്ഞു.

ചെണ്ടകൊട്ടിയും
തീയിട്ടും
പ്രക്ഷുബ്ധമായ
രംഗത്തേയ്ക്ക്
പുറന്തോടു പൊട്ടിയൊലിച്ച
കാഴ്ച്ചയുടെ
കണങ്ങളോരോന്നും
ഓരോ ഭീതിയെ
നഷ്ടപ്പെടുത്തി.

ബാക്കിയായത്;
പാമ്പുപിടിത്തക്കാരുടെ
പാലുണ്ടുവളര്‍ന്ന സര്‍പ്പങ്ങള്‍
ഇഴഞ്ഞുനടന്ന
കല്‍പ്രതിമ മാത്രം.

അവരതിനെ
ആരാധിച്ചു തുടങ്ങി!

10 comments:

കാവലാന്‍ said...

കൊള്ളാം...കൊള്ളാം..തീ ക്കഷണങ്ങള്‍.

ഗുപ്തന്‍ said...

കിടു!!

ഹാരിസ് said...

കൊണ്ടു.

ശ്രീ said...

“ബാക്കിയായത്;
പാമ്പുപിടിത്തക്കാരുടെ
പാലുണ്ടുവളര്‍ന്ന സര്‍പ്പങ്ങള്‍
ഇഴഞ്ഞുനടന്ന
കല്‍പ്രതിമ മാത്രം.”

കൊള്ളാം മാഷേ...
:)

ഏ.ആര്‍. നജീം said...

ജ്യോന്യന്‍: കിടിലല്‍....:)
നന്നായി.

Sharu (Ansha Muneer) said...

ശക്തിയുള്ള വരികള്‍... :)

ജ്യോനവന്‍ said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

“ബാക്കിയായത്;
പാമ്പുപിടിത്തക്കാരുടെ
പാലുണ്ടുവളര്‍ന്ന സര്‍പ്പങ്ങള്‍
ഇഴഞ്ഞുനടന്ന
കല്‍പ്രതിമ മാത്രം.”

ആ വരികളില്‍ എന്തൊ ഒരു തീവ്രമായ അര്‍ഥം ഉടലെടുക്കുന്നൂ.
നയിസ്..

ജ്യോനവന്‍ said...

നന്ദി സജി

Sandeep PM said...

വായിച്ചു . നന്ദി