Friday, January 4, 2008

ആദ്യരാത്രി


അരനിറച്ചു,മരനാണം
കൊറിച്ചു,മരഞ്ഞാണ-
മണികിലുങ്ങിക്കുലുങ്ങി
തുളുമ്പി വീഴല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

തലമറിച്ചുപേന്‍
നോക്കിക്കുറിച്ചു
പലകുറി
കാര്‍കൂന്തലെണ്ണി-
പ്പഠിച്ചു മെടഞ്ഞു-
മടിഞ്ഞങ്ങിരിക്കാം.
ഇന്നാദ്യരാത്രിയല്ലേ!

അഴിഞ്ഞിടുമ്പോള്‍
പിഴിഞ്ഞിടുമ്പോലൊരു
തുണി കുനിഞ്ഞു
പിഴിഞ്ഞിടുമ്പോലി-
ടഞ്ഞു മിഴിയൊന്നു
കുറുമ്പിനില്‍ക്കുമ്പോള്‍
കരഞ്ഞിടല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

തരുന്നോ തന്വിനീ
വിളക്കുപൂക്കള്‍
കെടുത്തിടാം
പാട്ടുമരത്തിലേയ്ക്കിത്തിരി
കാറ്റയച്ചിളം-
ങ്കൂറ്റുകള്‍ കേട്ടു കിടന്നിടാം
വിയര്‍ക്കുമ്പോള്‍
എന്നിലേയ്ക്കൊട്ടി
വിയര്‍ക്കുമ്പോള്‍
പിരിഞ്ഞുപോവല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

നോക്കുനീ കുന്നേ
കുളത്തിലെ
താമരപ്പൂക്കളെ
നോക്കുനീ കൊറ്റീ
മുഴുത്തൊരു മീനിന്റെ
പോക്കുനീ
കുളത്തിലെ
കുന്നിന്റെ മടിയിലെ
ചോപ്പുനീ കണ്ടോ
ഉദിച്ചുന്‍‌‌‌ദ്യുതിപ്പുകള്‍

നീര്‍ത്തിനാം
നമ്മുടെ
വെളിച്ചത്തഴപ്പായ
ചുറ്റിപ്പിണരുമ്പോള്‍
ചുറ്റിനുമേതോ
ഇരുട്ടിന്‍
കരിമ്പടം!

കുത്തിപ്പിഴിഞ്ഞതേ
ദേഹമേ
കുറ്റമറ്റതേ
നീര്‍ത്തിയിട്ടുണക്കുക
നിന്റെയഴകളില്‍
നീണ്ടുകിടക്കുക.
വെയില്‍ കായുക
ഉണങ്ങിയുണങ്ങിനീ
നിന്നെ ധരിക്കുക
ഒട്ടുക
വിട്ടുപിരിയാനാകാതെ-
തിഴചേര്‍ന്നു
പറ്റുക.

വീണ്ടും;
നീയെന്റെ
മറ്റൊരു നീയെന്ന്
തെറ്റലന്യേ
ചൊല്ലുക.

നാം പറ്റും
പടര്‍പ്പെല്ലാം
നമ്മളെന്നും
പൂവെല്ലാം
നാമെന്നും
ചൊല്ലുക.

നാം ചുറ്റും
മരമെല്ലാം
നമ്മളെന്നും
കനിയെല്ലാം
നാമെന്നും
ചൊല്ലുക.

ചൊല്ലുക……!

“വാക്കുപോലല്ലീ
മുഴുത്തൊരാരാഗം
മുറിഞ്ഞുവീണൊരു
മൌനം
നിറച്ചു കഷ്ടത്തില്‍
നോക്കിനാല്‍
മൊഴിഞ്ഞതും;
കഴിഞ്ഞുപോയില്ലേ
രാത്രിയെന്നറിഞ്ഞു
നാമൊന്നും മിണ്ടാതെ
കൊഴിഞ്ഞുപോയില്ലേ
രാത്രിയെന്നുറക്കെ-
ച്ചിരിച്ചിടാം
പുലരി
തിന്നുതീര്‍ക്കട്ടെ
നമ്മുടെ തുടിപ്പുകള്‍.”

17 comments:

ജ്യോനവന്‍ said...

ഒരു നേരം‘പോക്കു’ കവിത.
വായിച്ചാലുടനെ കീറിക്കളയുക!

G.MANU said...

:)

രാജ് said...

കീറുന്നില്ല ഒരു കടലാസുതോണിയുണ്ടാക്കി ഒഴുക്കി വിടട്ടേ?

വിനോജ് | Vinoj said...

കൊള്ളാം...

സജീവ് കടവനാട് said...

നന്നായി മാഷേ കവിത. ആ നേരം പോക്കിന് എത്ര അര്‍ത്ഥമുണ്ട്.

ഉപാസന || Upasana said...

ഇത്ര ചെറിയ വരികളൊ ജ്യോനവാ
:)
ഉപാസന

ജ്യോനവന്‍ said...

മനു ഭായ്.....
വന്നതിനും ചിരിച്ചതിനും നന്ദി.

പെരിങ്ങോടരേ.....
അങ്ങനെയും സാധ്യതകള്‍.
കവിതത്തോണി ഒഴുകിപ്പോണത്
ഇത്തിരിനേരം കൊതിച്ചുപോയി.
നന്ദി.
അഭിപ്രായം പറഞ്ഞതിനും
ചോദിച്ചതിനും അഡിഷ്ണല്‍ നന്ദി!

വിനോജ് മാഷേ....
നന്ദീട്ടോ...

കിനവേ....
എത്ര നല്ല നേരം പോക്ക്.
വന്നതിനും കവിത വായിച്ചതിനും
വളരെ നന്ദി, സന്തോഷം.

ഉപാസന....
ചിലപ്പോള്‍ ചെറിയ വരികള്‍, വാക്കുകള്‍..
വരിവരിയായി നില്‍ക്കണകാണാന്‍ ഒരു കൊതി.
(താളമൊക്കണമെങ്കില്‍ അങ്ങനെ വേണമെന്ന് ഒരു ചിന്ത)
അഭിപ്രായത്തിനു നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ഏ.ആര്‍. നജീം said...

ജ്യോനവന്‍ ,

കൊള്ളാട്ടോ , എന്തിനാ വെറുതെ നേരം പോക്കെന്ന് പറഞ്ഞ് താഴ്ത്തി കെട്ടുന്നത്... :)

sv said...

അഴിഞ്ഞിടുമ്പോള്‍
പിഴിഞ്ഞിടുമ്പോലൊരു
തുണി കുനിഞ്ഞു
പിഴിഞ്ഞിടുമ്പോലി-
ടഞ്ഞു മിഴിയൊന്നു
കുറുമ്പിനില്‍ക്കുമ്പോള്‍
കരഞ്ഞിടല്ലേ.

ഇഷ്ടപെട്ടു ഈ വരികള്‍..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ജ്യോനവന്‍ said...

പ്രിയാ....:) :)

വാല്‍മീകി
നന്ദി.

നജീം മാഷ്.
അയ്യൊ!
അങ്ങനെയെങ്ങനെ താഴ്ത്തിക്കെട്ടാനാവും?
സന്തോഷം.

sv
നന്ദി.

അനിലൻ said...

ഈ ബ്ലോഗ് കണ്ടിരുന്നില്ല

നല്ല കവിത
മുഴുവന്‍ കവിതകളും വായിച്ചില്ല, പിന്നെ വരാം.

Unknown said...

തരുന്നോ തന്വിനീ
വിളക്കുപൂക്കള്‍
കെടുത്തിടാം
പാട്ടുമരത്തിലേയ്ക്കിത്തിരി
കാറ്റയച്ചിളം-
ങ്കൂറ്റുകള്‍ കേട്ടു കിടന്നിടാം
വിയര്‍ക്കുമ്പോള്‍
എന്നിലേയ്ക്കൊട്ടി
വിയര്‍ക്കുമ്പോള്‍
പിരിഞ്ഞുപോവല്ലേ.


വരികള്‍ കൊള്ളാം..........

ശ്രീവല്ലഭന്‍. said...

ജ്യോനവന്‍,
കവിത വളരെ ഇഷ്ടപ്പെട്ടു. :-)

Sandeep PM said...

ഇതിശ്ശി ഇഷ്ടപെട്ടു.നല്ലതെന്ന് പറയാന്‍ നാവു വഴങ്ങുന്നില്ല .ആദ്യരാത്രിയല്ലേ :)

Anonymous said...

ചൊല്ലിയിടത്തുനിന്നാണ് വന്നത്. ചൊല്ലു കുഴപ്പമില്ല. വായന കൂടുതല്‍ നന്നായി തോന്നി. സുന്ദരം!