Tuesday, January 22, 2008

ചില പ്രത്യേകതരം കവിതകള്‍

ആറ്റുനോറ്റിരുന്നിട്ടും
നോമ്പുനോറ്റിട്ടും
തിളച്ചുപൊങ്ങിടാതങ്ങനെ
പാല്‍ പോലെ കവിത.
കാറ്റിലലഞ്ഞലക്‌ഷ്യമായ്‌
ചിന്തകള്‍
പാഴ്‌കിനാവില്‍
ലയിച്ചിടാന്‍
കാത്തുകാത്തങ്ങിരുന്ന്
തിളച്ചുവീണതില്‍
പൊള്ളിത്തീയണച്ച്
കരിഞ്ഞ്
ബാക്കിയായതില്‍
വെള്ളം ചേര്‍ത്തിളക്കിയും
ചേര്‍ക്കാതെയും…..

ഓര്‍ത്തുരാകി
മിനുക്കിയുള്ളുറകുത്തി
പാത്തുവച്ചു
തിരിച്ചെടുക്കുമ്പോള്‍
തെറ്റിമുനയൊടിഞ്ഞ്
തുരുമ്പിച്ച
കവിത.

തലക്കെട്ടു ‘കെട്ടി’
‘കുത്തലൊക്കെ’ മറന്ന്
കണ്ണടച്ച് കുടിച്ചു-
മൂത്ത് ലഹരി
പൂത്തൊരുദ്യാനം
പോലെ…..

തുള്ളിയുണങ്ങാതെ
തീനക്കി-
പ്പൊള്ളിമാത്രം
കഴിയുന്ന തീക്കനല്‍
ഉള്ളിലടക്കിയൊ-
രീര്‍പ്പത്തിന്‍ തുള്ളി.

നായപോല-
ല്‍‌സേഷനായ-
പോലങ്ങനെ
നാലുപേര്‍ കുറ്റം
കണ്ടില്ലെന്നാലു;
വാലു വട്ടം വളച്ചാട്ടി
കാലുനക്കിയാലും
കുരച്ചെന്നാല്‍
കല്ലേറുകൊണ്ടപോലെ
കവിത.

ആടുകയാണൂഞ്ഞാല്‍
കവിത
ആശയക്കാറ്റുണ്ടു
പിന്നിലൊന്നിള-
ച്ചൂതിയാല്‍ മതിയില്ലേ
ആശയൊന്നമര്‍ന്നിരിക്കുമ്പോള്‍
കൊമ്പുതന്നേ
പൊട്ടിവീഴും കവിത

എന്നിലൂറിനിന്ന
മധുരക്കരിമ്പുകണ്ടം
നിന്നിലടിവേരു
കയിച്ചു തുപ്പിക്കും
മന്ത്രജാലം.
നെഞ്ചുപിളര്‍ന്നെത്ര
കാട്ടുമീയിരുട്ടിലേയ്-
ക്കുറ്റുനോക്കിയാല്‍
കരിന്തിരി വിളക്കു-
പോലൊരു നക്ഷത്രം.

ചാണകം
മെഴുകിവിണ്ട തറയിലെ
വിള്ളലായ്
കിടന്നു പാര്‍ക്കണം
കാലമെത്ര ചവിട്ടു-
കൊണ്ടുവലുതാവാ-
നെങ്കിലും കുറ്റമായ്
കുറവായ് അല്ലലിന്‍
വൈക്കോല്‍
തുരുമ്പരഞ്ഞ
ഗര്‍ഭത്തിലങ്ങനെ പണ്ടേ
ഒളിച്ചിരുന്നില്ലേ….

ഞാനിട്ടുതേഞ്ഞ
ചെരുപ്പു നീ
കൊട്ടിയുടച്ച വള
കാഞ്ഞ പ്രണയം
കുത്തിയ നെറ്റിയി-
ലുറഞ്ഞ തേന്‍-
തുള്ളി വിയര്‍ത്തു
വീണ ചുണ്ടില്‍
പുലരുന്ന
പുതുഞാറ് കവിത.

‘കാമധേനു’വിന്‍
കരളുറ്റിവീണ
ചൊര വെളുത്ത
പാല്‍ കറന്നെടു-
ത്തടുപ്പില്‍ വച്ചു
തിള കാത്തിരിക്കും
കവികളേ………
“തിളയ്ക്കട്ടെ
നമ്മുടെ കവിത!”

13 comments:

ജ്യോനവന്‍ said...

വെറുതെ പാടിനോക്കാനിഷ്ടമുള്ളവര്‍ക്കായി…….

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശരിയ്ക്കും തിളച്ചൂ കവിത

ശ്രീ said...

ശരിയാ‍...
തിളയ്ക്കട്ടെ കവിത!
:)

സാക്ഷരന്‍ said...

കുത്തിയ നെറ്റിയി-
ലുറഞ്ഞ തേന്‍-
തുള്ളി വിയര്‍ത്തു
വീണ ചുണ്ടില്‍
പുലരുന്ന
പുതുഞാറ് കവിത.

കൊള്ളാം

Sharu (Ansha Muneer) said...
This comment has been removed by the author.
Sharu (Ansha Muneer) said...

തിളയ്ക്കുന്നുണ്ട് കവിത.... നന്നായി :)

umbachy said...

പൊട്ടക്കലമല്ല

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, പൊട്ടക്കലത്തില്‍ തിളയ്ക്കുന്ന കവിത.

ഭൂമിപുത്രി said...

ഇനി കലത്തിലേയ്ക്കു
കവിതാമണികളുതിരാമല്ലൊ..

ഏ.ആര്‍. നജീം said...

നിറകവിത തുളുമ്പില്ല :)

ഗീത said...

കവിത തിളച്ചോട്ടേ. പക്ഷെ തിളച്ചുപൊങ്ങി തൂകി പോകാതെ നോക്കണം.....

Teena C George said...

നന്നായിരിക്കുന്നു കവിതാ ചിന്തകള്‍...

ജ്യോനവന്‍ said...

പ്രിയ...,
ശ്രീ...,
സാക്ഷരന്‍...,
ഷാരൂ...,
ഉമ്പാച്ചി...,
വാല്‍മീകി...,
ഭൂമിപുത്രി...,
നജീം മാഷ്...,
ഗീതാഗീതികള്‍...,
ടീന...

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
ഉള്ളുനിറഞ്ഞ നന്ദി.