Tuesday, September 8, 2009

MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
'പുരുഷന്റെ പ്രായോഗികത'
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

Tuesday, September 1, 2009

1.2.3.4

ഭ്രാന്ത്
ഛേദിക്കപ്പെട്ട്
വീണുപോയ ചെവി
അതിലിരുന്ന
ചെമ്പരത്തിപ്പൂവിനോട്
ചോദിച്ചു.
‘നീയെന്നെ
എന്തിനൊറ്റിക്കൊടുത്തു?’

അടക്കം
ഓളങ്ങള്‍;
താണുപോകുന്ന കല്ലുകള്‍ക്ക്
കല്ലറകളെക്കുറിച്ചുള്ള
ഉറപ്പിന്റെ റീത്തുകളാണ്!

നാണമാകുന്നു!
കുപ്പായങ്ങള്‍
തൂക്കിയിട്ട് തൂക്കിയിട്ട്
ഇക്കണ്ട
ഹാംഗറുകളും മനുഷ്യരും
മൃഗങ്ങളെ
കൊലയ്ക്കു കൊടുത്തു!

അരിപ്പ
ചെരിപ്പുകള്‍
പരത്തി വായിക്കപ്പെടുമ്പോള്‍
ചോര്‍ച്ചകള്‍
പൂര്‍ത്തിയാക്കപ്പെടുന്നു!Tuesday, August 25, 2009

എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു!

ശൂലമുനമ്പില്‍ നിന്നു
വാനം നോക്കുന്നോര്‍
കാണുന്ന കാനനം!

***********
ചേനത്തടം‌‌ വച്ച-
ടഞ്ഞിരിക്കും
പെണ്ണിന്‍ മേല്‍‌പ്പടര്‍പ്പ്!

***********
മരത്തണല്‍
കൊത്തിക്കോരിയിട്ടൊരു
മണ്‍‌വെട്ടി
കപ്പിയ ഇലകള്‍!

***********
കോരിത്തരിപ്പിന്റെ
മീന്‍‌ചട്ടിയില്‍
നീറിപ്പടര്‍ന്ന
രണ്ടു പുഴമീനുകള്‍.
(മറിച്ചിട്ടും തിരിച്ചിട്ടും
എണ്ണ കക്കി!)

***********
പൂച്ച
നോക്കിക്കാച്ചിയ പാല്
തിളച്ചുതൂവിയ പൂച്ച്;
ചന്ദ്രക്കല വീണുപോയ
ആകാശം!

***********
കേടായ കോടതി
ഇ'ട'പോയ കോതി!

***********
തുമ്മല്‍ വിഴുങ്ങിയ
സൂര്യന്റെ
ചമ്മല്‍ വിഴുങ്ങിയ
ചന്ദ്രന്‍!

***********
നാടകം കണ്ടു
നാട് അകം പിരിച്ചുകണ്ടു;
അകത്തിവച്ചൊരു 'അ'
കലപിരിഞ്ഞൊരക്ഷരം!

***********
തേനിരിക്കുന്നു
നക്കാന്‍ തുടങ്ങും മുന്‍പേ
തേനായിരിക്കുന്നു.
നാവായതുകൊണ്ടു
ക്ഷമിച്ചേക്കാം,
തുപ്പിക്കളഞ്ഞേക്കാം!

***********
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

Thursday, August 20, 2009

വാത്‌

തോറ്റാലെന്‍ പകുതി-
ഭാഗ്യമതു നിനക്കെന്നുമതി,
ജയിച്ചാല്‍‌ നിന്‍‌ പകുതി-
ഭാഗ്യമതെനിക്കെന്നും
വാക്കായിരുന്നിതിലൊരാളുടെ
ഭാഗ്യം കീറിപ്പോകുമെന്നുറപ്പായ
വിവരസ്ഥിതിയെ
വിരോധികളുടെ ഗൂഢാലോചന-
യെന്ന വാതിന്;
അപ്പുറമോ ഇപ്പുറമോ
എന്നുള്ള തര്‍ക്കവിതര്‍ക്കം!

Wednesday, August 19, 2009

നാരായണാ...

എന്റെ പട്ടി
പാലം കടന്നു പോകുന്നു.
അതിനു്‌
നാലു കാലുണ്ട്,
വാലുണ്ട്,
തലയുണ്ട്,
അതിന്റെ വായിലെന്താ
പിണ്ണാക്കാണോ?

അതാ
എന്റെ പട്ടി
പാലം കടന്ന് തിരിച്ചു വരുന്നു.
അതിനു്‌
നാലു കാലുണ്ട്,
വാലുണ്ട്,
തലയുണ്ട്,
അതിന്റെ വായില്‍
കൂരായണന്റെ എല്ലുണ്ട്!

ഇല്ലാ...
എന്നെ നിര്‍ബന്ധിക്കരുത്,
പിടിച്ചുന്തരുത്,
എന്റെ പട്ടി കയറിയ
പാലത്തില്‍
ഞാന്‍ കയറില്ല!

Monday, August 10, 2009

അഞ്ചു കവിതകളുടെ അവസാന അദ്ധ്യായം

കൊരങ്ങന്‍
തേന്‍‌ നോക്കിയലഞ്ഞ
മുടിവഴിയിലൂടെ തിരിച്ചു
പേന്‍ നോക്കിയടങ്ങി
മടങ്ങിവന്നു!

ശ്രദ്ധാലുക്കള്‍
കുമിളയ്ക്കു
വാതില്‍ കൊത്തിയ
സൂചിയെങ്കിലു-
മിക്കുരുന്നിന്റെ
കാതുകുത്തിനതു
പോരുമോ?

മുപ്പത്തിമൂന്നു്‌
ചെരിപ്പിട്ടൊരു
ചരിത്രസന്ധിയില്‍
വാറുപൊട്ടിയൊരു
ചാരിത്രസന്ധി
കയറിച്ചെന്നതുപോലൊരു
ദീര്‍ഘസ്വരാധിക്യ പ്രതിസന്ധി!

സ്വകാര്യം!
കുന്തമൊളിച്ചിരിക്കാന്‍
പോയ കുടത്തിലപ്പോള്‍
ഉന്തുവെള്ളത്തില്‍ വന്നു
നനഞ്ഞൊട്ടിനിന്നൊരു
കുടമുല്ലപ്പൂവു്‌!

'ഉന്ന'മനം
മുയലുകള്‍
വീണവായിച്ചുകൊണ്ടിരിക്കുന്ന
പ്ലാച്ചോടിന്റെ പകലുച്ചിയില്‍
തലയില്‍ മുണ്ടിട്ട ചക്കകള്‍!

Sunday, August 9, 2009

വിചാരഗിരി


വിജാഗിരിയില്‍
ഒരു മലയുടെ നടുക്കെത്തി
നിന്നുപോകലാണു്

വാതില്‍ തുറക്കുകയെന്നോ
അടയ്ക്കുകയെന്നോ
തിരിച്ചറിയാതെ
പിടിച്ചു നിര്‍ത്തിക്കളഞ്ഞു

ഇറക്കമോ കയറ്റമോ
എന്നറിയാതെ ഒറ്റപ്പെട്ടു

അടച്ചാലും തുറന്നാലും
ഏകാന്തമാണു്

എന്തായാലും;
ഒരു ഞരക്കം കേട്ടാണു്
നിന്നുപോയതു്,
നിര്‍ത്തിക്കളഞ്ഞതു്!