Saturday, February 28, 2009

കുട്ടികള്‍ കാണുന്ന സ്വപ്നത്തിന്റെ മുന്‍‌പും പിന്‍‌പും

തക്കാളിത്തലയിലെ
പച്ച നീരാളി
മുന്തിരികളൊഴിഞ്ഞു
പോയ കൊമ്പില്‍
നക്ഷത്രം.
അച്ഛന്‍ നീരാളി
നെഞ്ചത്തിക്കിളി
അമ്മ നക്ഷത്രം
കണ്ണില്‍ വെളിച്ചം
രാത്രി;
ചിറകു മുളച്ച
ഒരുപറ്റം മുന്തിരികള്‍
കാലു കുഴഞ്ഞൊരു
തക്കാളിയെ
ചോരയൂറ്റി
കൊല്ലുന്നതുകണ്ട്
കുട്ടി നിലവിളിച്ചു.
അപ്പോഴേയ്ക്കും
അമ്മനക്ഷത്രത്തെ
അച്ഛന്‍ നീരാളി
തിന്നു കഴിഞ്ഞിരുന്നു!

Wednesday, February 4, 2009

കുടക്കമ്പി


നീ
കറുത്തിരുണ്ട ആകാശത്തെ
താങ്ങിനിര്‍ത്തുന്ന
വാരിയെല്ലുകള്‍

നീ
ആരുടെയൊക്കെ
ഏതൊക്കെ ഭാര്യമാരാണ്;
എനിക്കു വിധിച്ചിട്ടില്ലാത്ത
ഏതൊക്കെ സുന്ദരികള്‍?

ചിന്തകളേ
മോഹഭംഗങ്ങളേ...
കൊഴിഞ്ഞുപോയ
മടക്കിക്കിട്ടാത്തൊരു
പൂക്കാലത്തിനും
ബാക്കിപത്രമുണ്ട്
നക്ഷത്രങ്ങളില്ലാത്തൊരു
രാത്രിയുണ്ട്

നിന്നെ ഞാന്‍ ചുമക്കും,
നെഞ്ചത്തുചാഞ്ഞ്
നീ എന്റേതാകുന്ന
നിമിഷങ്ങളില്‍
പ്രമാണങ്ങള്‍ മറന്നുപോകും
പടുപാപിയാകും
തലോടും
വട്ടം കറക്കും

നിന്റെ നട്ടെല്ലില്‍
തിരുനെറ്റി
സ്തുതിപ്പിടും
ചിലനേരം
ചുണ്ടമര്‍ന്നുപോകും
മൂക്കയഞ്ഞ് ഉന്മാദിക്കും
നിന്നോളം
നാവലഞ്ഞുപോകും
രുചിനുണയും

നിന്റെ യന്ത്രത്തെ,
ജനനേന്ദ്രിയത്തെ
അടിക്കടി
തൊട്ടുനോക്കും
നിന്റെ ലാളിത്യമോര്‍ത്ത്
നിര്‍മ്മിതിയോര്‍ത്ത്
കുളിര്‍ന്നുപോകും

നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായി ചുമക്കുന്നു

നീ
മേളിച്ചിരിക്കുന്നത്
വായിച്ചറിയുമ്പോള്‍
ചുറ്റിനും
എന്തേ കണ്ണീര്‍ പൊഴിയുന്നു?!

Monday, February 2, 2009

ആര് ആരോടു പറയാന്‍?

ആരെങ്കിലും ഒളിഞ്ഞുനോക്കുന്നുണ്ടോ
എന്ന ജിജ്ഞാസകൊണ്ട് കെട്ടുറപ്പുള്ള
കുളിമുറിഭിത്തിയ്ക്ക്
ഓട്ടയിട്ടുകൊണ്ടിരുന്ന
വസന്തം എന്ന പെണ്‍കുട്ടി
വഞ്ചിക്കപ്പെട്ടു

ഒട്ടുവളരെ അസ്വസ്ഥമായ
പ്രണയം കൊണ്ട്
സ്വപ്നം കണ്ടലഞ്ഞിരുന്ന
ഉഷ്ണം എന്ന കാമുകന്‍
തട്ടുകേട്ടും മുട്ടുകേട്ടും വന്നടുത്തപ്പോള്‍
പിടിക്കപ്പെട്ടു

വലിയൊരു നിയമക്കുരുക്കില്‍ പെട്ടിരിക്കെ
വിചാരണ മുറിഞ്ഞുപോംവിധം
മേശവലിപ്പിലെ ലൂപ്പ് ഹോളിലേയ്ക്ക്
ഒളിഞ്ഞുനോക്കിയ
ശൈത്യം എന്ന ന്യായാധിപന്‍
ഇളിഭ്യനായി

ഒളിഞ്ഞുനോട്ടത്തെക്കുറിച്ച്
മറിച്ചുവച്ച കടലിലെ തിരയെന്ന്
എല്ലാ കലയുടെ അടിയിലും
ഇളകിമറിയുന്ന പതപ്പെന്ന്
കവിത ചൊല്ലിയ
ചുഴലിക്കാറ്റ്
മൈതാനത്ത് ചുറ്റിത്തിരിഞ്ഞു

അടഞ്ഞടഞ്ഞ് ഉള്‍വലിഞ്ഞ്
കവചം മുറുക്കി
രഹസ്യസുഷിരത്തിലൂടെ
എയര്‍ കണ്ടീഷന്‍ മണ്ടന്മാര്‍
കവിയ്ക്കുനേരെ
തുരുതുരാ വെടിയുതിര്‍ത്തു


കാരണമൊന്നും കൂടാതെ
തിരിച്ചറിയപ്പെടാത്തൊരു
ചാറ്റല്‍മഴ പെയ്തുതീര്‍ന്നു.