Friday, May 30, 2008

ഇറച്ചിക്കടയില്‍ സംഭവിച്ചത്

ഇറച്ചിവെട്ടുകാരന്‍
തിന്നാന്‍ കാത്തുവെച്ച
മാമ്പഴം,
കരള്‍ മാത്രം വാങ്ങാന്‍
വന്ന പെണ്‍കുട്ടി.
ഞാനാകട്ടെ
അതിന്നിടയില്‍
ഒരുപമയെ കുരുക്കാന്‍
ശ്രമിക്കുകയായിരുന്നു.
തലകുനിച്ചുനിന്നിട്ടും
മിഴി കൂമ്പിയടച്ചിട്ടും
പെണ്‍കുട്ടി
അതു കണ്ടുപിടിച്ചു…!
“ചേട്ടാ ചേട്ടന്റെ
മാങ്ങേല് ‌പുഴു”
വന്ന വേഗത്തില്‍
തിരിച്ചിറങ്ങിയ
ഉപമ.
പുളയുന്ന പുഴു.
ഇറച്ചിക്കടയ്ക്കു മുന്നില്‍
പരസ്പരം
കാത്തുനില്‌ക്കുന്നവര്‍…..!

Thursday, May 29, 2008

ഞാന്‍ നിന്നെ സ്നേഹിക്കുന്നു

മച്ചിലെലി ചത്തു;
കുറ്റമാരുടെ? ശിക്ഷയെനിക്ക്
നീ തന്നത്.
തലപിരിച്ചെടുത്ത്
മൂക്കുകൊണ്ട് ‘ക്ഷ’.
ചീഞ്ഞതിലെല്ലാം
കുനിച്ചും വളച്ചും പിഴുതെടുത്ത്
അക്ഷരപീഡനം.
വെളിക്കിരുന്നതിന്റെ ഓര്‍മ്മയില്‍
പോയി ചവിട്ടിയാലും
വളിച്ചതിന്ന് വായകാട്ടിയാലും
നുളച്ച് വിഷമവൃത്തങ്ങള്‍.
എന്നിട്ടും
നിന്നെ ഞാന്‍ സ്നേഹിച്ചു.
വല്ലപ്പോഴും ഒന്നു പിടിച്ചുലച്ച്
പിഴിഞ്ഞതില്‍
നീയല്പം ഉടഞ്ഞുപോയിരിക്കണം.
ഹഠയോഗിയെപ്പോലെ ഏഗാഗ്രമായി
ജലപ്പരപ്പില്‍ നീമാത്രമായിരുന്നു
ധ്യാനം.
ഓര്‍മ്മയില്ലേ
നീന്തിമറിഞ്ഞപ്പോള്‍
മാറിമാറി കൊത്തിപ്പിടിച്ചു ചുംബിച്ചത്.
മുല്ലപ്പൂചാരി
സുഗന്ധം ചൊരിഞ്ഞ്
മദ്യക്കുപ്പിയുടെ വക്കുചേര്‍ന്ന്
നമുക്ക് വീണ്ടും പ്രണയിക്കാം.
ഒരു മാമ്പഴത്തില് നിന്നും
പൂവില് നിന്നും ആവോളം
നുകര്‍ന്നെടുത്ത്
തിരിച്ചറിയാം. മറന്നലിയാം.
നിന്റെ വഴികളും മുറികളും
അറകളും അഴികളും
തുറന്നിട്ടിരിക്കുന്ന വാതിലുകളും.
നിനക്കുവേണ്ടി മാത്രം.

അറിയാം……..;
എന്റെ ചുറ്റുവട്ടത്തെവിടെയോ
ചുഴിയിട്ട്
ഊതിയൂതി നീ
നില്‍പ്പുണ്ട്.
ഒന്നിങ്ങു കയറിവാ.
ആ പഴയ പെണ്‍കൊടിയായി.
ആരെയും കൂസാത്ത……

അല്ലെങ്കിലും;
നമുക്കിടയില്
ശ്രദ്ധിക്കേണ്ടത്
ഇത്രമാത്രമല്ലേ….?

വന്നും പോയുമിരിക്കാനുള്ള
കരാറുതെറ്റിച്ച്
സ്ഥിരം പൊറുതിക്ക്
വന്നപ്പോഴായിരുന്നു
ഞാന്‍
നീ മുട്ടി മരിച്ചത്……!

Monday, May 26, 2008

ഒരു പൂച്ചയുടെ ആത്മഗതത്തില്‍ നിന്നും കോപ്പിയടിച്ചത്


കണ്ണിറുകെയടച്ചില്ലെങ്കില്‍ ‍കൂരിരുട്ട്
പാലില്‍ വീണു കയിച്ചാലോ!

***** ***** ***** *****
കാട്ടില്‍ പുലിയെ
കണ്ട് പേടിച്ച്
കുന്തം വിഴുങ്ങി.
നാട്ടില്‍ എലിയോട്
തോറ്റ് നാണിച്ച്
കുന്തം വിഴുങ്ങി.
രണ്ടു കുന്തങ്ങളും
കണ്ടയുടനെ

കൊതികൊണ്ട് കെട്ടി.
ഇനിയെങ്ങനെയാണ്,
എന്നാണ്
ഒരു ധീരനായ,
നാണമില്ലാത്ത
കുന്തം പുറത്തു വരുക?!.

***** ***** ***** *****
രണ്ടുകാലില്‍ നിവര്‍ന്നുനിന്ന
ഉന്നതിയില്‍ നിന്നും
വീണപ്പോഴതാ നാലുകാലില്‍.
വെറും തിരിച്ചറിവിന്റെ
പ്രശ്നമായിരുന്നു ഞങ്ങള്‍ക്കിടയില്‍!

***** ***** ***** *****
മടുപ്പ് അനങ്ങാതെ
തറയില്‍ കിടന്നു.
വിശപ്പ് അടുപ്പിനു

ചുറ്റും‍മണം പിടിച്ചു.
കാമം തട്ടിന്‍‌പുറത്ത്
പതുങ്ങിനടന്നു.

എങ്ങുമെങ്ങും
നോക്കാതെ
ധ്യാനിച്ചിരുന്നിട്ടും
വല്ലാത്തൊരു കടിപിടി.

***** ***** ***** *****
എല്ലാം ഒറ്റ
വാക്കിലൊതുക്കാനായിരുന്നു
ദൈവത്തിന്റെ കല്പന
ഞാനാരാ മോന്‍!
ഞാനാ വാക്കിനെ
എല്ലാത്തിലും ഒതുക്കി!


Friday, May 16, 2008

അശ്ലീല കവിതകള്‍: അഞ്ചെണ്ണം.


കമിതാ‍ക്കള്‍
ഒരു ഗ്ലാസ്സ് പച്ചവെള്ളത്തില്‍
വെറും മട്ടായി അഭിനയിച്ചു-
ഒട്ടുനേരം പഞ്ചസാര.
മട്ടുമാറി കലരാന്‍ തുടങ്ങിയപ്പോള്‍
പച്ചവെള്ളവും അഭിനയിച്ചു.
എനിക്കു നിന്നോട് പെരുത്ത് പ്രേമമെന്ന്.

കാടിന്റെ കാമം
തുണ്ടുമാത്രം കണ്ടുകണ്ട്
ഒരുനാള്‍ പച്ചിലകള്‍ക്കിടയിലൂടെ
മൊത്താകാശം കാണാന്‍ പോയി
തുണ്ടുതുണ്ടായി മടങ്ങിവന്നു.

യക്ഷിക്ക്
വെറ്റില കയ്യിലെടുത്തതി-
ന്നൊത്ത നടുക്കവന്‍
പെരുവിരല്‍ കൊണ്ട്
നൂറുതേച്ചു!

നാല്‍ക്കാലി
ഉരസിനോക്കി
പൊക്കിനോക്കി
ആട്ടിനോക്കി
നിര്‍ത്തി നോക്കി
ശേഷം പിന്നെയും
ചിന്തേരിട്ടു.
ഓരോരോ കാലുകള്‍!

ഒലക്കേടെ മൂട്
ഉരലിനു കിട്ടേണ്ട
രതിസുഖത്തിനിടയില്‍ കയറി
പൊടിഞ്ഞുതീരുന്ന അരിമണികളെ
എന്തു വിളിക്കും?


Tuesday, May 13, 2008

മറുപടി പ്രതീക്ഷിക്കുന്നു


(1)
പച്ചിലപോലെ; പൊഴിഞ്ഞു വീഴുന്ന
ഉണക്കയിലയില്‍ നിന്നും മറുപടി പ്രതീക്ഷിക്കും.
നാളെയുടെ പകര്‍പ്പിതുതന്നെയെന്ന ആശങ്ക,
നീ വീണുകിടക്കുന്ന നിലമെന്ന അസ്വാസ്ഥ്യം,
അതിലേറെയാണ് കാറ്റിലിളകുന്നത്ര സത്യമെന്ന്
നിന്റെ കിടപ്പിലേയ്ക്ക് ഒക്കെയും
വിശ്വസിക്കാന്‍ പോന്നൊരു വാക്ക്.

ഉടല്‍പോലെ; വയല്‍‌വരമ്പിലൂടത്രയും വളഞ്ഞൊടിഞ്ഞു
മണ്ടുന്ന നിഴലിനോടും കാത്തിരിക്കും.
വെളിച്ചം തിരിച്ചറിഞ്ഞൊന്നു നോക്കിയപ്പോള്‍
കാല്‍‌‌വണ്ണകിഴിച്ച് ഒളിച്ചുപോവാന്‍ നോക്കിയതല്ലെന്ന്
കുരുക്കറിയാതെ അഴിയാതെ മലര്‍ന്നടിച്ചു വീണതല്ലെന്ന്
വലിച്ചിഴിച്ചു നടക്കുമ്പോള്‍ എന്റെ അര്‍ത്ഥഗര്‍ഭമായ
അടയാ‍ളമായി മലര്‍ന്നുകിടക്കുമ്പോള്‍
ആത്മാവിന്റെ മങ്ങിയ രൂപരേഖയല്ലെന്ന ഒരുറപ്പ്.

(2)
ഒരു കഥയെഴുതാനാവാതെ വരുന്നത്,
വിദൂരദേശത്തിരുന്ന്, നാട്ടില്‍ കറിക്കരിയുന്ന
അമ്മയെ ഓര്‍മ്മിക്കുന്നത്, അതുപോലൊക്കെ
സങ്കടപ്പെടുത്തുമെങ്കിലും ഓര്‍ത്തുകൊണ്ടിരിക്കാന്‍
ഇഷ്ടം തോന്നുന്ന ചിലത്……

ഒരു മറുപടി കിട്ടാതെ വരുമ്പോഴാണ് കത്തിന്റെ-
കടയ്ക്കലിരുന്ന് അതിനെ കുറ്റം ചുമത്തുക.
എന്ത് അവിവേകമാണ് എഴുതിച്ചത്,
പിഴുതുമാറ്റുമ്പോള്‍ കാണുന്നത് വെറും മണ്ണല്ലല്ലോ….
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കു വളര്‍ന്ന
പൂവെവിടാ കായെവിടാ വേരെവിടാ കിഴങ്ങെവിടാന്ന്
തിരിച്ചരിയാനാവാതെ ഒരു ഇരുതലമൂരി ചെടി!

കട്ടു ചെയ്തപ്പോള്‍ തരിച്ചിറങ്ങുന്നതിനു
തൊട്ടുമുന്‍പുണ്ടായൊരു ഞെട്ടല്‍,
തിരിച്ചുവരാത്തൊരു വിളിയെ കാത്ത്
മടങ്ങിയിരിക്കുന്ന സുഖം;
പുസ്തകം. ഇല്ല ഇനി തുറക്കില്ല
താളിലൊതുങ്ങി മേല്‍മേലെ അടുങ്ങി
അടഞ്ഞിരിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു നിന്നെ വിളിച്ചത്.
“സുഖം പരമസുഖം അവിടെയോയെന്ന്”
അടക്കം ചെയ്തൊരു മയില്‍‌പ്പീലി. ഒട്ടുമേ വളരാതെ.
അലങ്കോലപ്പെട്ടുകിടക്കുന്നവയുടെ അക്ഷരാരൂപിയെ
പ്രാപിച്ച് എന്നെ മാത്രം വായിച്ചത്ര അടങ്ങിയിരിക്കുന്നു.

(3)
മിണ്ടാതിരുന്ന് ആഴി കുറുക്കിയ മറുപടി,
അവഗണപോലെ വാരിത്തരുന്ന അടി,
അമ്പേ പരാജയപ്പെട്ടവനെന്ന് ചുവരിലെഴുതി തൂക്കും മുന്‍പ്
നിന്നില്‍ നിന്നും ഇരന്നുവാങ്ങുന്നത്.


Monday, May 5, 2008

എന്തു വിശപ്പിന്റെ കേടാണ് നമുക്ക്?


സ്ഫോടനത്തില്‍ തകര്‍ന്ന
ചില്ലുസ്വപ്നം ചിതറി
പിന്നിലും മുന്നിലും
തുളച്ചുകയറിയ പകല്‍.

വിശപ്പിന്റെ ദീനത
അസ്തമിക്കാനറച്ച ഓരോ
വെളിച്ചവും വലിച്ചൂരി
ഓര്‍മ്മയുടെ ഇരുട്ടില്‍
കുത്തിവരച്ചു.

ഒറ്റപ്പെട്ട നക്ഷത്രങ്ങള്‍
പറിച്ചെടുത്തപ്പോഴും
തൊലിയുരിഞ്ഞ് പാടുകള്‍
ശോണിമ, ശ്ലേഷ്മരസം,
മഞ്ഞ മോഹങ്ങള്‍.

ഇനി നീലാകാശം
തിരിച്ചുകിട്ടാനില്ലെന്ന
അറിവുറഞ്ഞ
ഒടുവിലെ ഉറക്കം.

മഞ്ഞുരുകി
നിറഞ്ഞു തുളുമ്പി
കരമാഞ്ഞ കടല്‍
തിളച്ചുമറിഞ്ഞ്
ജീവന്റെ കണികകള്‍,
പറന്നകലാന്‍
ആകാശമില്ലാത്ത
അനന്തത.

തരിശുമാത്രമായ
പരിവേഷം നേടി
കേടുപറ്റിയ
ബാക്കിയായ വിശപ്പ്.