Thursday, November 29, 2007

പൊട്ടക്കലം

എന്റെയീ കവിതകള്‍
കാലഹരണപ്പെട്ടൊരു കലത്തില്‍
കാക്കയിട്ട കല്ലുകള്‍.

സാമാന്യ ബുദ്ധിക്കാരനായ കാക്ക
ഒരു കഥ കേട്ട്;
വിശ്വസിച്ച്
നേര്‍ത്തൊരു ശമനത്തിന്
ഒരു തുള്ളി ജലത്തിനു
കാതോര്‍ത്ത്
കൈകോര്‍ത്ത്
ചുണ്ടുരുമ്മി ചിറകിളക്കി
നിറച്ചാലും നിറയാത്ത
കലവും കഥയും
കണ്ണില്‍ പുരളാത്ത
ജലവും വിട്ട്
എന്നിലേയ്ക്കു തന്നെ
തിരിച്ചുവന്നു.
ദാഹിച്ചു വലഞ്ഞ്
അതെന്നെ കൊത്തിപ്പറിച്ചു.

അപ്പോള്‍
മറ്റൊരു കലം
തേടിപ്പോകാന്‍ പറഞ്ഞ്
ഞാനൊരു കല്ല്
അതിനു കൊടുത്തു!.