Wednesday, February 27, 2008

ആദ്യരാത്രി (ആലാപനം)








Powered by Podbean.com



ഇതൊരു പരീക്ഷണമാണ്. എന്റേതായ പരിമിതിക്കുള്ളില്‍ നിന്ന് അതിന്റേതായ ഇടര്‍ച്ചയോടെ, പതര്‍‌ച്ചയോടെ.....!
കവിത വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ.

Wednesday, February 20, 2008

ഭ്രാന്തു പറയുകയല്ല!


പിന്തിരിഞ്ഞു പടികയറുന്നവന്‍,
കണ്ണുതുറന്ന് ഉറങ്ങുന്നവന്‍,
തലമറന്ന് പാമോയില്‍
തേക്കുന്നവന്‍,
ഇങ്ങനെയൊക്കെ
വിശേഷിപ്പിച്ചോളൂ...

കൂട്ടിയിടിക്കാനൊരുമ്പെട്ട
രണ്ടു വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത;
ആഞ്ഞുചവിട്ടിയതിന്റെ
സ്തോഭങ്ങള്‍ ഞെളിപിരിഞ്ഞെണീറ്റ്
തല്ലാനും ചീത്തപറയാനുമടുക്കുമ്പോള്‍
പറയാനൊന്നുണ്ട്
“പൊറുക്കണം ഞാനൊരു
കവിയാണ്, സ്വപ്നജീവിയാണ് !”

കിട്ടാനുള്ളതൊക്കെ
കൊട്ടക്കണക്കിനു വാങ്ങി
സൈഡുബഞ്ചില്‍ പോയിരുന്ന്
മോങ്ങുന്ന പുഞ്ചിരി
ഒരു കവിതയാണെന്ന്
തിരിച്ചറിയാത്തവരാണ്
ചങ്ങലയുമായി വരുന്നത്!

Tuesday, February 5, 2008

മതിലോരം ഒരു പ്രണയം


മതിലോരം ചേര്‍ന്ന്
പലതാളും പലവട്ടം
ചീന്തിയെറിഞ്ഞ്
മൃദുത്വത്തോടെ മതിമറന്ന്
പേര്‍ത്തെഴുതിയതത്രയും
ചും‌ബനങ്ങളായിരുന്നു.

രണ്ടു മതിലുകള്‍
ഇണചേര്‍ന്നു നിന്നതിന്റെ
വിടവില്‍
കാലാട്ടിയിരുന്നതില്‍
അതിരുകളുടെ
ജല്‌പനങ്ങളായിരുന്നു
ഉരുകിയൊലിച്ചത്,
അടയാളങ്ങളായതും.

ഞങ്ങളുടേതായ മതിലുകളില്‍
അറം‌പറ്റിവളര്‍ന്ന
മഷിത്തണ്ടുകള്‍
മറച്ചുപിടിച്ചത്
ഉദ്വേഗം പായല്‍ പിടിച്ച
അക്ഷരങ്ങളെയും.

അവള്‍, ഞാന്‍;
അതിരുകവിഞ്ഞ്
അവയുടെ അടയാളങ്ങളെ
മായിച്ചുകളയാനൊരുങ്ങി
അറിയാതെ
വലിച്ചെറിഞ്ഞത്
വെട്ടിയും തുരുത്തിയും
കടഞ്ഞെടുത്തൊരു
പ്രണയകവിതയുടെ
പുസ്തകമായിരുന്നു!