Friday, March 21, 2008

പൂ പറിച്ചവള്‍



ഉദ്യാനമദ്ധ്യേ
ഞാന്‍ നട്ട റോസയില്‍
പുഷ്പിച്ചു നി‌ല്‌ക്കും
വെളുത്തപുഷ്പം

ആരും പറിച്ചിടും
കണ്ടാല്‍ കൊതിച്ചി-
മേഴുവര്‍ണ്ണങ്ങളും
ലയിച്ച പുഷ്പം

ഒറ്റയ്‌ക്കു നിന്നു
ഞാനന്തിച്ചതിന്‍ ചാരേ;
എത്രയെന്നറിയില്ല
നേരം പുലര്‍ന്നുപോയ്

പാണികള്‍ വെമ്പി-
ക്കരഞ്ഞുപോയന്നേരം
പൂവേ പറിക്കുവാ-
നുള്ളം കൊതിച്ചീല

തോട്ടിപ്പണിക്കുപോം
പെണ്‍കളും നോക്കി
ആഢ്യധനസ്ഥരാം
സ്ത്രീകളും നോക്കി

കണ്ണില്‍ കളവുള്ള
കാ‍ക്കയും നോക്കി
പുല്ലിനായോടുന്ന
പൈക്കളും നോക്കി

ഓലിയിട്ടലറുന്ന
നായ്‌ക്കളും നോക്കി
കൂട്ടില്‍ തനിച്ചായ
തത്തയും നോക്കി

പൂക്കളെ കണ്ടവര്‍
പോക്കൂതുടങ്ങി
പാത്തും പതുങ്ങിയു-
ണ്ടാരോ വരുന്നു!

കാക്കേടെ കണ്‍കളെ
കാഞ്ചീ ചതിച്ചു
ഒരു തുള്ളി രക്തമാ
പൂവില്‍ പതിച്ചു

കാക്കയശുദ്ധിക്കു
പാത്രമെന്നല്ലോ
പൈമ്പാല്‍ കറന്നു
ഞാന്‍ പൂവില്‍ പതിച്ചു

കാക്കക്കറുപ്പിനെ
ചന്ദനം മുക്കി
ചന്ദനഗന്ധമാ
പൂവില്‍ പടര്‍ത്തി

ആരോ പതുങ്ങി
വരുന്നെന്റെ ചാരത്ത്
മലര്‍വാടി മൊത്തം
ത്രസിച്ചുപോയ് നേരത്ത്

നായ്‌ക്കളും തത്തയും
മൂകരായ് നോക്കുന്നു
നായ്‌ക്കള്‍ കരഞ്ഞില്ല
തത്തയോ ഊമയും

അടര്‍ത്തിയങ്ങാരോ
കുസുമബിംബത്തിനെ
ചിതറിവീണിതളുകള്‍
പെട്ടെന്നദൃശ്യമായ്

ഒരു തുള്ളി രക്തം
പൊഴിഞ്ഞു വീണിതളിന്റെ
യൊപ്പം വളര്‍ന്നുപോ-
യൊരു കൊച്ചു സ്നേഹം!

ഉദ്യാനമദ്ധ്യേ പൂവിനെ-
പ്പെറ്റതാം ചെടിയുടെ
ഉച്ചിയില്‍ ഉശിരുള്ള മുള്ളിന്
ഒരുപാടു നന്ദി.
ഇതെന്റെ പതിനാറുവയസില്‍ എഴുതിയ കവിതയാണ്. ഇന്നോളം ചില ചെറു വേദിയിലൊക്കെ ചൊല്ലിയെന്നല്ലാതെ പ്രസിദ്ധപ്പെടുത്താനോ നഷ്ടപ്പെടുത്താനോ കഴിഞ്ഞില്ല. കുറവുകളേറെയുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടതെന്ന് ഉള്ളില്‍ കുത്തിക്കുറിച്ച ഈ വരികള്‍ അതിന്റെ ശബ്ദത്തോടൊപ്പം അവതരിപ്പിക്കാം എന്നതിനാല്‍ മാത്രം…………;
പൊട്ടക്കലത്തില്‍.

Tuesday, March 18, 2008

ഞാന്‍ ദൈവമായിരുന്നപ്പോള്‍ ചെയ്ത മണ്ടത്തരങ്ങള്‍


ലക്ഷണമൊപ്പിച്ച് ഓരോരോ
കൊതവെട്ടിവച്ചത്
നിനക്കു ചാടിക്കയറാനല്ല.

ഓടെടാ…..
വേലികെട്ടിയതു കണ്ടില്ലേ?
എന്ത്!
വിളഞ്ഞെന്നോ,
പൂവും കായും കണ്ടെന്നോ?
ഇലയണിഞ്ഞുലഞ്ഞ്
കുനിഞ്ഞുനില്‍പ്പതു കാണാന്‍
നല്ല ചന്തമെന്നോ,
ചില്ലകള്‍ക്കിടയിലേയ്‌ക്കാണ്
നിന്റെ തോലുരിയുന്ന നോട്ടം
വലങ്കണ്ണില്‍ കരടുവീണ്
ഞെരടിയ കല്ലേറ്.

അതുശരി;
അഭിമുഖം നടത്താനെന്നോ..
ആ കോലങ്ങ്
മടക്കിവച്ചേര്.

വല്ലപ്പോഴുമൊക്കെ
ഒരു കയറുംകൊണ്ട്
ഇതിലേ ചുറ്റിത്തിരിയുന്നത്
എന്തായാലും
എന്നോടുള്ള ഇഷ്ടമല്ല.
തൂങ്ങിച്ചാവാനാണെങ്കിലും
പാവം ഈ മരം
എന്തു പഴിച്ചു?

അല്ല;
നീയെന്നോ?!
ഇലകൊഴിഞ്ഞുണങ്ങി
വിണ്ടുകീറുന്ന കാലത്ത്
വിറകിനുപോലുമെടുക്കാത്ത
ഈ പാഴ്മരത്തെ
ഇങ്ങനെ വളര്‍ത്തുന്ന
ദൈവം!
ഓടെടാ…….


കത

കാടുകയറിയ ചിന്തയുടെ
വിഴുപ്പാണ് ചുമലിലെങ്കിലും
അനുഭവത്തിന്റെ ചൂടും ചൂരും
വല്ലപ്പോഴുമൊക്കെ ഒളിഞ്ഞെത്തി
‘ബേ’ എന്നു മൂളാറുണ്ട്!

ഇടയിലൊന്ന്
‘വിഴു’ങ്ങിയതില്‍
നാടുവിട്ടുപോയ
ഒരമ്മപെറ്റ മക്കള്‍
അച്ഛനെ അച്ചാ
എന്നു തെറ്റിദ്ധരിച്ചു!

Monday, March 10, 2008

പെയ്‌നോമീറ്റര്‍


അസ്ഥിയൊടിയുന്ന
വേദനയുടെയും
ചെവി കുത്തിക്കീറുന്ന
വേദനയുടെയും
തൂക്കുനോക്കി മതിവരാതെ
നാഭിക്കുഴിയില്‍
പഴുപ്പിച്ച നൂലിരുമ്പ്
പിരിച്ചുകയറ്റുന്നതില്‍
അധികമെന്ന് കുറിച്ചു.

മര്‍മ്മപ്പെടുത്തി, കെണിച്ച്
കണ്ണ് കുത്തിക്കിഴിച്ചതും
പല്ലുടച്ചതും, പട്ടികയില്‍
ഇടിച്ചു നില്‍‌‌ക്കുമെന്നായി
(ചുണ്ടെലിയുടെ മൂക്കറത്ത്
മുയലിന്റെ ചെവിയറത്ത്
നായുടെ വരിയുടച്ച്)
അടിമയുടെ തല
തിളച്ചയെണ്ണയില്‍ മുക്കി
കനപ്പെട്ട്;
പരീക്ഷണ‌ത്വര
പിരിയിളകിയ നോവിന്റെ
അളവുകുറിക്കല്‍ യന്ത്രം
അവളുടെ
ഹൃദയമിടിപ്പുകളോട്
ചേര്‍ത്തുവച്ചപ്പോള്‍
കത്തിപ്പോയി!

നിങ്ങളുടെ പക്ഷം
അവള്‍ക്കൊരു വിളി
സ്വന്തമായുണ്ട്………

Friday, March 7, 2008

പൗരുഷം

ഒരു ദശവര്‍ഷം
കാത്തിരുന്നിട്ടാണ്
ഇളം കുസൃതിമുളപ്പുകള്‍
സ്വര്‍ണമണിഞ്ഞ്
ഉപജീവനത്തിന്
തയ്യാറെടുത്തത്.

അടുത്തൊരു
ദശവര്‍ഷം കൊണ്ടാണ്
നെയ്യിട്ടുകടഞ്ഞും
ഉഴിഞ്ഞുപരത്തിയും
സഗൗരവം

ഒന്ന് കട്ടിപ്പരുവമായത്.

എന്നിട്ടിപ്പോ;
ഒരുട്ടോപ്യന്‍
നയരൂപികരണത്തിന്റെ
റാഗിങ്ങുകൊണ്ട്
അങ്ങു വടിക്കാമെന്ന്
ഭാവിച്ചാല്‍ ഞാനവളെ
പുരുഷനെന്ന് കളിയാക്കും!