Tuesday, September 8, 2009

MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
'പുരുഷന്റെ പ്രായോഗികത'
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

Tuesday, September 1, 2009

1.2.3.4

ഭ്രാന്ത്
ഛേദിക്കപ്പെട്ട്
വീണുപോയ ചെവി
അതിലിരുന്ന
ചെമ്പരത്തിപ്പൂവിനോട്
ചോദിച്ചു.
‘നീയെന്നെ
എന്തിനൊറ്റിക്കൊടുത്തു?’

അടക്കം
ഓളങ്ങള്‍;
താണുപോകുന്ന കല്ലുകള്‍ക്ക്
കല്ലറകളെക്കുറിച്ചുള്ള
ഉറപ്പിന്റെ റീത്തുകളാണ്!

നാണമാകുന്നു!
കുപ്പായങ്ങള്‍
തൂക്കിയിട്ട് തൂക്കിയിട്ട്
ഇക്കണ്ട
ഹാംഗറുകളും മനുഷ്യരും
മൃഗങ്ങളെ
കൊലയ്ക്കു കൊടുത്തു!

അരിപ്പ
ചെരിപ്പുകള്‍
പരത്തി വായിക്കപ്പെടുമ്പോള്‍
ചോര്‍ച്ചകള്‍
പൂര്‍ത്തിയാക്കപ്പെടുന്നു!



Tuesday, August 25, 2009

എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു!

ശൂലമുനമ്പില്‍ നിന്നു
വാനം നോക്കുന്നോര്‍
കാണുന്ന കാനനം!

***********
ചേനത്തടം‌‌ വച്ച-
ടഞ്ഞിരിക്കും
പെണ്ണിന്‍ മേല്‍‌പ്പടര്‍പ്പ്!

***********
മരത്തണല്‍
കൊത്തിക്കോരിയിട്ടൊരു
മണ്‍‌വെട്ടി
കപ്പിയ ഇലകള്‍!

***********
കോരിത്തരിപ്പിന്റെ
മീന്‍‌ചട്ടിയില്‍
നീറിപ്പടര്‍ന്ന
രണ്ടു പുഴമീനുകള്‍.
(മറിച്ചിട്ടും തിരിച്ചിട്ടും
എണ്ണ കക്കി!)

***********
പൂച്ച
നോക്കിക്കാച്ചിയ പാല്
തിളച്ചുതൂവിയ പൂച്ച്;
ചന്ദ്രക്കല വീണുപോയ
ആകാശം!

***********
കേടായ കോടതി
ഇ'ട'പോയ കോതി!

***********
തുമ്മല്‍ വിഴുങ്ങിയ
സൂര്യന്റെ
ചമ്മല്‍ വിഴുങ്ങിയ
ചന്ദ്രന്‍!

***********
നാടകം കണ്ടു
നാട് അകം പിരിച്ചുകണ്ടു;
അകത്തിവച്ചൊരു 'അ'
കലപിരിഞ്ഞൊരക്ഷരം!

***********
തേനിരിക്കുന്നു
നക്കാന്‍ തുടങ്ങും മുന്‍പേ
തേനായിരിക്കുന്നു.
നാവായതുകൊണ്ടു
ക്ഷമിച്ചേക്കാം,
തുപ്പിക്കളഞ്ഞേക്കാം!

***********
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

Thursday, August 20, 2009

വാത്‌

തോറ്റാലെന്‍ പകുതി-
ഭാഗ്യമതു നിനക്കെന്നുമതി,
ജയിച്ചാല്‍‌ നിന്‍‌ പകുതി-
ഭാഗ്യമതെനിക്കെന്നും
വാക്കായിരുന്നിതിലൊരാളുടെ
ഭാഗ്യം കീറിപ്പോകുമെന്നുറപ്പായ
വിവരസ്ഥിതിയെ
വിരോധികളുടെ ഗൂഢാലോചന-
യെന്ന വാതിന്;
അപ്പുറമോ ഇപ്പുറമോ
എന്നുള്ള തര്‍ക്കവിതര്‍ക്കം!

Wednesday, August 19, 2009

നാരായണാ...

എന്റെ പട്ടി
പാലം കടന്നു പോകുന്നു.
അതിനു്‌
നാലു കാലുണ്ട്,
വാലുണ്ട്,
തലയുണ്ട്,
അതിന്റെ വായിലെന്താ
പിണ്ണാക്കാണോ?

അതാ
എന്റെ പട്ടി
പാലം കടന്ന് തിരിച്ചു വരുന്നു.
അതിനു്‌
നാലു കാലുണ്ട്,
വാലുണ്ട്,
തലയുണ്ട്,
അതിന്റെ വായില്‍
കൂരായണന്റെ എല്ലുണ്ട്!

ഇല്ലാ...
എന്നെ നിര്‍ബന്ധിക്കരുത്,
പിടിച്ചുന്തരുത്,
എന്റെ പട്ടി കയറിയ
പാലത്തില്‍
ഞാന്‍ കയറില്ല!

Monday, August 10, 2009

അഞ്ചു കവിതകളുടെ അവസാന അദ്ധ്യായം

കൊരങ്ങന്‍
തേന്‍‌ നോക്കിയലഞ്ഞ
മുടിവഴിയിലൂടെ തിരിച്ചു
പേന്‍ നോക്കിയടങ്ങി
മടങ്ങിവന്നു!

ശ്രദ്ധാലുക്കള്‍
കുമിളയ്ക്കു
വാതില്‍ കൊത്തിയ
സൂചിയെങ്കിലു-
മിക്കുരുന്നിന്റെ
കാതുകുത്തിനതു
പോരുമോ?

മുപ്പത്തിമൂന്നു്‌
ചെരിപ്പിട്ടൊരു
ചരിത്രസന്ധിയില്‍
വാറുപൊട്ടിയൊരു
ചാരിത്രസന്ധി
കയറിച്ചെന്നതുപോലൊരു
ദീര്‍ഘസ്വരാധിക്യ പ്രതിസന്ധി!

സ്വകാര്യം!
കുന്തമൊളിച്ചിരിക്കാന്‍
പോയ കുടത്തിലപ്പോള്‍
ഉന്തുവെള്ളത്തില്‍ വന്നു
നനഞ്ഞൊട്ടിനിന്നൊരു
കുടമുല്ലപ്പൂവു്‌!

'ഉന്ന'മനം
മുയലുകള്‍
വീണവായിച്ചുകൊണ്ടിരിക്കുന്ന
പ്ലാച്ചോടിന്റെ പകലുച്ചിയില്‍
തലയില്‍ മുണ്ടിട്ട ചക്കകള്‍!

Sunday, August 9, 2009

വിചാരഗിരി


വിജാഗിരിയില്‍
ഒരു മലയുടെ നടുക്കെത്തി
നിന്നുപോകലാണു്

വാതില്‍ തുറക്കുകയെന്നോ
അടയ്ക്കുകയെന്നോ
തിരിച്ചറിയാതെ
പിടിച്ചു നിര്‍ത്തിക്കളഞ്ഞു

ഇറക്കമോ കയറ്റമോ
എന്നറിയാതെ ഒറ്റപ്പെട്ടു

അടച്ചാലും തുറന്നാലും
ഏകാന്തമാണു്

എന്തായാലും;
ഒരു ഞരക്കം കേട്ടാണു്
നിന്നുപോയതു്,
നിര്‍ത്തിക്കളഞ്ഞതു്!

Saturday, August 8, 2009

പേപ്പട്ടി


ഒലിപ്പിച്ചു കേടായി
കിടന്നപ്പോള്‍
പേപ്പട്ടിത്തം
തിരിച്ചറിഞ്ഞു്
കിടക്കവിരിയിലെ
പൂവുകളെല്ലാം
കൊഴിഞ്ഞു!

ഒന്നു കുരച്ചാല്‍
തിരിച്ചുകയറി
ചിത്രങ്ങളായിരുന്ന
പൂവുകളെ
തലോടി നോക്കി.

മരിച്ചെന്നു്
ഉറപ്പാക്കാന്‍ രണ്ടു്
കുരകള്‍കൂടി
പകര്‍ത്തി നോക്കി.

പുലര്‍ന്നപ്പോള്‍
തുടലഴിച്ചു കിട്ടിയിരുന്നു.
ഒരു മനുഷ്യന്റെ ശരീരം
പൂവുകളില്‍
സുഗന്ധങ്ങളില്‍
വിരിച്ചു്
കിടത്തിയിരുന്നു!

Thursday, August 6, 2009

നാലാം ക്ലാസും ഗുസ്തിയും


ഉത്തരങ്ങളെഴുതിക്കഴിഞ്ഞാല്‍
കടലാസുകള്‍ പരസ്പരം
കൈമാറ്റം ചെയ്യണമെന്നും
തെറ്റുശരികള്‍ രേഖപ്പെടുത്തണമെന്നും
നിലവാരം കുറിക്കണമെന്നും
ഉത്തരവുണ്ടായി

അപ്പോഴാകട്ടെ
മുട്ടിന്‍‌‌മേല്‍ നിന്നു
പ്രാര്‍ത്ഥിച്ചതിന്‍‌ തത്ഫലം
എന്റേത് അവളും
അവളുടേത് ഞാനും
പരിശോധിച്ചു

അവള്‍ക്കു ഞാന്‍ പത്തില്‍‌ പത്ത്
എനിക്കവള്‍ പത്തില്‍‌ മൊട്ട

പ്രണയത്തിന്റെ നാലാം ക്ലാസും
ഗുസ്തിയും!

Wednesday, August 5, 2009

മാജിക്കല്‍ റിയലിസം

തലോടിത്തലോടിയിരിക്കെ
കൊമ്പു മുളച്ചുപോയൊ-
രുച്ച മയക്കം

വാരിവാരി
ആറ്റിനക്കരെ തൂത്തുവാരി
തൂത്തപെണ്ണിനെ വാരി
വരി മൂത്തനേരം
ഇടയിലൊരു വാഴ
കുലച്ചുപൊന്തി

പന്തുകൊണ്ടു കളിച്ചരം വന്നേരം
പൊന്തക്കാടുവന്നു വിളിച്ചു കിന്നരം
പന്തുപോയി ഒളിച്ചരംകിന്നരം

കൊമ്പു കുത്തി
കുലച്ചവാഴ
പന്തുതട്ടി
പൊന്തക്കാടിളക്കി

ഉള്ളില്‍
ഉള്ളിന്റെയുള്ളില്‍...!

Saturday, July 18, 2009

ആത്മരതി

പല്ലിനിടയിലിരിക്കുന്ന ഇറച്ചി;
പല്ലുപോയാല്‍?
............................
മനോഹരാ മനോഹരീ...
തിരിഞ്ഞുകിടക്കുന്ന നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍!
............................
ദൈവവും ചെകുത്താനും
ഒന്നിച്ചുണ്ണുന്ന ഒരേകപാത്രം!
............................
മുനയും കുഴയും പങ്കിടുന്ന
മൗനത്തിന്റെ ഒറ്റസൂചി
കുരുങ്ങിപ്പോയ ഒച്ചിന്റെ പശിമ!
............................
ചോര
ഒറ്റച്ചോര
ചേര്‍ച്ച
ചോര്‍ച്ച
ഒറ്റ!

Friday, July 17, 2009

വിശപ്പു്‌ എപ്പോഴും ഒരു കോമ

ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്‌

ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍

പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി

വിശപ്പു്‌ എപ്പോഴും ഒരു കോമ

ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം

ചിഹ്നങ്ങളുടെ ശരീരഭാഷയെ അതിമനോഹരമായി അവതരിപ്പിച്ച ഈ ലാപുഡീയന്‍ കവിതയുടെ ഒരു പാരഡിയായി മാത്രം കണ്ടാല്‍ മതി. വിഷയദാരിദ്ര്യം കൊണ്ടാണ്‌. മാപ്പ്.



Tuesday, June 23, 2009

അവരുടെ ഹൃദയങ്ങള്‍ കൊളുത്തിയുണ്ടാക്കിയ തോരണങ്ങളെക്കുറിച്ച്....

ആയിരമോല;ക്കനമേ-
റ്റുംകൊണ്ണ്ടാ-
ണോരോമച്ചിങ്ങയും
തേങ്ങിക്കൊഴിഞ്ഞു
വീഴുന്നതത്രേ!

തേങ്ങാക്കുലകളില്‍
തേങ്ങകള്‍
നൂറുനൂറെണ്ണി-
യുരുകിടുമ്പോള്‍,
ഓലകള്‍;
നല്ലോലകള്‍
വേനല്‍‌പുഴയി-
ലടിഞ്ഞിടുമ്പോള്‍,
ആരും മെടഞ്ഞു
പുരകെട്ടിടാ-
ത്തോരോ സ്വപ്നങ്ങള്‍
നേര്‍ത്തൊരീര്‍ക്കില്‍
മച്ചിങ്ങമേ-
ലാഴ്ത്തിടുമ്പോള്‍..

എന്റെ ബാല്യ-
മറിഞ്ഞിടാ-
തൊട്ടുനിന്റെ
ബാല്യവുമറിഞ്ഞിടാതെ;
തോരണങ്ങളായ്,
തോരണങ്ങളായ്,
തോരാരോരോ-
വ്രണങ്ങളായ്
വഴിനീളെ....

Thursday, June 18, 2009

പുളിയിറക്കങ്ങള്‍

ഒരു നെല്ലിക്കയെ
അയവെട്ടിയിരുന്നപ്പോള്‍
തികട്ടിവന്ന കിണറ്റില്‍
ചുറ്റിത്തിരിഞ്ഞ
വെള്ളത്തിലാശാന്‍.

വാളന്‍പുളി
കുടമ്പുളിയെ കാമിച്ച
രാത്രിയിലായിരുന്നു
ആരുടെയോ
ഗര്‍ഭത്തിലാടുകയായിരുന്ന
പുളിയന്‍ മാങ്ങ
പൊട്ടിവീണത്..

പച്ച മുന്തിരിയോ
കറുത്ത മുന്തിരിയോ
കൂടുതല്‍ പുളിച്ചതെന്ന്
ഈ രാത്രിയിനി
ആരോടു ചോദിക്കും?

വാളിനുശേഷം
വായില്‍ ഒഴിച്ചുതന്ന
പുളിച്ച മോരാണേ സത്യം.
കെട്ടിറങ്ങി,
കെട്ടുകളിറങ്ങി
വെളിച്ചം‌ വിരിയിച്ചു
നോക്കുമ്പോള്‍;
കുടും‌ബാസൂത്രണം
ചെയ്യപ്പെട്ടതുപോലൊരു
ഇലുമ്പിപ്പുളിമരം!

Monday, June 8, 2009

വിത്തുകുഴല്‍

വഴിയാത്രയില്‍
വിത്തുകളെ
ഊതി വിളയിക്കുന്നൊരു
കുഴല്‍ കിട്ടി.
കുറച്ചു
വിത്തുകളും കിട്ടി.
മരച്ചോട്ടില്‍
മരം കടിച്ചുതുപ്പിയ
ഇത്തിരി
വെയില്‍ വട്ടത്തില്‍
നിരത്തിയിട്ടു്‌
ഊത്തുതുടങ്ങി.
നെല്ലു വിളയുന്നതുപോലെ,
അരി വിളയുന്നതുപോലെ,
അവലു്‌ വിളയുന്നതുപോലെ,
വാക്കു്‌ വിളയുന്നതുപോലെ,
മനുഷ്യന്‍ വിളയുന്നതുപോലെ...
എങ്ങനെ,
എങ്ങനെ?
കൗതുകം കാത്തു.
എന്നാല്‍,
ആരും ഈരും
ഒന്നും വിളഞ്ഞില്ല.
അതിനാല്‍ കുഴലെടുത്തു്‌
മണ്ണില്‍ നാട്ടിവച്ചു.
വിത്തെടുത്തു്‌
അതില്‍ നിറച്ചും വച്ചു.

പോകും വഴിയെങ്ങാന്‍ കണ്ടാല്‍
വിശ്വസിച്ചുപോകരുതു്‌....
ആരാധിച്ചുപോകരുതു്‌....!

Tuesday, June 2, 2009

പാറ്റ്

കുതിരകളെയും
കഴുതകളെയും
കാറ്റിനെതിരേവിട്ട്
ഒരു മുറച്ചിരി
തറച്ചിരിപ്പ്.
അതായത്;
കാറ്റിനൊപ്പം പറന്നതും
തിരികെ മുറത്തില്‍
വീണതും
ഗണിക്കുമ്പോള്‍
ഏതിനെ കുതിര
ഏതിനെ കഴുത
എന്നു വിളിക്കണം?

Sunday, May 31, 2009

കള്ളന്‍

വിരല്‍തുമ്പിലെ കറക്കങ്ങള്‍
പോക്കറ്റിലെ മൃഷ്ടാന്നങ്ങള്‍
പൂച്ചട്ടിയിലെ ഒളിവുകാലം
കാര്‍പ്പെറ്റു്‌ തടവ്
ഭയഭ്രമകല്‌പിത കട്ടിളപ്പടി
ആശയങ്ങളുടെ അലമാര
ആശകളുടെ മടിക്കുത്ത്.

ഇപ്പോള്‍ ഒരു താഴിനുള്ളില്‍
തല പെട്ടിരിക്കുകയാണ്‌.
"ആരെങ്കിലുമൊന്നു
വലിച്ചൂരിത്തായോ അയ്യോ!
എനിക്കിതൊന്നും
സഹിക്കാന്‍ മേലേ,,,!!!"

Thursday, May 28, 2009

മൂളല്‍ മൂളല്‍ മാത്രം....!

"ഏകാഗ്രമാക്കി വച്ച
രണ്ടു്‌ മൂളലുകള്‍ക്കിടയിലെ
ചിറകടി"

പറക്കുന്നവയുടെ മാത്രം
ഹൈരാര്‍ക്കി.

ചെവികളുടെ
സൂക്ഷ്മതക്കുറവു്‌
നഷ്ടമാക്കിയ അറ്റം.

മൂളിപ്പാട്ട്‌ ഉണര്‍ന്നതും
നിലച്ചതുമായ സമയം.

ദാവീദിനും
ഗോലിയാത്തിനുമിടയിലെ
കല്ലുകള്‍.....

Wednesday, May 27, 2009

മൂളല്‍

മൂക്കിന്‍-
തുഞ്ചം.
കീടം,
വിമാനം;
മത്സരം.
ഇടയിലൊരു
പറവ!

Friday, May 15, 2009

ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകള്‍


ഉരച്ചുകളഞ്ഞ
ജീവിതത്തിന്റെ
മുന
അക്ഷരപ്പേരില്‍
ഉരച്ചുണ്ടാക്കിയ
ജീവിതത്തിന്റെ
ഊഷരതയ്ക്കുമേല്‍
മുനയില്ലാതായപ്പോള്‍
കുത്തിവരച്ചത്..
മഷിത്തണ്ടറ്റങ്ങളില്‍
കരയുന്നവര്‍,
അടയാളങ്ങളുടെ
മറവിയടുക്കിന്‍
തെളിച്ചവരകള്‍-
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍,
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍..

പുഴകള്‍ നിറഞ്ഞു -
കവിഞ്ഞ്
ഉയരവൃക്ഷങ്ങള്‍
മൂടിപ്പോകുന്നതിന്റെ
മേല്പരപ്പില്‍
കിടന്നു നോക്കുന്നു.
ആകാശം
മേലെ അടയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ച്
ഇങ്ങനെയൊരാശയം.

Thursday, May 7, 2009

പച്ചമുളക്

കെട്ടുപ്രായത്തിലെ
ഈ ഉള്ളുപുകച്ചില്‍;
പൊട്ടുപ്രായത്തിലേ
കിളി കൊത്തിടാത്തതിനാലല്ലേ?
ഇനി പഴുപ്പിച്ചിട്ടെന്തിന്,
ചുവപ്പിച്ചിട്ടെന്തിന്,
പൊടിഞ്ഞിരുന്നിട്ടെന്തിന്?!

Thursday, April 16, 2009

ഉണക്കി സൂക്ഷിക്കാതിരിക്കാനാവാത്ത വിധം ചില സന്ദേഹങ്ങള്‍

(1)

ഈ മണല്‍ത്തരിയി-
ലൊളിച്ചിരിക്കെ
സ്വര്‍ഗ്ഗമേ
നിന്നെ ഞാനവ്വിധം
മുറിച്ചു രണ്ടാക്കി!

(2)
ഹേ മഞ്ഞുകാലമേ
നിന്റെയീ പടുവസ്ത്രം
കൊടും വേനലിന്‍‌
ചെളിമൂടിയ കയത്തി
ല്‍
പിന്നെയുമെങ്ങനെ
പുളിച്ചുപൊന്തി.


(3)
പിടിതരാതിരിക്കാ
ന്‍
വഴുതുമ്പോള്‍
പോക്കുവെയിലേ
പോകെപ്പോകെ-
ത്തണുവാകെയതാറിക്കാഞ്ഞ-
തിരുട്ടാകെയകം
ചെതുമ്പ
ല്‍ മൂടുന്നു.

(4)
പിഴുതെടുത്തു
നെഞ്ചി
ല്‍
പുണര്‍ന്നിടാന്‍‌
പുല്ലേ
നിനക്കാ
മിടിപ്പില്ല!
കാറ്റിലാടുമ്പോളത്ര
കണ്ടിരിക്കാം
നിന്റെ ഹൃദയം.

(5)
ഘടി‘യാ’കാരമേ
മണിക്കൂ
ര്‍ സൂചിയെ
കാണുമ്പോ
ള്‍‌ മാത്രം
വയസ്സോര്‍മ്മിക്കുന്നവനെപ്പോലെ....
അറിഞ്ഞില്ല;
ഒന്നുമറിഞ്ഞില്ല.