Wednesday, January 30, 2008

വേരുകളും മാളങ്ങളുംവരണ്ടമണ്ണിലെ വേരുകള്‍
ദൂരങ്ങളോളം കഠിനമായി
പരിശ്രമിച്ചത്
മാളങ്ങള്‍ ഓരോരോ
കപ്പക്കിഴങ്ങിലേയ്ക്കും
കടിച്ചുപറിയുടെ
ചുഴിപ്പുകളിടുമ്പോള്‍
പൊട്ടിപ്പോയിട്ടും
പുതിയ മുഖങ്ങള്‍
പിറന്നു ചാടി
പലവഴി മുന്നേറി
നനവിന്റെ കാഴ്ച്ചതേടി
ഏതൊക്കെ മാളങ്ങളുടെ
ഏതെല്ലം അവസ്ഥകളെയാണ്
മറികടക്കേണ്ടത്!

എന്നാലൊരു
യൌവനവൃക്ഷത്തിന്റെ
തായ്‌വേരു തുരന്നുപോയ
മാളം പറഞ്ഞ കഥയാണ്…;

ചീഞ്ഞുനാറിയൊരോടയിലേയ്ക്ക്
കുടിച്ച നീരുറവപോലും
ഛര്‍ദ്ദിച്ച് നോക്കിയതില്‍
പ്രായമറിയിക്കാതെ
തെറ്റുധരിക്കപ്പെട്ട
ചില മണങ്ങള്‍
മാനഭംഗം ചെയ്യപ്പെട്ട്
പുളിച്ചു പൊന്തിയെന്ന്
സ്രവങ്ങളെല്ലാം
കുഴഞ്ഞുകിടന്നതിനുമേലെ
കടന്നുപോയ ചില വേരുകള്‍!

ഈച്ചകള്‍ ചെവിയില്‍
മൂളിക്കൊടുത്ത സൂക്തങ്ങളില്‍
ഒരു പ്രളയദിനമെങ്കിലും വന്ന്
കൊന്നുതള്ളി പുഴകള്‍
കടലില്‍ ചാടിമരിക്കുമെന്ന
മോക്ഷത്തിന്റെ സ്വപ്നം!

Sunday, January 27, 2008

മൃഗശാലയിലെ പല്ലി


ഇന്നെങ്കിലും സിംഹത്തെ
തിന്നാനാകുമെന്ന കൊതി
ഭിത്തിയിലിഴഞ്ഞ്
പല്ലിവാല്‍ മുറിഞ്ഞതും
കാരണമൊന്നും കൂടാതെ
ജന്തുപോലുമല്ലാത്ത വസ്തുത
മുന്‍പില്‍ പിടഞ്ഞതിലേയ്ക്ക്
സിംഹം അലമുറയിട്ടതിന്റെ
ഉള്ളറിഞ്ഞ് പൊട്ടിച്ചിരിച്ച്
കുതിരകള്‍ കയറുപൊട്ടിച്ചതില്‍
ഭ്രാന്തുപിടിച്ചെടുത്ത
തെറ്റിദ്ധാരണകള്‍ കുമിഞ്ഞുകൂടിയ
ചിറകടികളും കലപിലയും
പക്ഷിക്കൂടുകളില്‍
പകച്ചലച്ചതിലേയ്ക്ക്
ഒന്നോലിയിട്ട് ചെന്നായ്ക്കളും
ഇഴഞ്ഞ് മലമ്പാമ്പുകളും
വൈകിമാത്രമുറങ്ങിയ
കഴുതകളും പങ്കുചേര്‍ന്നതും
കാണാനാകാതെ
ഭാവിയുടേതുമാത്രമായ
ദുരന്തങ്ങള്‍ ആലേഖനം
ചെയ്ത നഷ്ടപ്പെട്ടുപോയ
ഗൌളിശാസ്ത്രപുസ്തകം തേടി
അടച്ചിട്ട മുറികളില്‍ ചിലര്‍
ശരിയോ തെറ്റോ
വേര്‍തിരിച്ചു ധരിക്കാനറിയാതെ
ഖനനം നടത്തുകയായിരുന്നു!


ഈ കവിത ഇങ്ങനെയായതിലേയ്ക്ക് എന്നെ നയിച്ചത്
ഗുപ്തന്റെ ഈ കഥ.

Tuesday, January 22, 2008

ചില പ്രത്യേകതരം കവിതകള്‍

ആറ്റുനോറ്റിരുന്നിട്ടും
നോമ്പുനോറ്റിട്ടും
തിളച്ചുപൊങ്ങിടാതങ്ങനെ
പാല്‍ പോലെ കവിത.
കാറ്റിലലഞ്ഞലക്‌ഷ്യമായ്‌
ചിന്തകള്‍
പാഴ്‌കിനാവില്‍
ലയിച്ചിടാന്‍
കാത്തുകാത്തങ്ങിരുന്ന്
തിളച്ചുവീണതില്‍
പൊള്ളിത്തീയണച്ച്
കരിഞ്ഞ്
ബാക്കിയായതില്‍
വെള്ളം ചേര്‍ത്തിളക്കിയും
ചേര്‍ക്കാതെയും…..

ഓര്‍ത്തുരാകി
മിനുക്കിയുള്ളുറകുത്തി
പാത്തുവച്ചു
തിരിച്ചെടുക്കുമ്പോള്‍
തെറ്റിമുനയൊടിഞ്ഞ്
തുരുമ്പിച്ച
കവിത.

തലക്കെട്ടു ‘കെട്ടി’
‘കുത്തലൊക്കെ’ മറന്ന്
കണ്ണടച്ച് കുടിച്ചു-
മൂത്ത് ലഹരി
പൂത്തൊരുദ്യാനം
പോലെ…..

തുള്ളിയുണങ്ങാതെ
തീനക്കി-
പ്പൊള്ളിമാത്രം
കഴിയുന്ന തീക്കനല്‍
ഉള്ളിലടക്കിയൊ-
രീര്‍പ്പത്തിന്‍ തുള്ളി.

നായപോല-
ല്‍‌സേഷനായ-
പോലങ്ങനെ
നാലുപേര്‍ കുറ്റം
കണ്ടില്ലെന്നാലു;
വാലു വട്ടം വളച്ചാട്ടി
കാലുനക്കിയാലും
കുരച്ചെന്നാല്‍
കല്ലേറുകൊണ്ടപോലെ
കവിത.

ആടുകയാണൂഞ്ഞാല്‍
കവിത
ആശയക്കാറ്റുണ്ടു
പിന്നിലൊന്നിള-
ച്ചൂതിയാല്‍ മതിയില്ലേ
ആശയൊന്നമര്‍ന്നിരിക്കുമ്പോള്‍
കൊമ്പുതന്നേ
പൊട്ടിവീഴും കവിത

എന്നിലൂറിനിന്ന
മധുരക്കരിമ്പുകണ്ടം
നിന്നിലടിവേരു
കയിച്ചു തുപ്പിക്കും
മന്ത്രജാലം.
നെഞ്ചുപിളര്‍ന്നെത്ര
കാട്ടുമീയിരുട്ടിലേയ്-
ക്കുറ്റുനോക്കിയാല്‍
കരിന്തിരി വിളക്കു-
പോലൊരു നക്ഷത്രം.

ചാണകം
മെഴുകിവിണ്ട തറയിലെ
വിള്ളലായ്
കിടന്നു പാര്‍ക്കണം
കാലമെത്ര ചവിട്ടു-
കൊണ്ടുവലുതാവാ-
നെങ്കിലും കുറ്റമായ്
കുറവായ് അല്ലലിന്‍
വൈക്കോല്‍
തുരുമ്പരഞ്ഞ
ഗര്‍ഭത്തിലങ്ങനെ പണ്ടേ
ഒളിച്ചിരുന്നില്ലേ….

ഞാനിട്ടുതേഞ്ഞ
ചെരുപ്പു നീ
കൊട്ടിയുടച്ച വള
കാഞ്ഞ പ്രണയം
കുത്തിയ നെറ്റിയി-
ലുറഞ്ഞ തേന്‍-
തുള്ളി വിയര്‍ത്തു
വീണ ചുണ്ടില്‍
പുലരുന്ന
പുതുഞാറ് കവിത.

‘കാമധേനു’വിന്‍
കരളുറ്റിവീണ
ചൊര വെളുത്ത
പാല്‍ കറന്നെടു-
ത്തടുപ്പില്‍ വച്ചു
തിള കാത്തിരിക്കും
കവികളേ………
“തിളയ്ക്കട്ടെ
നമ്മുടെ കവിത!”

Saturday, January 19, 2008

മുജ്ജന്മപാപം


ഇഞ്ചിഞ്ചായി
കൊല്ലപ്പെട്ടു.
മരണത്തിന്റെ
ഊടുവഴിയിലെല്ലാം
കുഴഞ്ഞുവീണ്;
കരിങ്കടല്‍
കുലകുത്തിയൊഴുകി
നെഞ്ചലച്ച്
ചുവന്ന പുഴയില്‍
ആത്മാംശമുപേക്ഷിച്ച്
തെളിഞ്ഞ്
തന്റേതല്ലാത്ത
മാലിന്യവുമായി
അനുസ്യൂതം
പുനര്‍ജനിച്ചു!

Thursday, January 17, 2008

കത്രിക


അകന്നിരിക്കുന്നതില്‍
അപകടസൂചനയുടെ
ആക്കവും
അടുക്കുന്നതില്‍
വേര്‍തിരിവുകളും
ഉണ്ടാകാം.

കെട്ടഴിക്കാനാവാതെ
മുറിച്ചറത്ത്
ചില അറ്റങ്ങളെ
നഷ്ടപ്പെടുത്തുന്ന പ്രണയം

തമ്മില്‍
കെണിഞ്ഞിരുന്നിട്ടും
മുറിഞ്ഞുകയറി
സീല്‍കാരത്തോടെ
ഇടയുന്ന കാമം

കെണിപ്പിന്റെ
അക്ഷത്തില്‍ തിരിഞ്ഞ്
മൂര്‍ച്ചപ്പെട്ടുരസി
അകല്‍ച്ചകള്‍ മാത്രം
സൃഷ്ടിച്ച്
കടന്നുപോകുന്നു.

ഒരിക്കലൊക്കെ
ഒന്നു മാറിനിന്നും
നോക്കണം

തമ്മില്‍ കുത്തിക്കയറാനുള്ള
പകപ്പിനിടയിലും
ഒന്നിനോടൊന്ന്
കുനിഞ്ഞും നിവര്‍ന്നും
നില്‍ക്കും!

Wednesday, January 16, 2008

മൃഗം

കണ്ണുരുട്ടി
നക്കുമ്പോള്‍
മേല്‍കീഴെ
ഒരു തിരിച്ചിലിന്റെ
കുതറലോടെ
ഓളങ്ങള്‍
വകഞ്ഞുതെളിഞ്ഞ്
പ്രതിരൂപം
നിന്നെ കാണുന്നത്
ദാഹം തീരാത്തൊരു
പുഞ്ചിരിയുടെ
ഇളക്കത്തോടെയായിരിക്കും!

Wednesday, January 9, 2008

എലിപ്പത്തായം

തന്റേതല്ലാത്ത
അകവും പുറവും
എന്നോര്‍ത്തു
മരുവുന്ന അഴികളും
വരാനിരിക്കുന്നതിലേയ്ക്ക്
ജാഗരൂകമായ്
തുറന്നുപിടിച്ച വാതിലും
അവളെ;
എലിപ്പെട്ടിയെന്നു വിളിപ്പിച്ചു.

എന്റെ വഴിയിലേയ്ക്ക്
ഒന്നു നോക്കിപ്പോയതും
ഉണക്കമീന്‍ രൂപത്തില്‍
ഉള്ളില്‍ കൊളുത്തിയിട്ടിരുന്ന
കെണിയിലേയ്ക്ക്
മണം പിടിച്ചുചെന്നതും
ഒറ്റക്കടികൊണ്ട്
ഞെട്ടിത്തരിച്ചുപോയ
അവളില്‍ ഞാനും
ചതിക്കപ്പെട്ടതോര്‍ത്ത്
പുറത്തേയ്ക്കുപായാന്‍
അഴിമാന്തി
ഉലാത്തിയും കടിച്ചും
വെപ്രാളം കാട്ടിയെങ്കിലും.....

എന്നെ കൊലക്കളത്തിലേയ്ക്കു
പറഞ്ഞയക്കാന്‍
ആ ഭയങ്കരി
വായ തുറന്നു!

എന്തൊക്കെയായാലും
ഞാനവളില്‍ അകപ്പെട്ടിരുന്നതും
വിശന്നപ്പോള്‍
കെണിയായിരുന്ന ഉണക്കമീന്‍
തിന്നുതീര്‍ത്തതും മറക്കാമോ?!

Sunday, January 6, 2008

കല്‍വിഗ്രഹങ്ങള്‍


ഉടലിഴച്ച് പാമ്പ്
കാല്‍ കയറി
തുട പറ്റി
അരക്കെട്ടു മുത്തി
മുലകൊത്തി
കഴുത്തോളമെത്തി
തലചുറ്റി വീണപ്പോള്‍
ചുണ്ടിലേയ്ക്കൊരു
പുഞ്ചിരിപ്പടം
പൊഴിഞ്ഞു.

ചുക്കിച്ചുളിഞ്ഞ
പുറന്തോടിനുള്ളില്‍
സ്വപ്നങ്ങള്‍
ഉരുവാകുന്നൊരു
സുഷുപ്തിയിലേയ്ക്ക്
കണ്ണുകള്‍
ഇരുട്ടു കായവെ
മാളത്തില്‍
പത്തികള്‍ മടക്കി
പാമ്പിന്റെ
വാലനക്കങ്ങള്‍കൊണ്ട്
നിമിഷാന്തരങ്ങള്‍
ധന്യമായി.

കല്ലുളിയും പാരയും
തീപ്പന്തവുമായി
വന്നവര്‍
ഇക്കിളിപ്പെടുത്തുന്ന
ഒറ്റവലികൊണ്ട്
കശേരുക്കളൊടിച്ച്
പാമ്പിനെ
കാല്‍ച്ചുവട്ടിലിട്ട്
തല്ലിക്കൊന്നു.

മാളത്തിന്റെ
ഉള്ളറയില്‍
വളര്‍ന്നു തുടങ്ങിയ
സ്വപ്നത്തിന്റെ
തല മാന്തി
തീയിലെറിഞ്ഞു.

ചെണ്ടകൊട്ടിയും
തീയിട്ടും
പ്രക്ഷുബ്ധമായ
രംഗത്തേയ്ക്ക്
പുറന്തോടു പൊട്ടിയൊലിച്ച
കാഴ്ച്ചയുടെ
കണങ്ങളോരോന്നും
ഓരോ ഭീതിയെ
നഷ്ടപ്പെടുത്തി.

ബാക്കിയായത്;
പാമ്പുപിടിത്തക്കാരുടെ
പാലുണ്ടുവളര്‍ന്ന സര്‍പ്പങ്ങള്‍
ഇഴഞ്ഞുനടന്ന
കല്‍പ്രതിമ മാത്രം.

അവരതിനെ
ആരാധിച്ചു തുടങ്ങി!

Friday, January 4, 2008

ആദ്യരാത്രി


അരനിറച്ചു,മരനാണം
കൊറിച്ചു,മരഞ്ഞാണ-
മണികിലുങ്ങിക്കുലുങ്ങി
തുളുമ്പി വീഴല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

തലമറിച്ചുപേന്‍
നോക്കിക്കുറിച്ചു
പലകുറി
കാര്‍കൂന്തലെണ്ണി-
പ്പഠിച്ചു മെടഞ്ഞു-
മടിഞ്ഞങ്ങിരിക്കാം.
ഇന്നാദ്യരാത്രിയല്ലേ!

അഴിഞ്ഞിടുമ്പോള്‍
പിഴിഞ്ഞിടുമ്പോലൊരു
തുണി കുനിഞ്ഞു
പിഴിഞ്ഞിടുമ്പോലി-
ടഞ്ഞു മിഴിയൊന്നു
കുറുമ്പിനില്‍ക്കുമ്പോള്‍
കരഞ്ഞിടല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

തരുന്നോ തന്വിനീ
വിളക്കുപൂക്കള്‍
കെടുത്തിടാം
പാട്ടുമരത്തിലേയ്ക്കിത്തിരി
കാറ്റയച്ചിളം-
ങ്കൂറ്റുകള്‍ കേട്ടു കിടന്നിടാം
വിയര്‍ക്കുമ്പോള്‍
എന്നിലേയ്ക്കൊട്ടി
വിയര്‍ക്കുമ്പോള്‍
പിരിഞ്ഞുപോവല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

നോക്കുനീ കുന്നേ
കുളത്തിലെ
താമരപ്പൂക്കളെ
നോക്കുനീ കൊറ്റീ
മുഴുത്തൊരു മീനിന്റെ
പോക്കുനീ
കുളത്തിലെ
കുന്നിന്റെ മടിയിലെ
ചോപ്പുനീ കണ്ടോ
ഉദിച്ചുന്‍‌‌‌ദ്യുതിപ്പുകള്‍

നീര്‍ത്തിനാം
നമ്മുടെ
വെളിച്ചത്തഴപ്പായ
ചുറ്റിപ്പിണരുമ്പോള്‍
ചുറ്റിനുമേതോ
ഇരുട്ടിന്‍
കരിമ്പടം!

കുത്തിപ്പിഴിഞ്ഞതേ
ദേഹമേ
കുറ്റമറ്റതേ
നീര്‍ത്തിയിട്ടുണക്കുക
നിന്റെയഴകളില്‍
നീണ്ടുകിടക്കുക.
വെയില്‍ കായുക
ഉണങ്ങിയുണങ്ങിനീ
നിന്നെ ധരിക്കുക
ഒട്ടുക
വിട്ടുപിരിയാനാകാതെ-
തിഴചേര്‍ന്നു
പറ്റുക.

വീണ്ടും;
നീയെന്റെ
മറ്റൊരു നീയെന്ന്
തെറ്റലന്യേ
ചൊല്ലുക.

നാം പറ്റും
പടര്‍പ്പെല്ലാം
നമ്മളെന്നും
പൂവെല്ലാം
നാമെന്നും
ചൊല്ലുക.

നാം ചുറ്റും
മരമെല്ലാം
നമ്മളെന്നും
കനിയെല്ലാം
നാമെന്നും
ചൊല്ലുക.

ചൊല്ലുക……!

“വാക്കുപോലല്ലീ
മുഴുത്തൊരാരാഗം
മുറിഞ്ഞുവീണൊരു
മൌനം
നിറച്ചു കഷ്ടത്തില്‍
നോക്കിനാല്‍
മൊഴിഞ്ഞതും;
കഴിഞ്ഞുപോയില്ലേ
രാത്രിയെന്നറിഞ്ഞു
നാമൊന്നും മിണ്ടാതെ
കൊഴിഞ്ഞുപോയില്ലേ
രാത്രിയെന്നുറക്കെ-
ച്ചിരിച്ചിടാം
പുലരി
തിന്നുതീര്‍ക്കട്ടെ
നമ്മുടെ തുടിപ്പുകള്‍.”

Wednesday, January 2, 2008

മരണാനന്തരം

ദുര്‍മേദസ്സായി
തകര്‍ന്നോരു
ദേഹമേ
മണ്ണിലേയ്ക്കെന്നെയും
കൊണ്ടുപോ
ഞാനതിന്‍
കുഴിയിലമരാതെ
നിന്നെ കരുതിടാം.

പാപ-
മലങ്കാരമാക്കി
ദുഷിച്ചോ-
രാത്മമേ
നരകത്തിലെന്നെയും
കൊണ്ടുപോ
ഞാനവിടെ നിന്നെ
രാജാവായുയര്‍ത്തിടാം!

(ഇനി വിലാപങ്ങള്‍
പരസ്പരം
കേള്‍ക്കാനാവില്ല!)