Tuesday, June 23, 2009

അവരുടെ ഹൃദയങ്ങള്‍ കൊളുത്തിയുണ്ടാക്കിയ തോരണങ്ങളെക്കുറിച്ച്....

ആയിരമോല;ക്കനമേ-
റ്റുംകൊണ്ണ്ടാ-
ണോരോമച്ചിങ്ങയും
തേങ്ങിക്കൊഴിഞ്ഞു
വീഴുന്നതത്രേ!

തേങ്ങാക്കുലകളില്‍
തേങ്ങകള്‍
നൂറുനൂറെണ്ണി-
യുരുകിടുമ്പോള്‍,
ഓലകള്‍;
നല്ലോലകള്‍
വേനല്‍‌പുഴയി-
ലടിഞ്ഞിടുമ്പോള്‍,
ആരും മെടഞ്ഞു
പുരകെട്ടിടാ-
ത്തോരോ സ്വപ്നങ്ങള്‍
നേര്‍ത്തൊരീര്‍ക്കില്‍
മച്ചിങ്ങമേ-
ലാഴ്ത്തിടുമ്പോള്‍..

എന്റെ ബാല്യ-
മറിഞ്ഞിടാ-
തൊട്ടുനിന്റെ
ബാല്യവുമറിഞ്ഞിടാതെ;
തോരണങ്ങളായ്,
തോരണങ്ങളായ്,
തോരാരോരോ-
വ്രണങ്ങളായ്
വഴിനീളെ....

Thursday, June 18, 2009

പുളിയിറക്കങ്ങള്‍

ഒരു നെല്ലിക്കയെ
അയവെട്ടിയിരുന്നപ്പോള്‍
തികട്ടിവന്ന കിണറ്റില്‍
ചുറ്റിത്തിരിഞ്ഞ
വെള്ളത്തിലാശാന്‍.

വാളന്‍പുളി
കുടമ്പുളിയെ കാമിച്ച
രാത്രിയിലായിരുന്നു
ആരുടെയോ
ഗര്‍ഭത്തിലാടുകയായിരുന്ന
പുളിയന്‍ മാങ്ങ
പൊട്ടിവീണത്..

പച്ച മുന്തിരിയോ
കറുത്ത മുന്തിരിയോ
കൂടുതല്‍ പുളിച്ചതെന്ന്
ഈ രാത്രിയിനി
ആരോടു ചോദിക്കും?

വാളിനുശേഷം
വായില്‍ ഒഴിച്ചുതന്ന
പുളിച്ച മോരാണേ സത്യം.
കെട്ടിറങ്ങി,
കെട്ടുകളിറങ്ങി
വെളിച്ചം‌ വിരിയിച്ചു
നോക്കുമ്പോള്‍;
കുടും‌ബാസൂത്രണം
ചെയ്യപ്പെട്ടതുപോലൊരു
ഇലുമ്പിപ്പുളിമരം!

Monday, June 8, 2009

വിത്തുകുഴല്‍

വഴിയാത്രയില്‍
വിത്തുകളെ
ഊതി വിളയിക്കുന്നൊരു
കുഴല്‍ കിട്ടി.
കുറച്ചു
വിത്തുകളും കിട്ടി.
മരച്ചോട്ടില്‍
മരം കടിച്ചുതുപ്പിയ
ഇത്തിരി
വെയില്‍ വട്ടത്തില്‍
നിരത്തിയിട്ടു്‌
ഊത്തുതുടങ്ങി.
നെല്ലു വിളയുന്നതുപോലെ,
അരി വിളയുന്നതുപോലെ,
അവലു്‌ വിളയുന്നതുപോലെ,
വാക്കു്‌ വിളയുന്നതുപോലെ,
മനുഷ്യന്‍ വിളയുന്നതുപോലെ...
എങ്ങനെ,
എങ്ങനെ?
കൗതുകം കാത്തു.
എന്നാല്‍,
ആരും ഈരും
ഒന്നും വിളഞ്ഞില്ല.
അതിനാല്‍ കുഴലെടുത്തു്‌
മണ്ണില്‍ നാട്ടിവച്ചു.
വിത്തെടുത്തു്‌
അതില്‍ നിറച്ചും വച്ചു.

പോകും വഴിയെങ്ങാന്‍ കണ്ടാല്‍
വിശ്വസിച്ചുപോകരുതു്‌....
ആരാധിച്ചുപോകരുതു്‌....!

Tuesday, June 2, 2009

പാറ്റ്

കുതിരകളെയും
കഴുതകളെയും
കാറ്റിനെതിരേവിട്ട്
ഒരു മുറച്ചിരി
തറച്ചിരിപ്പ്.
അതായത്;
കാറ്റിനൊപ്പം പറന്നതും
തിരികെ മുറത്തില്‍
വീണതും
ഗണിക്കുമ്പോള്‍
ഏതിനെ കുതിര
ഏതിനെ കഴുത
എന്നു വിളിക്കണം?