Sunday, November 30, 2008

കുമ്പസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…….


ആനയോ ചേനയോ
പാമ്പോ ചേമ്പോ
ഉറുമ്പോ കുറുമ്പോ
മുള്ളോ മുരടോ അല്ല.
കണ്ണിലുരുണ്ടു കയറി
നീറ്റലെറിയുന്ന
ഒരു കരട്;
നടപ്പിനുള്ളില്‍
എടുപ്പുകളൂറിയിട്ട്
അസ്വസ്ഥമാക്കുന്ന
ഒരു തരിമണല്‍!

(ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!)

തീവ്രവാദികള്‍
വെടിയുതിര്‍ത്തുകൊണ്ടിരുന്നപ്പോള്‍
എന്റെ കയ്യടികള്‍ ഹൃദയത്തില്‍
എന്തു ചെയ്യുകയായിരുന്നു?

ചിതറിപ്പറന്ന പക്ഷികളെ
നിസംഗമായി എതിരേറ്റ്
ഉറ്റവരെയോര്‍ത്ത്
ആധിപിടിച്ചിരുന്നു.
വെടിയൊച്ചകള്‍
വെടിയൊച്ചകള്‍
പുതിയ പുതിയ വെടിയൊച്ചകള്‍
ആഹാ നമ്മളോ
അവരോ?
ഷോ കഴിഞ്ഞോ?
നാളെയും തുടരുമോ?
തുടരില്ലേ?
കഴിഞ്ഞല്ലേ!
ഒരാള്‍ പോലും ബാക്കിയില്ല.
ഉറപ്പിച്ചു.
അവിടെ കമഴ്ന്നുകിടന്ന
പത്രപ്രവര്‍ത്തക
എഴുന്നേറ്റു പോയോ!
ഒട്ടും ബോറടിച്ചില്ല.
ഒടുവില്‍ നാം കണ്ട
ഹിറ്റു സിനിമ ഏതായിരുന്നു?

കണ്ണിലെ കരട്
കാലുറയിലകപ്പെട്ട തരിമണല്‍;
വഴികള്‍ വെട്ടിച്ചുരുക്കുകയോ
തിരിച്ചുവിടുകയോ
ചെയ്യുമ്പോള്‍
കുമ്പസാരിക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടോയെന്ന്
വെറുതെ ആരാഞ്ഞുവെന്നുമാത്രം………..