Tuesday, April 29, 2008
പാഠശാല ദൂരെയാണ്
കുമാരി
ഒഴിവേറെയുള്ള
അറകളറിയാതെ,
വായഞെക്കി
തോളത്തു തൂക്കിയിട്ട്
നെഞ്ചത്ത്
ഒരു ഫയല്‍ സൂക്ഷിച്ചു.
കുമാരന്‍
പുസ്തകമാണെങ്കിലും
പുകയെടുത്തതാണെങ്കിലും
പുല്ലാണെങ്കിലും
എറിഞ്ഞുകളയാനുള്ള
ആക്ഷനിലാണ്
കൈവശം.
പാഠശാല ദൂരെയാണ്,
അതിന്റെ നടവരെ
ഇങ്ങനെയൊക്കെ
നടന്നുതന്നെ പോകണം!
Wednesday, April 23, 2008
Friday, April 11, 2008
ഒരു നിശാശലഭത്തിന്റെ ജീവിതകഥ
ഒറ്റച്ചിറക്
റ്റാറ്റൂ പോലെ മുഖത്ത്
ഒട്ടിക്കിടന്നതില്‍ നിന്നുമാണ്
ഉണര്‍ന്നത്.
ഒന്നു തടവിയപ്പോള്‍
തിരിച്ചറിവുകള്‍
തടിച്ചെഴുന്നേറ്റു.
രാത്രി മണ്ടയടച്ച തെങ്ങിനെയും
വെളിച്ചം പൊട്ടിപ്പോയ വഴിവിളക്കിനെയും
കരിന്തിരികത്തുന്ന ദരിദ്രശോഭയെയും
കടന്ന്
കിടക്കയില്‍
മഴവില്ലിനെക്കുറിച്ചുള്ള
എന്റെ സ്വപ്നത്തിലേയ്ക്ക്
വന്നുവീണതാവണം.
ഉറക്കം തിരിഞ്ഞുമറിഞ്ഞപ്പോള്‍
ഒട്ടിപ്പോയതാണ്.
ഉണര്‍വുകള്‍ ചവിട്ടിയരച്ച
മറ്റേ ചിറകിനെ
കാലുകള്‍ മലര്‍ത്തിനോക്കി.
എന്റെയീ ദുരന്തത്തെ
വീക്ഷിക്കുമ്പോള്‍
പ്രാണഭയത്തോടെ
ഞെളിക്കുന്ന പുഴുവിനെ
വെറുപ്പോടെ അവരിനി
കണ്ടെത്തും!
Sunday, April 6, 2008
ഇരുട്ടിലായിരിക്കുമ്പോള്‍ തലപുകയുന്നത്....
നിന്റെതന്നെ
കാല്‍ച്ചുവട്ടിലേ-
യ്ക്കുരുകിവീഴുവാനെങ്കിലും,
തിരിയിടുമ്പോള്‍
തീയിടുമ്പോഴെന്തൊരു
ഗമയും ഗരിമയും.
നിന്റെയാ പരല്‍മീ-
ങ്കണ്ണില്‍ കുത്തി-
ച്ചിതറിയ
കമ്പിത്തിരികളില്‍
മുഖമറിഞ്ഞുരച്ചു
പൊട്ടിയ പടക്കങ്ങളില്‍
നീയുരുകി മടങ്ങവെ
ശ്മശാനത്തില്‍
മഞ്ഞുകൊണ്ടു
ജപിച്ചുനില്പാന്‍
പുനര്‍നിര്‍മ്മിച്ചു
കൊണ്ടുപോയതായിരുന്നു
നിന്നെ……
ഞാനറിഞ്ഞു.
പണ്ടുപിന്നെ;
തേന്‍കൂടുടല്‍
കണ്ടെടുത്തതും
മേനിമൊത്തം
തേനിറ്റുകിനിഞ്ഞു
നീ നിന്നതും
പിഴിഞ്ഞുപിഴിഞ്ഞു
ചണ്ടിയായ്
മറ്റൊരഴകോടെ
നിര്‍മ്മിച്ചതും
നിരത്തിവച്ചതും
പൂജിച്ചതും.
ആരു കണ്ടു
ശവംനാറിപ്പൂവുകള്‍
മൂടിനീ കിടക്കുമ്പോള്‍
നിന്റെ കര്‍മ്മത്തെ
പിറവിയെ
കരിഞ്ഞൊരു നാമ്പുപോലെ
കറുത്തടിഞ്ഞൊട്ടി
നാഭിയില്‍.
ഇരുട്ടിലെങ്കിലും
മറവിയെങ്കിലും;
എന്തെന്തു
മെഴുകുഗന്ധങ്ങള്‍!
നിന്റെ സുഗന്ധങ്ങള്‍.
Saturday, April 5, 2008
ഞാനിനി നിന്നോട് മിണ്ടില്ല.
ഉപ്പിലിട്ടിരുന്നിട്ടു-
മിത്രനാളൊട്ടു
തൊട്ടുകൂട്ടുവാനേകാ-
തെന്റെ കൈവിരല്‍
തുമ്പു കോറി-
വരഞ്ഞൊരു
പൊതികെട്ടി,
നീയൊരു കടലിനെ
കവിള്‍കൊണ്ടു
നടന്നില്ലേ?
കരിനീല കണ്ടതില്‍
കരളുരുകി
കരയിളകി
കാല്‍ വഴുതി വീണതില്‍
കണ്ണാടി, ഞാനതില്‍
ചിതറിക്കിടക്കുന്നു.
ചതിയല്ലേ..?
ഞാനിനി
നിന്നോട് മിണ്ടില്ല.
Thursday, April 3, 2008
പട്ടിണിമരണം.
ഇന്നലെ;
തൊണ്ടയില്‍ കുടിവെള്ളം മുട്ടി.
മുട്ടിയുടനെ വാതില്‍ തുറന്നു
കുടിവെള്ളം പുറത്തേയ്ക്കു ചാടി
പുറമേ പുളിച്ചുതികട്ടിയതും ചാടി
കുടിവെള്ളത്തിന്റെ നടുവൊടിഞ്ഞു
അങ്ങനെ,
മൊത്തത്തില്‍ കുടിവെള്ളം മുട്ടി.
ഇന്നലെ;
കഞ്ഞിയില്‍ പാറ്റ വീണു
കഞ്ഞിമൊത്തം കളഞ്ഞു.
പാറ്റ പട്ടിണികിടന്ന്
കഞ്ഞിയെ പലകുറി
ധ്യാനിച്ചു.
ഇന്നലെ;
വിശപ്പ് ചെറിയൊരു
ഗണിതം പഠിപ്പിക്കാന്‍
മിനക്കെട്ടതിന്
രണ്ടുതവണ കുമ്പസാരിച്ചു.
ഇന്നലെ;
ഉറക്കം വന്നില്ല.
വരാഞ്ഞതില്‍ പരിഭവം പറഞ്ഞ്
ഉറക്കത്തിന് സന്ദേശമയച്ച്
ജീവിതം കിടക്കവിരിച്ചു
ഇന്നലെ;
സ്വപ്നം പോലും കെട്ടതായൊരു രാത്രി
പാലം കടക്കുവോളം
വിശപ്പിന്റെ പുസ്തകം
വായിച്ച പട്ടിണി
ഇക്കരെ നോക്കി
ഏമ്പക്കം വിട്ടു.
ഒരു മരണത്തെയൊക്കെ
അപ്പാടെ അകത്താക്കിയെന്ന
സംതൃപ്തിയാവണം.
Wednesday, April 2, 2008
തെണ്ടിക്ക് വരാന്‍ കണ്ട സമയം!
മുള്ളുതറയ്ക്കുമെന്നതിനാല്‍
ചുറ്റുമുള്ള കാഴ്ച്ചകളില്‍
ഇനി തലോടുക വയ്യ.
കളികണ്ടിരുന്നപ്പോള്‍
കാണികള്‍ക്കിടയില്‍
കടലകൊറിച്ചിരുന്നവളുടെ
മടിയില്‍
ഞെരടിയതില്‍ ബാക്കി
തൊലികള്‍.
മുറ്റത്ത് തെണ്ടിയുടെ
വേഷത്തില്‍ വന്ന
കൊതിയോട്
മടിക്കുത്തില്‍ സഭ്യതയുടെ
കിഴികുത്തിവന്നവള്‍
തൊലിയും
തൊലിഞ്ഞതും
തൊലിയാതെ ബാക്കിയായതും
തൊലിക്കട്ടിയും
മുറ്റത്തേയ്ക്കെറിഞ്ഞപ്പോള്‍
തെണ്ടി ചിരട്ട നീട്ടി.
അപ്പോള്‍ കരന്റുപോയി!
നന്നായി;
നിര്‍ഗുണന്മാര്‍,
പ്രതിരോധികള്‍.
അത്ര വിരസമായിരുന്നു
കളി.
അവളെവിടെപ്പോയെന്ന്
വെറുതെ,
മുറ്റംനിറച്ചും നോക്കിയാലെന്ന്
വാതില് തുറന്നപ്പോള്‍
കളി കാര്യമായി
ഒരു തെണ്ടി;
ഒറിജിനല്‍.
എന്റെ അതേ മുഖം,
അതേ ചിരി,
നോട്ടം.
തുണിയില്ല!
തൊലിയുരിഞ്ഞുപോയി.
ചുറ്റുമുള്ള കാഴ്ച്ചകളില്‍
ഇനി തലോടുക വയ്യ.
കളികണ്ടിരുന്നപ്പോള്‍
കാണികള്‍ക്കിടയില്‍
കടലകൊറിച്ചിരുന്നവളുടെ
മടിയില്‍
ഞെരടിയതില്‍ ബാക്കി
തൊലികള്‍.
മുറ്റത്ത് തെണ്ടിയുടെ
വേഷത്തില്‍ വന്ന
കൊതിയോട്
മടിക്കുത്തില്‍ സഭ്യതയുടെ
കിഴികുത്തിവന്നവള്‍
തൊലിയും
തൊലിഞ്ഞതും
തൊലിയാതെ ബാക്കിയായതും
തൊലിക്കട്ടിയും
മുറ്റത്തേയ്ക്കെറിഞ്ഞപ്പോള്‍
തെണ്ടി ചിരട്ട നീട്ടി.
അപ്പോള്‍ കരന്റുപോയി!
നന്നായി;
നിര്‍ഗുണന്മാര്‍,
പ്രതിരോധികള്‍.
അത്ര വിരസമായിരുന്നു
കളി.
അവളെവിടെപ്പോയെന്ന്
വെറുതെ,
മുറ്റംനിറച്ചും നോക്കിയാലെന്ന്
വാതില് തുറന്നപ്പോള്‍
കളി കാര്യമായി
ഒരു തെണ്ടി;
ഒറിജിനല്‍.
എന്റെ അതേ മുഖം,
അതേ ചിരി,
നോട്ടം.
തുണിയില്ല!
തൊലിയുരിഞ്ഞുപോയി.
Subscribe to:
Posts (Atom)