Tuesday, September 8, 2009

MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
'പുരുഷന്റെ പ്രായോഗികത'
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

Tuesday, September 1, 2009

1.2.3.4

ഭ്രാന്ത്
ഛേദിക്കപ്പെട്ട്
വീണുപോയ ചെവി
അതിലിരുന്ന
ചെമ്പരത്തിപ്പൂവിനോട്
ചോദിച്ചു.
‘നീയെന്നെ
എന്തിനൊറ്റിക്കൊടുത്തു?’

അടക്കം
ഓളങ്ങള്‍;
താണുപോകുന്ന കല്ലുകള്‍ക്ക്
കല്ലറകളെക്കുറിച്ചുള്ള
ഉറപ്പിന്റെ റീത്തുകളാണ്!

നാണമാകുന്നു!
കുപ്പായങ്ങള്‍
തൂക്കിയിട്ട് തൂക്കിയിട്ട്
ഇക്കണ്ട
ഹാംഗറുകളും മനുഷ്യരും
മൃഗങ്ങളെ
കൊലയ്ക്കു കൊടുത്തു!

അരിപ്പ
ചെരിപ്പുകള്‍
പരത്തി വായിക്കപ്പെടുമ്പോള്‍
ചോര്‍ച്ചകള്‍
പൂര്‍ത്തിയാക്കപ്പെടുന്നു!