Sunday, May 31, 2009

കള്ളന്‍

വിരല്‍തുമ്പിലെ കറക്കങ്ങള്‍
പോക്കറ്റിലെ മൃഷ്ടാന്നങ്ങള്‍
പൂച്ചട്ടിയിലെ ഒളിവുകാലം
കാര്‍പ്പെറ്റു്‌ തടവ്
ഭയഭ്രമകല്‌പിത കട്ടിളപ്പടി
ആശയങ്ങളുടെ അലമാര
ആശകളുടെ മടിക്കുത്ത്.

ഇപ്പോള്‍ ഒരു താഴിനുള്ളില്‍
തല പെട്ടിരിക്കുകയാണ്‌.
"ആരെങ്കിലുമൊന്നു
വലിച്ചൂരിത്തായോ അയ്യോ!
എനിക്കിതൊന്നും
സഹിക്കാന്‍ മേലേ,,,!!!"

Thursday, May 28, 2009

മൂളല്‍ മൂളല്‍ മാത്രം....!

"ഏകാഗ്രമാക്കി വച്ച
രണ്ടു്‌ മൂളലുകള്‍ക്കിടയിലെ
ചിറകടി"

പറക്കുന്നവയുടെ മാത്രം
ഹൈരാര്‍ക്കി.

ചെവികളുടെ
സൂക്ഷ്മതക്കുറവു്‌
നഷ്ടമാക്കിയ അറ്റം.

മൂളിപ്പാട്ട്‌ ഉണര്‍ന്നതും
നിലച്ചതുമായ സമയം.

ദാവീദിനും
ഗോലിയാത്തിനുമിടയിലെ
കല്ലുകള്‍.....

Wednesday, May 27, 2009

മൂളല്‍

മൂക്കിന്‍-
തുഞ്ചം.
കീടം,
വിമാനം;
മത്സരം.
ഇടയിലൊരു
പറവ!

Friday, May 15, 2009

ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകള്‍


ഉരച്ചുകളഞ്ഞ
ജീവിതത്തിന്റെ
മുന
അക്ഷരപ്പേരില്‍
ഉരച്ചുണ്ടാക്കിയ
ജീവിതത്തിന്റെ
ഊഷരതയ്ക്കുമേല്‍
മുനയില്ലാതായപ്പോള്‍
കുത്തിവരച്ചത്..
മഷിത്തണ്ടറ്റങ്ങളില്‍
കരയുന്നവര്‍,
അടയാളങ്ങളുടെ
മറവിയടുക്കിന്‍
തെളിച്ചവരകള്‍-
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍,
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍..

പുഴകള്‍ നിറഞ്ഞു -
കവിഞ്ഞ്
ഉയരവൃക്ഷങ്ങള്‍
മൂടിപ്പോകുന്നതിന്റെ
മേല്പരപ്പില്‍
കിടന്നു നോക്കുന്നു.
ആകാശം
മേലെ അടയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ച്
ഇങ്ങനെയൊരാശയം.

Thursday, May 7, 2009

പച്ചമുളക്

കെട്ടുപ്രായത്തിലെ
ഈ ഉള്ളുപുകച്ചില്‍;
പൊട്ടുപ്രായത്തിലേ
കിളി കൊത്തിടാത്തതിനാലല്ലേ?
ഇനി പഴുപ്പിച്ചിട്ടെന്തിന്,
ചുവപ്പിച്ചിട്ടെന്തിന്,
പൊടിഞ്ഞിരുന്നിട്ടെന്തിന്?!