Saturday, July 18, 2009

ആത്മരതി

പല്ലിനിടയിലിരിക്കുന്ന ഇറച്ചി;
പല്ലുപോയാല്‍?
............................
മനോഹരാ മനോഹരീ...
തിരിഞ്ഞുകിടക്കുന്ന നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍!
............................
ദൈവവും ചെകുത്താനും
ഒന്നിച്ചുണ്ണുന്ന ഒരേകപാത്രം!
............................
മുനയും കുഴയും പങ്കിടുന്ന
മൗനത്തിന്റെ ഒറ്റസൂചി
കുരുങ്ങിപ്പോയ ഒച്ചിന്റെ പശിമ!
............................
ചോര
ഒറ്റച്ചോര
ചേര്‍ച്ച
ചോര്‍ച്ച
ഒറ്റ!

Friday, July 17, 2009

വിശപ്പു്‌ എപ്പോഴും ഒരു കോമ

ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്‌

ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍

പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി

വിശപ്പു്‌ എപ്പോഴും ഒരു കോമ

ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം

ചിഹ്നങ്ങളുടെ ശരീരഭാഷയെ അതിമനോഹരമായി അവതരിപ്പിച്ച ഈ ലാപുഡീയന്‍ കവിതയുടെ ഒരു പാരഡിയായി മാത്രം കണ്ടാല്‍ മതി. വിഷയദാരിദ്ര്യം കൊണ്ടാണ്‌. മാപ്പ്.