Wednesday, July 16, 2008

ഈയുള്ളവനടക്കം അഞ്ചു കവിതകള്‍

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പതിനെട്ടുവയസിനു താഴെയുള്ള ‘കുട്ടികള്‍’ ഈ കവിതകള്‍ വായിക്കാനിടയായാല്‍ ഒന്നും ചിന്തിക്കരുത്.)

പകിട പകിട…
ആനമയക്കത്തില്‍
പകിടകളിച്ചു.
വെളിഞ്ഞുണര്‍ന്നപ്പം
പന്ത്രണ്ടായി.
അപ്പോള്‍
ആ സ്വപ്നത്തെ
നേരില്‍ കണ്ടു പേടിച്ചു.
ഉറക്കത്തില്‍ കളിച്ച
പകിടയെ ഒരുത്തന്‍
വഴീലിട്ടു ഞെരടുന്നു!

സംഭാഷണം
“അതിരു കടക്കുന്നതാണ്
അതിരില്‍
കിടക്കുന്നതിനേക്കാള്‍
നല്ലത്”
“കടക്കുന്ന അതിര്
കിടക്കുന്ന
അതിരിനെ ഒന്നു
പരിഗണിച്ചിരുന്നെങ്കില്‍!”

ഈയുള്ളവന്‍
ഈയുള്ളവന്‍
പണ്ടുപറഞ്ഞതില്‍
ഞാനില്ല
നമ്മളില്ല
ആത്മപ്രശംസയില്ല
സ്വയംഭോഗമില്ല
എളിമ മാത്രം!
വാ‍ക്കായാലും
നഗ്നമായതോ
കോണകമുടുത്തതോ
നിനക്കിഷ്ടം?

ഫെമിനിസം
ഒരു കിണ്ടിയ്ക്കടുത്തിരിക്കെ
ഏതു മൊന്തയ്ക്കും തോന്നാം
ഈ വിഷാദം.
രണ്ടിന്റെയുള്ളിലും നിറച്ചും
പച്ചവെള്ളമാണെങ്കിലും.

ബിംബക്കുറ്റി
കവികള്‍
കള്ളുകുടിയന്മാര്‍
ലക്ഷ്യം തെറ്റി
പാതിരാത്രി റോഡരികില്‍
ഒരു മൈല്‍ക്കുറ്റിയില്‍
തപ്പിത്തടഞ്ഞപ്പോള്‍
ഒന്നാമനൊടിഞ്ഞുനിന്ന്
“ഭവതീ അങ്ങിലേതു
നമ്പരാണ് സാധ്യമായത്?”
രണ്ടാമനിടഞ്ഞ്
“അരാടാ ഈ മയിലിനെ
കൂരിരുട്ടത്ത്
കുറ്റിയില്‍ കെട്ടിയിട്ടത്?”
മൂന്നാമന്‍ രണ്ടാളോടും
കെറുവിച്ച്
പരസ്യം പറിക്കാനോങ്ങി
“എടീ മൈരേ നിന്റെ
നമ്പരെത്രയാണ്?”


Monday, July 14, 2008

മൂ‍ന്നു കവിതകള്‍


കരുണാലയം
ചാരപ്പാത്രത്തില്‍
കഴിയുമ്പോള്‍
നിന്റെ ഫ്രഞ്ചുമ്മകളല്ല
കൂരിരുട്ടിലെ
നിന്റെ ദന്തഗോപുരമല്ല
കത്തിത്തീര്‍ന്ന
എന്റെ ജീവിതമല്ല.
ഒരുഗതീം പരഗതീം
ഇല്ലാതായ എന്നോട്
ആരേലും എച്ചിത്തരം
കാട്ടുമോ എന്നൊരു
ഭയം മാത്രം.!

ഇപ്പോള്‍ നഗരം
വന്നുപോയ
ഓരോ പപ്പടത്തിലും
അമിതാവേശം കാട്ടി
വമ്പു പോയി
മക്കനാകുമ്പോള്‍
ഊണടുത്തതും
പൊട്ടിത്തകര്‍ന്ന്
ഒടുങ്ങിപ്പോയ
പപ്പടങ്ങള്‍ക്ക്
എണ്ണക്കാലം
തിള എന്ന നാഗരികത.

ഓസുവണ്ടി
വളച്ചാല്‍ വളയും
ഒരു കമ്പുകഷണം
കുത്തിക്കേറ്റിയാല്‍
വണ്ടിയാകും
തല്ലുകൊള്ളും
ഓടും
തളര്‍ന്നുവീണെവിടെയേലും
കിടക്കുമ്പോള്‍
ഉള്ളിലൊരു
ജലപ്പെരുക്കം
നിറഞ്ഞൊഴുകിയ നിനവുകള്‍.
പൊട്ടിപ്പൊളിഞ്ഞതോ
തുളവീണതോ
ചീറ്റിപ്പോയതോ
വീട്ടില്‍ നിന്നും
മുറിച്ചുമാറ്റപ്പെടാന്‍
ഞാനിപ്പഴും
അറ്റങ്ങള്‍ കൂട്ടിമുട്ടാതിങ്ങനെ.