Friday, June 27, 2008

അഞ്ചു കവിതകള്‍


മുഖംമൂടിയും തൊപ്പിയും
“നോക്ക് വാളേ;
സ്വന്തമായൊരു
തലയില്ലാത്തവര്‍
ഞങ്ങള്‍,
നിന്റെ പോലെ
തലയുള്ളവര്‍
അതു പ്രവര്‍ത്തിപ്പിച്ച്
ഞങ്ങളെ കൈമാറ്റം
ചെയ്യരുത്
പ്ലീസ്!”

സുന്ദരിമരത്തിന്റെ പാട്ട്
"പോണോരേ
വാണോരേ
വീണോരേ....
പോകും വഴി
പുഴവഴിയാണെങ്കില്‍,
അവിടെ കടവില്‍
കെട്ടിയിട്ടോ
അഴിച്ചുവിട്ടോ
കരകര പാഞ്ഞോ
എന്റെ അമ്മയെ കണ്ടെങ്കില്‍
ഒന്നു പറയുമോ;
എനിക്കും അതിനുള്ള
പ്രായമായെന്ന്!"


കൊടിമരം പറയാത്തത്.
അഴിഞ്ഞാട്ടം തന്നെയാണ്
ഏതൊരു കൊടിയിലും
സഭ്യനൃത്തത്തിന്റെ
ഉത്തുംഗതയിലും തുടിക്കുക.

ചിലനേരം
ദുരന്തത്തിന്റെ ഓര്‍മ്മയിലേയ്ക്ക്
താഴ്ത്തിക്കെട്ടുന്ന ജീവിതം;
ഒരുനാള്‍ നിന്റെ സ്വാതന്ത്ര്യം
പ്രഘോഷിക്കാന്‍
അവളില്‍ പൂനിറച്ചു ചെയ്യുന്നതും…

എവിടെ അവളുടെ സ്വാതന്ത്ര്യം?

ഞങ്ങളുടെ അത്യാ‍ഗ്രഹം
ഉറക്കഗുളികകളെ
നീ പരിപാലിക്കുമ്പോള്‍
അവരെപ്പോഴും ഒറ്റതിരിഞ്ഞുവന്ന്
നിന്നെ പാട്ടുപാടി
സുഖിപ്പിക്കുമെന്ന് കരുതരുത്.
ഒരിക്കല്‍ അവരുടെ മോചനത്തിന്റെ
കാഹളനാദം നിനക്കു കേള്‍ക്കേണ്ടിവരും.
നീയവര്‍ക്കു കൊടുത്തത്
കാരാഗ്രഹമാണെന്ന
നെറികേടിന്റെ സംഘഗാനം.

നശിപ്പികുക.
നീയൊരു രാജ്യമാണെങ്കില്‍
അവറ്റകളുടെ
ശവം ‌പോലും നിന്റെ പുഴയില്‍
ഒഴുക്കാതിരിക്കുക.

നീയും ഞങ്ങളെപ്പോലെ
ഉറക്കം കാംക്ഷിക്കരുത്!

വാര്‍ത്ത
മുറ്റത്തെ ഒരു പാഴ്ച്ചെടിയുടെ

സുപ്രഭാതത്തെക്കുറിച്ചാണ്;

മേല്‍ക്കമ്പിലിളകുന്ന
തന്റെമേല്‍ വീഴുമെന്നുറപ്പായ
മൂത്രത്തുള്ളിയോട്
മഞ്ഞുതുള്ളിക്ക് തോന്നിയത്
‘എന്റെ കരളേ
സ്വര്‍ണവര്‍ണമേ
പൊന്നേ’ എന്ന
വികാരമാണ്.
പിന്നെയൊന്നായുരുകി
പിറന്നുവീണതോ കണ്ണീര്‍ത്തുള്ളി!

Thursday, June 19, 2008

പാദരക്ഷകള്‍ സൂക്ഷിക്കുക!


"ഒരേ പാതയ്ക്കു നടപ്പിട്ടും
ഒരേ കൂരയ്ക്കു വെളിയ്ക്കടങ്ങിയും
ഒരുമിച്ച് ചവിട്ടുകൊണ്ടും
രണ്ടുപേര്‍.
ഒരാള്‍ ധനികന്‍
ഒരാള്‍ പാപ്പര്‍.
ഒരാള്‍ വലത്
ഒരാള്‍ ഇടത്.
ജീവിതം ഒരു കമ്മ്യൂണിസ്റ്റ്;
ഭ്രാന്തന്‍!"

"ഒരു ദേവാലയത്തിനു
വെളിയില്‍
അധികാരികള്‍
കണ്ടെടുത്ത് കൂട്ടിലാക്കിയത്.
ഒരാള്‍ മേലെ
ഒരാള്‍ കീഴെ.
ഇണയെവിടെയെന്ന്
ഒരു വിചാരവുമില്ല.
വ്യഭിചാരം!"

Monday, June 16, 2008

മോതിരങ്ങളുടെ കവിയരങ്ങില്‍ നിന്നും.


(1)
“നുഴഞ്ഞു കയറി
ഉള്ളില്‍ നിറഞ്ഞ്
തിക്കുമുട്ടിച്ച്
അവനെന്നെ തളച്ചിട്ടു.
അവിടെയോ
പരിഹസിക്കുന്ന
പുല്ലുകള്‍!”

(2)
“തങ്ക‌ക്കുടമായിരുന്നു
അവനു ഞാന്‍,
ചുംബിച്ചിരുന്നു.
ജീവിതമങ്ങനെ
കഴിഞ്ഞുകൂടുമ്പോള്‍
പലരും ചുംബിക്കുന്ന
പരിപാവനതയിലേയ്ക്ക്
ഉടലോടെ മോക്ഷം കിട്ടി.
ആള്‍ദൈവത്തിന്റെ കൈകളില്‍
വേശ്യാവൃത്തി!”

(3)
“ജീവിതപ്രതിസന്ധി
ഒരു കടന്നുകയറ്റക്കാരനാണ്.
ആദ്യം മൂര്‍ച്ചയുള്ളൊരായുധം പോലെ
ഭയപ്പെടുത്തുന്നു.
പാ‍റപോലെ ഉറച്ച
യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്ന്,
ക്ലേശത്തിന്റെ
നീണ്ട മരുഭൂമി താണ്ടി,
മടുപ്പിന്റെ
പുല്‍‌പരപ്പിലാണ്
തലചായ്ക്കുക.
മുന്നിലേയ്ക്കു നോക്കുമ്പോള്‍
പ്രതീക്ഷയില്ല.
ഒരിക്കലുമത് മറികടക്കാനാവില്ല.
കിടന്നിടത്തുതന്നെ
ജീവിതം ഒടുങ്ങിപ്പോകും.

(4)
“ഒരു ദിവസം അവരെന്നെ ആ
ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
നിങ്ങളവിടെ പോകുമ്പോള്‍
എന്റെ ശേഷിപ്പുകള്‍
കണ്ടറിഞ്ഞെങ്കില്‍ ഓര്‍ക്കുമോ?
കാലമേറെ കിടന്നുകൊടുത്തിന്റെ
അടയാളമാണ്.
അതും മാഞ്ഞുതുടങ്ങുമ്പോള്‍
തട്ടിക്കൂട്ടിയവരോ
തട്ടിക്കൊണ്ടുപോയവരോ
നിങ്ങളോ ഓര്‍ത്തെന്നു വരില്ല”

(5)
“എല്ലായിടത്തും ഉരുണ്ടുകളിക്കുന്നവരെയും
എല്ലാത്തില്‍ നിന്നും ഊരിപ്പോരുന്നവരെയും
നിങ്ങളെപ്പോഴും സൂക്ഷിക്കുന്നു!”

(6)
“എന്റെ കഥ
നിങ്ങളുടേതുപോലെയല്ല.
എന്റെ കവിത നിങ്ങളുടേതുപോലെയാവില്ല.
ഞാന്‍ എന്റെ ഭൂമികയില്‍ നിന്നും
മുറിച്ചുമാറ്റപ്പെട്ടവനാണ്.
എന്റെ ഭാഗ്യം കൊണ്ടാണ്
അവിടെ നിലം അഭിവൃദ്ധിപ്പെട്ടത്.
ഞാന്‍ നിലയുറച്ചു വരുകയായിരുന്നു.
അസൂയാലുക്കള്‍;
ആദ്യമവരുടെ പക്ഷം വലിച്ചടുപ്പിക്കാന്‍ നോക്കി.
വഴങ്ങാതെവന്നപ്പോള്‍ സോപ്പിട്ടു.
ഞാനിളകിയില്ല.
എന്റെ രാജ്യത്തുനിന്നും
എന്നെ പറിച്ചുമാറ്റാനോ?
ഞാനിങ്ങനെ കവിയാകുന്നതിനു മുന്‍പാണ്.
ആയുധമുള്ളവര്‍ക്ക് ഇക്കാലത്ത്
എന്തും സാധ്യമാണ് ”

Sunday, June 15, 2008

മാലയോഗം

കൂട്ടുകാരാ...
ഈ പ്രതിസന്ധിയെ
മറികടക്കാന്‍ രണ്ടു
മാര്‍ഗങ്ങളുണ്ട്.
ഒന്ന് പ്രതിസന്ധിയെ
തലയില്‍ കയറ്റിയിറക്കുക
മറ്റൊന്ന്;
പ്രതിസന്ധിയുടെ
കെണിപ്പകറ്റി നിവര്‍ത്തിച്ച്
കഴുത്തില്‍
ചുറ്റിപ്പിണയ്ക്കുക.

അല്ലാതെ;
ഈ പ്രതിസന്ധിയില്‍
തലയിട്ടിളക്കി
എത്ര പരിശ്രമിച്ചിട്ടും
ഒരു കാര്യവുമില്ല.

Saturday, June 14, 2008

കടന്നല്‍ക്കൂട് ഇളകാതിരിക്കുമ്പോള്‍ അവളെങ്ങനെ മരിക്കും?

കടന്നലുകള്‍
വെളിച്ചം തെളിച്ചുവീണ
പാതിയില്‍
തൂക്കിയിട്ട ചിരിയില്‍
അടിച്ചുകയറ്റിയ
ആണി
വലിച്ചൂരി ശേഷിച്ച
തുളയില്‍ നിന്നും
പുറത്തുവന്നു.

ഉള്‍ഭിത്തിയുടെ
ഒഴിഞ്ഞ മൂലയില്‍
കൂടുകെട്ടിയ
ആക്രോശങ്ങള്‍.

തീച്ചൂട്ടുമായി
കാത്തിരുന്ന്
എന്തിന് തലച്ചോര്‍*
കത്തിക്കണം?

അകക്കാറ്റില്‍
ഇളക്കം തട്ടിയ
തുളവീണ ചിരി!

മൂളിയ കുറ്റങ്ങള്‍
മൂളാത്ത കുറവുകള്‍
വിഷം നിറഞ്ഞ
അവയവവുമായി
ചിറകുകള്‍.

*എന്റെ തലച്ചോറിനെ
കടന്നല്‍ക്കൂടെന്ന്
കുറുമ്പെഴുതിയ, അവളുടെ
അവസാനത്തെ
പ്രണയകവിത.

Tuesday, June 10, 2008

ഒരു വീക്കുകൊണ്ടൊന്നും മതിയാവില്ലെങ്കിലും...

ഇഞ്ചിപ്പെണ്ണ്, രാജ് നീട്ടിയത്ത് തുടങ്ങി നിരവധി ബ്ലോഗര്‍മാരോട് കേരള്‍സ് ഡോട്ട് കോം കാട്ടിയ അവമര്യാദയോടുള്ള, ഗുണ്ടായിസത്തൊടുള്ള ശക്തമായ പ്രതിഷേധത്തില്‍ ഈ ബ്ലോഗും പങ്കുചേരുന്നു. വാക്കിന്റെ, ചിന്തയുടെ ഉറവിടങ്ങളെ, പ്രസിദ്ധീകരണത്തിന്റെ സ്വയം സമര്‍പ്പണങ്ങളെ തരംതാഴ്ത്തി കാണുന്നതും അത്തരത്തില്‍ പ്രചരിപ്പിക്കുന്നതും തികച്ചും വേദനാജനകമാണ്. ഈ പ്രവണത തീര്‍ച്ചയായും എതിര്‍ക്കപ്പെടണം. ഇടപെടലിലെ വഷളത്തരംകൊണ്ട് ഒരു പ്രശ്നത്തെ വലിച്ചുനീട്ടി അതിനെയും തങ്ങള്‍ക്കു വളമാക്കി മാറ്റിയ കേരള്‍സ് ഡോട്ട് കോമിന്റെ ഗൂഢാലോചനയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിനെതിരെ;
ഒരു വീക്ക് . കരിവീക്ക്.

Wednesday, June 4, 2008

വെളിപാടുമുതല്‍ അഞ്ചു കവിതകള്‍

വെളിപാട്
മലര്‍ന്നുപറക്കാന്‍
തുടങ്ങിയതുകൊണ്ട്
പ്രപഞ്ചം
കീഴ്‌മേല്‍ മറിഞ്ഞെന്ന്
കാക്ക.
തൂങ്ങിയാടുന്ന മരങ്ങള്‍
തൂങ്ങിനടക്കുന്ന മനുഷ്യര്‍
തൂങ്ങിയോടുന്ന മൃഗങ്ങള്‍
തൂങ്ങിത്തൂങ്ങി വീടുകള്‍.
കാര്യങ്ങളെല്ലാം
തലതിരിഞ്ഞിടുമ്പോള്‍
ഭാവങ്ങളെല്ലാം തന്നിലും
അത്രകണ്ടുണ്ട് നഗ്നത!

കുഴലിന്റെ വിലാപം
പന്തീരാണ്ടുകൊല്ലം
നായുടെ വാലില്‍
കിടന്ന ഒരു കുഴല്‍
പരാജിതനായി
പുറത്തുവന്നു.
ചുളിഞ്ഞുപൊട്ടി
വളഞ്ഞുനിന്ന്
സങ്കടം പറഞ്ഞു.
പരീക്ഷകാ….
ആട്ടിയാട്ടിയും
ആസനമിരുത്തിയും
തുടയിലോട്ട് തിരുകിയും
അവഹേളിക്കുന്നിടത്ത്
ഇനിയൊരു കുഴലിനെയും
പറഞ്ഞയക്കരുത്.

ചൂലുകളെന്നോ?
അരയ്ക്കു താഴെയാണ് കെട്ട്;
ഒന്നു മുറുക്കി
നിലത്തിട്ടുകുത്തിയാല്‍
നല്ല പൂപോലെ ഇതളെടുത്ത്
വിരിഞ്ഞു നില്‍‌‌ക്കും.
മുറ്റത്ത് മുഖമുരച്ച്
ചപ്പുചവറിലൊക്കെ
വലിച്ചിഴയ്ക്കുമ്പോള്‍
ആരുമോര്‍ക്കില്ല;
കെട്ടിയതും മെരുക്കിയതും
ഒരു മുന്നൊരുക്കമായിരുന്നിട്ടും.

മേട്ടം
നിവര്‍ന്നുനിന്ന് നിന്നെയും
നിന്റെ വര്‍ഗ്ഗത്തെയും
തമ്മിലടിപ്പിച്ച്,
കുഴിയില്‍ ചാടിച്ച്
വിജയിച്ചവന്‍
നിന്നെ ആയുധമാക്കി
തോറ്റ് മടങ്ങിയിരിക്കുന്ന
പത്തിക്കുമേല്‍ ആക്രമിക്കും

പഴമയുടെ കണ്ണീര്‍
കേള്‍ക്കണോ…..
ഏതൊക്കെ അവന്മാരെ
ഏതൊക്കെ ദ്വാരത്തില്‍,
മനാരത്തില്‍ എങ്ങനെ
പിരിച്ചു കയറ്റിയതാന്നറിയാമോ…?
എന്നിട്ടൊരുനാള്‍ ചെല്ലുമ്പോള്‍
എല്ലാ അവനും വല്യ സ്റ്റാറായി!
ഞാനിരുന്ന് നക്ഷത്രമെണ്ണി!