Tuesday, March 18, 2008

ഞാന്‍ ദൈവമായിരുന്നപ്പോള്‍ ചെയ്ത മണ്ടത്തരങ്ങള്‍


ലക്ഷണമൊപ്പിച്ച് ഓരോരോ
കൊതവെട്ടിവച്ചത്
നിനക്കു ചാടിക്കയറാനല്ല.

ഓടെടാ…..
വേലികെട്ടിയതു കണ്ടില്ലേ?
എന്ത്!
വിളഞ്ഞെന്നോ,
പൂവും കായും കണ്ടെന്നോ?
ഇലയണിഞ്ഞുലഞ്ഞ്
കുനിഞ്ഞുനില്‍പ്പതു കാണാന്‍
നല്ല ചന്തമെന്നോ,
ചില്ലകള്‍ക്കിടയിലേയ്‌ക്കാണ്
നിന്റെ തോലുരിയുന്ന നോട്ടം
വലങ്കണ്ണില്‍ കരടുവീണ്
ഞെരടിയ കല്ലേറ്.

അതുശരി;
അഭിമുഖം നടത്താനെന്നോ..
ആ കോലങ്ങ്
മടക്കിവച്ചേര്.

വല്ലപ്പോഴുമൊക്കെ
ഒരു കയറുംകൊണ്ട്
ഇതിലേ ചുറ്റിത്തിരിയുന്നത്
എന്തായാലും
എന്നോടുള്ള ഇഷ്ടമല്ല.
തൂങ്ങിച്ചാവാനാണെങ്കിലും
പാവം ഈ മരം
എന്തു പഴിച്ചു?

അല്ല;
നീയെന്നോ?!
ഇലകൊഴിഞ്ഞുണങ്ങി
വിണ്ടുകീറുന്ന കാലത്ത്
വിറകിനുപോലുമെടുക്കാത്ത
ഈ പാഴ്മരത്തെ
ഇങ്ങനെ വളര്‍ത്തുന്ന
ദൈവം!
ഓടെടാ…….


കത

കാടുകയറിയ ചിന്തയുടെ
വിഴുപ്പാണ് ചുമലിലെങ്കിലും
അനുഭവത്തിന്റെ ചൂടും ചൂരും
വല്ലപ്പോഴുമൊക്കെ ഒളിഞ്ഞെത്തി
‘ബേ’ എന്നു മൂളാറുണ്ട്!

ഇടയിലൊന്ന്
‘വിഴു’ങ്ങിയതില്‍
നാടുവിട്ടുപോയ
ഒരമ്മപെറ്റ മക്കള്‍
അച്ഛനെ അച്ചാ
എന്നു തെറ്റിദ്ധരിച്ചു!

Monday, March 10, 2008

പെയ്‌നോമീറ്റര്‍


അസ്ഥിയൊടിയുന്ന
വേദനയുടെയും
ചെവി കുത്തിക്കീറുന്ന
വേദനയുടെയും
തൂക്കുനോക്കി മതിവരാതെ
നാഭിക്കുഴിയില്‍
പഴുപ്പിച്ച നൂലിരുമ്പ്
പിരിച്ചുകയറ്റുന്നതില്‍
അധികമെന്ന് കുറിച്ചു.

മര്‍മ്മപ്പെടുത്തി, കെണിച്ച്
കണ്ണ് കുത്തിക്കിഴിച്ചതും
പല്ലുടച്ചതും, പട്ടികയില്‍
ഇടിച്ചു നില്‍‌‌ക്കുമെന്നായി
(ചുണ്ടെലിയുടെ മൂക്കറത്ത്
മുയലിന്റെ ചെവിയറത്ത്
നായുടെ വരിയുടച്ച്)
അടിമയുടെ തല
തിളച്ചയെണ്ണയില്‍ മുക്കി
കനപ്പെട്ട്;
പരീക്ഷണ‌ത്വര
പിരിയിളകിയ നോവിന്റെ
അളവുകുറിക്കല്‍ യന്ത്രം
അവളുടെ
ഹൃദയമിടിപ്പുകളോട്
ചേര്‍ത്തുവച്ചപ്പോള്‍
കത്തിപ്പോയി!

നിങ്ങളുടെ പക്ഷം
അവള്‍ക്കൊരു വിളി
സ്വന്തമായുണ്ട്………

Friday, March 7, 2008

പൗരുഷം

ഒരു ദശവര്‍ഷം
കാത്തിരുന്നിട്ടാണ്
ഇളം കുസൃതിമുളപ്പുകള്‍
സ്വര്‍ണമണിഞ്ഞ്
ഉപജീവനത്തിന്
തയ്യാറെടുത്തത്.

അടുത്തൊരു
ദശവര്‍ഷം കൊണ്ടാണ്
നെയ്യിട്ടുകടഞ്ഞും
ഉഴിഞ്ഞുപരത്തിയും
സഗൗരവം

ഒന്ന് കട്ടിപ്പരുവമായത്.

എന്നിട്ടിപ്പോ;
ഒരുട്ടോപ്യന്‍
നയരൂപികരണത്തിന്റെ
റാഗിങ്ങുകൊണ്ട്
അങ്ങു വടിക്കാമെന്ന്
ഭാവിച്ചാല്‍ ഞാനവളെ
പുരുഷനെന്ന് കളിയാക്കും!

Wednesday, February 27, 2008

ആദ്യരാത്രി (ആലാപനം)








Powered by Podbean.com



ഇതൊരു പരീക്ഷണമാണ്. എന്റേതായ പരിമിതിക്കുള്ളില്‍ നിന്ന് അതിന്റേതായ ഇടര്‍ച്ചയോടെ, പതര്‍‌ച്ചയോടെ.....!
കവിത വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ.

Wednesday, February 20, 2008

ഭ്രാന്തു പറയുകയല്ല!


പിന്തിരിഞ്ഞു പടികയറുന്നവന്‍,
കണ്ണുതുറന്ന് ഉറങ്ങുന്നവന്‍,
തലമറന്ന് പാമോയില്‍
തേക്കുന്നവന്‍,
ഇങ്ങനെയൊക്കെ
വിശേഷിപ്പിച്ചോളൂ...

കൂട്ടിയിടിക്കാനൊരുമ്പെട്ട
രണ്ടു വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത;
ആഞ്ഞുചവിട്ടിയതിന്റെ
സ്തോഭങ്ങള്‍ ഞെളിപിരിഞ്ഞെണീറ്റ്
തല്ലാനും ചീത്തപറയാനുമടുക്കുമ്പോള്‍
പറയാനൊന്നുണ്ട്
“പൊറുക്കണം ഞാനൊരു
കവിയാണ്, സ്വപ്നജീവിയാണ് !”

കിട്ടാനുള്ളതൊക്കെ
കൊട്ടക്കണക്കിനു വാങ്ങി
സൈഡുബഞ്ചില്‍ പോയിരുന്ന്
മോങ്ങുന്ന പുഞ്ചിരി
ഒരു കവിതയാണെന്ന്
തിരിച്ചറിയാത്തവരാണ്
ചങ്ങലയുമായി വരുന്നത്!

Tuesday, February 5, 2008

മതിലോരം ഒരു പ്രണയം


മതിലോരം ചേര്‍ന്ന്
പലതാളും പലവട്ടം
ചീന്തിയെറിഞ്ഞ്
മൃദുത്വത്തോടെ മതിമറന്ന്
പേര്‍ത്തെഴുതിയതത്രയും
ചും‌ബനങ്ങളായിരുന്നു.

രണ്ടു മതിലുകള്‍
ഇണചേര്‍ന്നു നിന്നതിന്റെ
വിടവില്‍
കാലാട്ടിയിരുന്നതില്‍
അതിരുകളുടെ
ജല്‌പനങ്ങളായിരുന്നു
ഉരുകിയൊലിച്ചത്,
അടയാളങ്ങളായതും.

ഞങ്ങളുടേതായ മതിലുകളില്‍
അറം‌പറ്റിവളര്‍ന്ന
മഷിത്തണ്ടുകള്‍
മറച്ചുപിടിച്ചത്
ഉദ്വേഗം പായല്‍ പിടിച്ച
അക്ഷരങ്ങളെയും.

അവള്‍, ഞാന്‍;
അതിരുകവിഞ്ഞ്
അവയുടെ അടയാളങ്ങളെ
മായിച്ചുകളയാനൊരുങ്ങി
അറിയാതെ
വലിച്ചെറിഞ്ഞത്
വെട്ടിയും തുരുത്തിയും
കടഞ്ഞെടുത്തൊരു
പ്രണയകവിതയുടെ
പുസ്തകമായിരുന്നു!