Monday, December 31, 2007

വകതിരിവ്

മൃഗത്തിന്റെ സംസാരം
തിരിച്ചറിയാനാവാതെ
കരച്ചിലാക്കി.

ഒന്നും പിടികിട്ടാതെ
കിളിഭാഷ
ചിലയ്ക്കലാക്കി.

കീടങ്ങള്‍
മൂളിയെന്ന്
തരം താഴ്ത്തി.

വലിയ വകതിരിവു
വന്നെന്ന നമ്മുടെ
വീമ്പുപറച്ചില്‍
അവറ്റകള്‍
കേള്‍ക്കുന്നത്
എങ്ങനെയായിരിക്കും?!

Sunday, December 30, 2007

ഘടികാര ചിന്തകള്‍

ഘടികാരസൂചികള്‍
മുന്നോട്ടുള്ള
പ്രയാണത്തെയല്ല
മറിച്ച്;
കടന്നുവന്ന
വഴികളെയാണ്
കണക്കുകുറിക്കുന്നത്.

ഒരേ യുഗങ്ങള്‍
കറങ്ങിത്തിരിഞ്ഞിട്ടും
പോകേണ്ട വഴികള്‍
പരകോടിവട്ടം
കണ്ടുതീര്‍ത്തിട്ടും
കടമ്പകളെക്കുറിച്ച്
സ്വപ്നങ്ങള്‍ മാത്രം
അവയ്ക്ക്’
ബാക്കിയാവുന്നതെന്ത്?

അതെ,
വലത്തോട്ട് കറങ്ങുമ്പോഴും
ഇടത്തോട്ട് ചിന്തിക്കുകയാണ്
തരമ്പോലെ.***


(മനോഹരമായൊരു ചിന്ത
ആദ്യം കണ്ടെത്തിയത്
ഞാനായിരിക്കില്ല.
തീര്‍ച്ച!)

അതെ,
എന്റേതെന്ന് ഉറപ്പില്ല
മിനക്കെട്ടിരുന്നിട്ടും
നിന്റേതെന്ന്
ഓര്‍ത്തെടുക്കാനും
കഴിഞ്ഞില്ല.
കടമ്പകളൊരുപാട്
ഞാനും കടന്നു.
പലവട്ടം
പലവഴി
കറങ്ങിത്തിരിഞ്ഞു.
എന്നിട്ടുമൊരു
ഘടികാരസൂചിപോലെ
കൃത്യമായി ഒന്നുമങ്ങനെ
കുറിച്ചില്ല.
മറവിയല്ലാതെ.

(നോക്കൂ…
നിനക്കറിയാമെങ്കില്‍
പറയണം.
മറ്റൊന്നിനുമല്ല.
അടിയിലൊടുവില്‍
ഒരു കടപ്പാടെന്നു
കുറിക്കണം.)

എന്റെ ഘടികാരത്തില്‍
ഞാനേതു സൂചിയാണ്?
ചിലപ്പോള്‍,
കൊലുന്നനെ
നീണ്ടതാലാവണം.
മെലിഞ്ഞു
തൊലിഞ്ഞതാലാവണം.
ഓരോ നിമിഷവും
പ്രവര്‍ത്തിക്കുന്നെന്ന്
നിന്നിലേയ്ക്ക്
ഒരു തോന്നലിടാനാവുന്നത്.

മുന്‍പില്‍
അക്കങ്ങള്‍ പോലെയാണ്
കുണ്ടും കുഴിയും.
വലുതും ചെറുതുമാണ്.
എന്നാല്‍,
ക്രമരഹിതമാണ്.

ഞാനോടുന്നതുകൊണ്ടാണ്
നീയിഴയുന്നതെന്നും
മറ്റവന്‍
അനങ്ങാതിരുന്ന്
വലിയ കാര്യങ്ങള്‍
സാധിക്കുന്നതെന്നും
മറക്കാതിരിക്കുക.

ചേര്‍ത്തുവെക്കാനാവുന്നില്ലല്ലോ.
ഞാനഴിച്ചതാണ്.
ഞാന്‍ മാത്രമാണ്.
നിങ്ങളെയൊരു
ബിന്ദുവില്‍
സംയോജിപ്പിക്കേണ്ടപ്പോള്‍
ഞാനെവിടേയ്ക്കാണ്
തിരിയേണ്ടതെന്നും
ഞാന്‍,
നിങ്ങളിലാരാണെന്നും
മറന്നുപോയിരിക്കുന്നു.

(ദേ….
വെളുപ്പാന്‍ കാലത്തിരുന്ന്
ഒരു ഘടികാരത്തിന്റെ
പരിപ്പിളക്കിയപ്പോള്‍
നിനക്കൊക്കെ
സമാധാനമായല്ലോ!)

അതെ, ഇതു നിങ്ങളുടെ
കവിതയാണ്.
എന്റെയല്ല!

Thursday, December 27, 2007

ഗുണനിലവാര മുദ്ര


“നിന്റെ പിന്നാലെ വരുന്നത്
ആരാകുന്നു?”

“അതെന്റെ പിന്നണിപ്പാട്ടുകാരി”

“നിന്റെ ചെരുപ്പിന്റെ
വാറഴിക്കാ‍നുള്ള യോഗ്യത….?”

“ISO 9…..?”

“ഉവ്വേ”

“അതവളില്‍
ജനിച്ചപ്പഴേ മുദ്രകുത്തി!”

Sunday, December 23, 2007

ചിറകുകള്‍

ഒരു പുഴയിലെ
മീനാകണമെന്നായിരുന്നു മോഹം.
കുറച്ചുനാള്‍ ഊളിയിട്ടതു
പഴക്കമായപ്പോള്‍
എല്ലാം കുറ്റമായി,
കുറവായി.
ഒഴുക്കിനെതിരെ പിടിച്ചുനിന്നപ്പോള്‍
തുടങ്ങിവച്ചതാണു ചിറകുകള്‍.
ഒരുനാള്‍ ചൂണ്ടയില്‍ കുരുങ്ങി
ഉയര്‍ന്നുചെന്നപ്പോള്‍
കണ്ട ആകാശം.
ചുണ്ടുപൊട്ടി
തിരിച്ചുകിട്ടിയ ജീവിതം
സങ്കടക്കയത്തിലെന്നോ
പോരായ്മയെന്നോ ശഠിച്ചു.
പിന്നെ കുതിച്ചുചാട്ടമായി.
തഴക്കം ചെന്ന ചാട്ടങ്ങള്‍
പറക്കലായി.
തുണ്ടായിരുന്ന ആകാശം
തുറസ്സായി.
ആകാശം പറന്നടക്കണ-
മെന്നായി പൂതി.
ചുഴലിക്കാറ്റടിച്ചപ്പോള്‍
കുഴഞ്ഞ്
ചുള്ളിക്കമ്പിലിടിച്ച്
പൊട്ടിത്തകര്‍ന്ന്
ചാണകക്കുഴിയില്‍ വീണു.
പുഴുവരിക്കാന്‍ കാത്തുകിടപ്പായി.
പുഴുക്കള്‍ വന്നേരം
ചോദ്യം;
എന്താണ് അന്ത്യവിചാരം,
മോഹം?
സ്വയമൊന്ന് ഉപമിക്കണം
മാത്രം! അതുമാത്രം?
ആവട്ടെ.
“രണ്ടഹങ്കാരികളാല്‍
തളയ്ക്കപ്പെട്ടവന്‍!”

Monday, December 17, 2007

ചിരിയീച്ച


എനിക്കു ചിരിക്കാന്‍
ഇഷ്ടമായിരുന്നു.
എന്നാല്‍ ചിരിയ്ക്ക്
എന്റെ മുഖത്തിരിക്കാന്‍
ഇപ്പോളൊരീച്ചയാകേണ്ടി വരുന്നു.
ഒരിക്കലതെന്റെ
മൂക്കിന്‍ ‌തുമ്പിലിരുന്നപ്പോള്‍
തള്ളച്ചി കൈനിവര്‍ത്തി
ഒറ്റയടി.
ആ ചിരി ചത്തുചതഞ്ഞരഞ്ഞുപോയ്.
തള്ളച്ചി ഇത്തിരിയുള്ളത്
തൂത്തുതുടച്ചിട്ടു പറഞ്ഞു
“ഒരു ചോരനീരില്ലാത്ത ചിരി”

എന്നാ കേള്‍ക്കണോ?
എനിക്കു രാഷ്ട്രീയ കവിതയെഴുതാന്‍
വലിയ മോഹമായിരുന്നു.
ഇന്നെലെയതിനാല്‍
വരികളുടെയെല്ലാമടിയില്‍
ഒന്നു ധ്വനിപ്പിച്ചെടുക്കാന്‍
ഒരു മന്ത്രിയന്നതു വെട്ടി
രണ്ടു മന്ത്രിയെന്നാക്കി.

എഡിറ്റര്‍ വായിക്കുമ്പോള്‍
രാഷ്ട്രീയമറിഞ്ഞു തലചുറ്റി
വീഴുമെന്നോര്‍ത്തപ്പോഴാണ്
അടുത്ത ചിരിവന്നത്.

അതുപക്ഷേ;
എന്റെ പട്ടിയുടെ
വാലില്‍ പോയിരുന്നു!

കടങ്കഥകള്‍ക്കു ശേഷം

കത്തി; തന്നോടുതന്നെ
വാതുവെച്ച്
ചില കടങ്കഥകള്‍ ചൊല്ലി.

കല്ലിലുരസി
തീ പാറിയില്ല
മനസു കാളി.

മാംസം ഭാഗിച്ചു
കണ്ടതറിഞ്ഞില്ല
ഉള്ളുനിറഞ്ഞു.

എല്ലുകള്‍ക്കുമേലെ
കുത്തിമറിഞ്ഞു.
ചുണ്ടു നനഞ്ഞില്ല
കണ്ണു നനഞ്ഞു.

അറഞ്ഞിട്ടതില്‍ ഒന്നും
അറിവുകേടില്‍ രണ്ടും
ഹൃദയത്തില്‍ മൂന്നും
ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഉത്തരം പറയാന്‍ കഴിയില്ല.
ഒരു കടമോ……
രണ്ടു കടമോ……
കുത്തിമലര്‍ത്തലോ……?!

ഇനിയെന്നാല്‍,
വായുവിനെ വകഞ്ഞ്
പരുക്കേല്‍പ്പിക്കാന്‍ പഠിക്കണം.
അങ്ങനെയെങ്കില്‍
ചുഴലിക്കാറ്റിനെ
ഭയപ്പെടേണ്ടതില്ല!

Saturday, December 15, 2007

മഞ്ഞളിപ്പ്

അമ്മ കുളത്തിലേയ്ക്കു-
ചാടും മുന്‍‌പേ ഊരിവച്ച
പണ്ടങ്ങളില്‍
മോന്തിയോളം മങ്ങാതിരുന്ന
മഞ്ഞളിപ്പ് ഉണ്ടായിരുന്നു.

കൊതുകിനോടുള്ള
കാലിന്റെ പിടച്ചിലും
കാതിലെ
കാറിപ്പൊരിക്കലും
തവളയുടെ പേക്രോമും
കോരിവച്ച വെള്ളത്തില്‍
കുളിപ്പിച്ചെടുക്കുന്നതോടെ
തീരുന്നതായില്ല രാത്രികള്‍.

ഇരുട്ടില്‍ ഇടവഴിയിലൂടെ
ഞാന്‍ -
നൂണുകയറുമായിരുന്നത്രെ!
“ഒറ്റയടി”
പടിയടച്ച്
മുഖം മാന്തലോളം മൂകമായ്
മാറിനില്‍ക്കും.

ആശ്ലേഷപാകമായ്
ആടിയെത്തുന്ന കൈകളില്‍
ഒച്ചയുടെ
കുന്തിരിക്കപ്പുകയാവണം.
“എട കള്ളാ വാടാ
കൊച്ചു കള്ളനേ…”
“എനിച്ചിനി മേണ്ട
കുഞ്ഞുംവാവ കൂച്ചോട്ടെ”
പിന്നെയും വാരിയെടുത്തതോളം
മുകരുന്ന ലാളനയുടെ
പരിച്ഛേദങ്ങള്‍
മെനഞ്ഞെടുക്കാന്‍ കഴിയില്ല.

എന്നാല്‍;
പണ്ടങ്ങളില്‍നിന്നും
പണ്ടുകണ്ടവയില്‍നിന്നും
മാറ്റിവയ്ക്കപ്പെടേണ്ട
മഞ്ഞളിപ്പിനെക്കുറിച്ച്….
ഉഴുതുമറിച്ചിട്ട കൌമാരത്തിന്റെ
ഉദര്‍ക്കവിചാരങ്ങളും
നിരാസവും
കയറൂരിവിട്ട-
നോട്ടങ്ങളീല്‍ നിന്നും
പഠിച്ച് പഠിക്കാതെ
പെണ്ണുകാണലിന്റെ
ആദ്യ ബ്രേക്ക് പോയിന്റില്‍
സ്ഥാനാര്‍ത്ഥിയുടെ
നിറഞ്ഞുനില്‍ക്കുന്ന
സ്തൂപങ്ങളിലെയ്ക്ക്
ആഴമുള്ളൊരു വരയുണ്ടെന്ന്
മിഴികള്‍ ഷോക്ക്
ചികിത്സയേറ്റു നിന്നുപോയത്.
ഉടനടി വലിച്ചിട്ടുമറച്ച
വിചാരങ്ങളില്‍
വിധിയെഴുത്തോളം
അയ്യയ്യോ!
പയ്യന്‍, അറുവഷളന്‍.

അതിനകം തന്നെ
കിഴിഞ്ഞുനോട്ടത്തില്‍
ബിരുദാനന്തരബിരുദം
അടിച്ചുമാറ്റിയിരുന്നിട്ടും അമ്മ;
വേഷഭൂഷാദികളുടെ
ആശ്ചര്യജനകമായ
വേവലുകളെക്കുറിച്ച്
ചിന്തിച്ചിരിക്കില്ല.
പകരം
കണ്ണുണ്ടോ?
മൂക്കുണ്ടയോ?
മുനിഞ്ഞോ കുനിഞ്ഞോ
പിന്നില്‍നിന്നു കണ്ടാല്‍…..
നിനക്കെന്തു തോന്നി?
എനിക്കെന്തു തോന്നാന്‍
ശരിക്കൊന്നും കണ്ടില്ല
എല്ലാം മഞ്ഞയായി.

പിന്നെയും;
കണ്ടതിലും
പിന്നിലും മുന്നിലും
മീന്‍‌കാരിയിലും
സീനിലും
നൂറു ഡോളറിന്റെ
കെട്ടുനോട്ടുകണ്ടാല്‍ പോലും
അത്രകണ്ടു വരില്ല.

ചിലപ്പോള്‍
മുഖത്ത് ഒന്നുരണ്ടുതവണ
പൊന്നീച്ചപാറിയാല്‍
ഏതുമഞ്ഞയും മഞ്ഞാകുമെന്നും
ഉരുകുമെന്നും
നിങ്ങള്‍ പറഞ്ഞേക്കാം!