Wednesday, February 27, 2008

ആദ്യരാത്രി (ആലാപനം)








Powered by Podbean.com



ഇതൊരു പരീക്ഷണമാണ്. എന്റേതായ പരിമിതിക്കുള്ളില്‍ നിന്ന് അതിന്റേതായ ഇടര്‍ച്ചയോടെ, പതര്‍‌ച്ചയോടെ.....!
കവിത വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ.

Wednesday, February 20, 2008

ഭ്രാന്തു പറയുകയല്ല!


പിന്തിരിഞ്ഞു പടികയറുന്നവന്‍,
കണ്ണുതുറന്ന് ഉറങ്ങുന്നവന്‍,
തലമറന്ന് പാമോയില്‍
തേക്കുന്നവന്‍,
ഇങ്ങനെയൊക്കെ
വിശേഷിപ്പിച്ചോളൂ...

കൂട്ടിയിടിക്കാനൊരുമ്പെട്ട
രണ്ടു വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത;
ആഞ്ഞുചവിട്ടിയതിന്റെ
സ്തോഭങ്ങള്‍ ഞെളിപിരിഞ്ഞെണീറ്റ്
തല്ലാനും ചീത്തപറയാനുമടുക്കുമ്പോള്‍
പറയാനൊന്നുണ്ട്
“പൊറുക്കണം ഞാനൊരു
കവിയാണ്, സ്വപ്നജീവിയാണ് !”

കിട്ടാനുള്ളതൊക്കെ
കൊട്ടക്കണക്കിനു വാങ്ങി
സൈഡുബഞ്ചില്‍ പോയിരുന്ന്
മോങ്ങുന്ന പുഞ്ചിരി
ഒരു കവിതയാണെന്ന്
തിരിച്ചറിയാത്തവരാണ്
ചങ്ങലയുമായി വരുന്നത്!

Tuesday, February 5, 2008

മതിലോരം ഒരു പ്രണയം


മതിലോരം ചേര്‍ന്ന്
പലതാളും പലവട്ടം
ചീന്തിയെറിഞ്ഞ്
മൃദുത്വത്തോടെ മതിമറന്ന്
പേര്‍ത്തെഴുതിയതത്രയും
ചും‌ബനങ്ങളായിരുന്നു.

രണ്ടു മതിലുകള്‍
ഇണചേര്‍ന്നു നിന്നതിന്റെ
വിടവില്‍
കാലാട്ടിയിരുന്നതില്‍
അതിരുകളുടെ
ജല്‌പനങ്ങളായിരുന്നു
ഉരുകിയൊലിച്ചത്,
അടയാളങ്ങളായതും.

ഞങ്ങളുടേതായ മതിലുകളില്‍
അറം‌പറ്റിവളര്‍ന്ന
മഷിത്തണ്ടുകള്‍
മറച്ചുപിടിച്ചത്
ഉദ്വേഗം പായല്‍ പിടിച്ച
അക്ഷരങ്ങളെയും.

അവള്‍, ഞാന്‍;
അതിരുകവിഞ്ഞ്
അവയുടെ അടയാളങ്ങളെ
മായിച്ചുകളയാനൊരുങ്ങി
അറിയാതെ
വലിച്ചെറിഞ്ഞത്
വെട്ടിയും തുരുത്തിയും
കടഞ്ഞെടുത്തൊരു
പ്രണയകവിതയുടെ
പുസ്തകമായിരുന്നു!

Wednesday, January 30, 2008

വേരുകളും മാളങ്ങളും



വരണ്ടമണ്ണിലെ വേരുകള്‍
ദൂരങ്ങളോളം കഠിനമായി
പരിശ്രമിച്ചത്
മാളങ്ങള്‍ ഓരോരോ
കപ്പക്കിഴങ്ങിലേയ്ക്കും
കടിച്ചുപറിയുടെ
ചുഴിപ്പുകളിടുമ്പോള്‍
പൊട്ടിപ്പോയിട്ടും
പുതിയ മുഖങ്ങള്‍
പിറന്നു ചാടി
പലവഴി മുന്നേറി
നനവിന്റെ കാഴ്ച്ചതേടി
ഏതൊക്കെ മാളങ്ങളുടെ
ഏതെല്ലം അവസ്ഥകളെയാണ്
മറികടക്കേണ്ടത്!

എന്നാലൊരു
യൌവനവൃക്ഷത്തിന്റെ
തായ്‌വേരു തുരന്നുപോയ
മാളം പറഞ്ഞ കഥയാണ്…;

ചീഞ്ഞുനാറിയൊരോടയിലേയ്ക്ക്
കുടിച്ച നീരുറവപോലും
ഛര്‍ദ്ദിച്ച് നോക്കിയതില്‍
പ്രായമറിയിക്കാതെ
തെറ്റുധരിക്കപ്പെട്ട
ചില മണങ്ങള്‍
മാനഭംഗം ചെയ്യപ്പെട്ട്
പുളിച്ചു പൊന്തിയെന്ന്
സ്രവങ്ങളെല്ലാം
കുഴഞ്ഞുകിടന്നതിനുമേലെ
കടന്നുപോയ ചില വേരുകള്‍!

ഈച്ചകള്‍ ചെവിയില്‍
മൂളിക്കൊടുത്ത സൂക്തങ്ങളില്‍
ഒരു പ്രളയദിനമെങ്കിലും വന്ന്
കൊന്നുതള്ളി പുഴകള്‍
കടലില്‍ ചാടിമരിക്കുമെന്ന
മോക്ഷത്തിന്റെ സ്വപ്നം!

Sunday, January 27, 2008

മൃഗശാലയിലെ പല്ലി


ഇന്നെങ്കിലും സിംഹത്തെ
തിന്നാനാകുമെന്ന കൊതി
ഭിത്തിയിലിഴഞ്ഞ്
പല്ലിവാല്‍ മുറിഞ്ഞതും
കാരണമൊന്നും കൂടാതെ
ജന്തുപോലുമല്ലാത്ത വസ്തുത
മുന്‍പില്‍ പിടഞ്ഞതിലേയ്ക്ക്
സിംഹം അലമുറയിട്ടതിന്റെ
ഉള്ളറിഞ്ഞ് പൊട്ടിച്ചിരിച്ച്
കുതിരകള്‍ കയറുപൊട്ടിച്ചതില്‍
ഭ്രാന്തുപിടിച്ചെടുത്ത
തെറ്റിദ്ധാരണകള്‍ കുമിഞ്ഞുകൂടിയ
ചിറകടികളും കലപിലയും
പക്ഷിക്കൂടുകളില്‍
പകച്ചലച്ചതിലേയ്ക്ക്
ഒന്നോലിയിട്ട് ചെന്നായ്ക്കളും
ഇഴഞ്ഞ് മലമ്പാമ്പുകളും
വൈകിമാത്രമുറങ്ങിയ
കഴുതകളും പങ്കുചേര്‍ന്നതും
കാണാനാകാതെ
ഭാവിയുടേതുമാത്രമായ
ദുരന്തങ്ങള്‍ ആലേഖനം
ചെയ്ത നഷ്ടപ്പെട്ടുപോയ
ഗൌളിശാസ്ത്രപുസ്തകം തേടി
അടച്ചിട്ട മുറികളില്‍ ചിലര്‍
ശരിയോ തെറ്റോ
വേര്‍തിരിച്ചു ധരിക്കാനറിയാതെ
ഖനനം നടത്തുകയായിരുന്നു!


ഈ കവിത ഇങ്ങനെയായതിലേയ്ക്ക് എന്നെ നയിച്ചത്
ഗുപ്തന്റെ ഈ കഥ.

Tuesday, January 22, 2008

ചില പ്രത്യേകതരം കവിതകള്‍

ആറ്റുനോറ്റിരുന്നിട്ടും
നോമ്പുനോറ്റിട്ടും
തിളച്ചുപൊങ്ങിടാതങ്ങനെ
പാല്‍ പോലെ കവിത.
കാറ്റിലലഞ്ഞലക്‌ഷ്യമായ്‌
ചിന്തകള്‍
പാഴ്‌കിനാവില്‍
ലയിച്ചിടാന്‍
കാത്തുകാത്തങ്ങിരുന്ന്
തിളച്ചുവീണതില്‍
പൊള്ളിത്തീയണച്ച്
കരിഞ്ഞ്
ബാക്കിയായതില്‍
വെള്ളം ചേര്‍ത്തിളക്കിയും
ചേര്‍ക്കാതെയും…..

ഓര്‍ത്തുരാകി
മിനുക്കിയുള്ളുറകുത്തി
പാത്തുവച്ചു
തിരിച്ചെടുക്കുമ്പോള്‍
തെറ്റിമുനയൊടിഞ്ഞ്
തുരുമ്പിച്ച
കവിത.

തലക്കെട്ടു ‘കെട്ടി’
‘കുത്തലൊക്കെ’ മറന്ന്
കണ്ണടച്ച് കുടിച്ചു-
മൂത്ത് ലഹരി
പൂത്തൊരുദ്യാനം
പോലെ…..

തുള്ളിയുണങ്ങാതെ
തീനക്കി-
പ്പൊള്ളിമാത്രം
കഴിയുന്ന തീക്കനല്‍
ഉള്ളിലടക്കിയൊ-
രീര്‍പ്പത്തിന്‍ തുള്ളി.

നായപോല-
ല്‍‌സേഷനായ-
പോലങ്ങനെ
നാലുപേര്‍ കുറ്റം
കണ്ടില്ലെന്നാലു;
വാലു വട്ടം വളച്ചാട്ടി
കാലുനക്കിയാലും
കുരച്ചെന്നാല്‍
കല്ലേറുകൊണ്ടപോലെ
കവിത.

ആടുകയാണൂഞ്ഞാല്‍
കവിത
ആശയക്കാറ്റുണ്ടു
പിന്നിലൊന്നിള-
ച്ചൂതിയാല്‍ മതിയില്ലേ
ആശയൊന്നമര്‍ന്നിരിക്കുമ്പോള്‍
കൊമ്പുതന്നേ
പൊട്ടിവീഴും കവിത

എന്നിലൂറിനിന്ന
മധുരക്കരിമ്പുകണ്ടം
നിന്നിലടിവേരു
കയിച്ചു തുപ്പിക്കും
മന്ത്രജാലം.
നെഞ്ചുപിളര്‍ന്നെത്ര
കാട്ടുമീയിരുട്ടിലേയ്-
ക്കുറ്റുനോക്കിയാല്‍
കരിന്തിരി വിളക്കു-
പോലൊരു നക്ഷത്രം.

ചാണകം
മെഴുകിവിണ്ട തറയിലെ
വിള്ളലായ്
കിടന്നു പാര്‍ക്കണം
കാലമെത്ര ചവിട്ടു-
കൊണ്ടുവലുതാവാ-
നെങ്കിലും കുറ്റമായ്
കുറവായ് അല്ലലിന്‍
വൈക്കോല്‍
തുരുമ്പരഞ്ഞ
ഗര്‍ഭത്തിലങ്ങനെ പണ്ടേ
ഒളിച്ചിരുന്നില്ലേ….

ഞാനിട്ടുതേഞ്ഞ
ചെരുപ്പു നീ
കൊട്ടിയുടച്ച വള
കാഞ്ഞ പ്രണയം
കുത്തിയ നെറ്റിയി-
ലുറഞ്ഞ തേന്‍-
തുള്ളി വിയര്‍ത്തു
വീണ ചുണ്ടില്‍
പുലരുന്ന
പുതുഞാറ് കവിത.

‘കാമധേനു’വിന്‍
കരളുറ്റിവീണ
ചൊര വെളുത്ത
പാല്‍ കറന്നെടു-
ത്തടുപ്പില്‍ വച്ചു
തിള കാത്തിരിക്കും
കവികളേ………
“തിളയ്ക്കട്ടെ
നമ്മുടെ കവിത!”

Saturday, January 19, 2008

മുജ്ജന്മപാപം


ഇഞ്ചിഞ്ചായി
കൊല്ലപ്പെട്ടു.
മരണത്തിന്റെ
ഊടുവഴിയിലെല്ലാം
കുഴഞ്ഞുവീണ്;
കരിങ്കടല്‍
കുലകുത്തിയൊഴുകി
നെഞ്ചലച്ച്
ചുവന്ന പുഴയില്‍
ആത്മാംശമുപേക്ഷിച്ച്
തെളിഞ്ഞ്
തന്റേതല്ലാത്ത
മാലിന്യവുമായി
അനുസ്യൂതം
പുനര്‍ജനിച്ചു!