Friday, June 27, 2008

അഞ്ചു കവിതകള്‍


മുഖംമൂടിയും തൊപ്പിയും
“നോക്ക് വാളേ;
സ്വന്തമായൊരു
തലയില്ലാത്തവര്‍
ഞങ്ങള്‍,
നിന്റെ പോലെ
തലയുള്ളവര്‍
അതു പ്രവര്‍ത്തിപ്പിച്ച്
ഞങ്ങളെ കൈമാറ്റം
ചെയ്യരുത്
പ്ലീസ്!”

സുന്ദരിമരത്തിന്റെ പാട്ട്
"പോണോരേ
വാണോരേ
വീണോരേ....
പോകും വഴി
പുഴവഴിയാണെങ്കില്‍,
അവിടെ കടവില്‍
കെട്ടിയിട്ടോ
അഴിച്ചുവിട്ടോ
കരകര പാഞ്ഞോ
എന്റെ അമ്മയെ കണ്ടെങ്കില്‍
ഒന്നു പറയുമോ;
എനിക്കും അതിനുള്ള
പ്രായമായെന്ന്!"


കൊടിമരം പറയാത്തത്.
അഴിഞ്ഞാട്ടം തന്നെയാണ്
ഏതൊരു കൊടിയിലും
സഭ്യനൃത്തത്തിന്റെ
ഉത്തുംഗതയിലും തുടിക്കുക.

ചിലനേരം
ദുരന്തത്തിന്റെ ഓര്‍മ്മയിലേയ്ക്ക്
താഴ്ത്തിക്കെട്ടുന്ന ജീവിതം;
ഒരുനാള്‍ നിന്റെ സ്വാതന്ത്ര്യം
പ്രഘോഷിക്കാന്‍
അവളില്‍ പൂനിറച്ചു ചെയ്യുന്നതും…

എവിടെ അവളുടെ സ്വാതന്ത്ര്യം?

ഞങ്ങളുടെ അത്യാ‍ഗ്രഹം
ഉറക്കഗുളികകളെ
നീ പരിപാലിക്കുമ്പോള്‍
അവരെപ്പോഴും ഒറ്റതിരിഞ്ഞുവന്ന്
നിന്നെ പാട്ടുപാടി
സുഖിപ്പിക്കുമെന്ന് കരുതരുത്.
ഒരിക്കല്‍ അവരുടെ മോചനത്തിന്റെ
കാഹളനാദം നിനക്കു കേള്‍ക്കേണ്ടിവരും.
നീയവര്‍ക്കു കൊടുത്തത്
കാരാഗ്രഹമാണെന്ന
നെറികേടിന്റെ സംഘഗാനം.

നശിപ്പികുക.
നീയൊരു രാജ്യമാണെങ്കില്‍
അവറ്റകളുടെ
ശവം ‌പോലും നിന്റെ പുഴയില്‍
ഒഴുക്കാതിരിക്കുക.

നീയും ഞങ്ങളെപ്പോലെ
ഉറക്കം കാംക്ഷിക്കരുത്!

വാര്‍ത്ത
മുറ്റത്തെ ഒരു പാഴ്ച്ചെടിയുടെ

സുപ്രഭാതത്തെക്കുറിച്ചാണ്;

മേല്‍ക്കമ്പിലിളകുന്ന
തന്റെമേല്‍ വീഴുമെന്നുറപ്പായ
മൂത്രത്തുള്ളിയോട്
മഞ്ഞുതുള്ളിക്ക് തോന്നിയത്
‘എന്റെ കരളേ
സ്വര്‍ണവര്‍ണമേ
പൊന്നേ’ എന്ന
വികാരമാണ്.
പിന്നെയൊന്നായുരുകി
പിറന്നുവീണതോ കണ്ണീര്‍ത്തുള്ളി!

35 comments:

ശ്രീ said...

എല്ലാം നന്നായെങ്കിലും ആദ്യത്തെ കൂടുതലിഷ്ടായി.
:)

പാമരന്‍ said...

സൂപ്പര്‍...

രണ്ടാമത്തേതും അവസാനത്തേതും കൂടുതലിഷ്ടമായി..

ദിലീപ് വിശ്വനാഥ് said...

എനിക്ക് ആകെ മനസ്സിലായത് ആദ്യത്തെ രണ്ട് കവിതകള്‍ ആണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വ്വെറുതേ ഇരിക്ക്കുമ്പ്പോ ഒരാളുവന്ന്‌ തലമണ്ടയ്ക്കിട്ട് കൊട്ടിയപോലെ ഒര്രു ഞെട്ടല്‍ ഇത് വായിച്ചപ്പോ.

സുന്ദരിമരം ഇഷ്ടായി

ചോലയില്‍ said...

തികച്ചും സമകാലികമായ വിഷയം. നന്നായിരിക്കുന്നു.

തണല്‍ said...

അവിടെ കടവില്‍
കെട്ടിയിട്ടോ
അഴിച്ചുവിട്ടോ
കരകര പാഞ്ഞോ
എന്റെ അമ്മയെ കണ്ടെങ്കില്‍
ഒന്നു പറയുമോ;
എനിക്കും അതിനുള്ള
പ്രായമായെന്ന്!"
-വ്യത്യസ്തതകളിലൂടെ നീയുമൊഴുകുക...ആര്‍ക്കും കെട്ടിയിടാനാവാത്ത രീതിയില്‍!

ചിതല്‍ said...

എല്ലാം ഇഷ്ടമായി.......

“അഴിഞ്ഞാട്ടം തന്നെയാണ്
ഏതൊരു കൊടിയിലും
സഭ്യനൃത്തത്തിന്റെ
ഉത്തുംഗതയിലും തുടിക്കുക”

ഞാന്‍ ഇരിങ്ങല്‍ said...

കവിതകള്‍ അഞ്ചും വായിച്ചു.
താങ്കളുടെ വാക്കുകളില്‍ കുറച്ച് കൂടി മിഴിവ് വ്യക്തത വരുത്തിയെങ്കില്‍ എന്നാശിച്ചു.

മനസ്സിലുള്ളത് കുറച്ച് കൂടി വെളിപ്പെടുത്തിയാലല്ലേ വായനക്കാരനുമായ് സംവദിക്കൂ.

വാര്‍ത്ത , കൊടിമരം പറയാത്തത് തുടങ്ങിയ കവിതകള്‍ വായനക്കാരോട് സംവദിക്കുന്നുണ്ട് ചെറുതായെങ്കിലും എങ്കിലും പോരായ്മകള്‍ ഏറെ.

“നോക്ക് വാളേ..നി റെ പോലെ തലയുള്ളവര്‍ അത് ‘പവര്‍ത്തിപ്പിച്ച്’ എന്ന് പറയുമ്പോള്‍ താങ്കളറിയാതെ വല്ലാതെ ക്രിത്രിമത്വം കടന്നു വരികയും കവിതയിലെ കവിത ചോര്‍ന്നു പോവുകയും ചെയ്യുന്നില്ലേന്ന് ഞാന്‍ സംശയിക്കുന്നു.

സുന്ദരിമരത്തിന്‍ റെ പാട്ടില്‍ മരം ഒരിക്കലും ഒന്നും പറഞ്ഞ് മുഴുമിപ്പിക്കുന്നില്ല. താങ്കളുടെ കവിതയും പകുതി പറഞ്ഞ് അവസാനിപ്പിക്കുന്നു.
“ എന്‍ റെ അമ്മയെ കണ്ടെങ്കില്‍ പറയാമോ എനിക്കും അതിനുള്ള പ്രായമായെന്ന്”
അവ്യക്തമായ എന്തോ ഒന്ന് താങ്കള്‍ പറയുമ്പോള്‍ വായനക്കാരന് അതിന്‍ റെ പകുതി പോലും മനസ്സിലാകുന്നില്ല. മാത്രവുമല്ല വായനക്കാരന്‍ ചിലപ്പോള്‍ കവിത ഓര്‍ത്തു പോലും വയ്ക്കാതെ തിരിഞ്ഞ് നടക്കാന്‍ കവിതയുടെ വരികള്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അതു പോലെ തന്നെ പല വരികളിലും അര്‍ദ്ധോക്തിയില്‍ നിര്‍ത്തുമ്പോഴും വാക്കുകളിലെ അര്‍ത്ഥം മനസ്സിലാകാതെ വ്യക്തമാകാതെ വായനക്കാരന്‍ ‘ചവര്‍’ എന്ന് പറഞ്ഞ് പിന്തിരിയേണ്ടുന്ന അവസ്ഥയിലാണ്.

“ഒരുനാള്‍ നിന്റെ സ്വാതന്ത്ര്യം
പ്രഘോഷിക്കാന്‍
അവളില്‍ പൂനിറച്ചു ചെയ്യുന്നതും…“

എന്ന് താങ്കള്‍ പറഞ്ഞിട്ട് അതിനടുത്ത വരി
“എവിടെ അവളുടെ സ്വാതന്ത്ര്യം?“
എന്നാണ്. ഒരു ട്വിസ്റ്റ് പോയിട്ട് ഒരു ഫീല്‍ പോലും തരുന്നില്ല അത്തരം ചത്ത വരികള്‍.

“മേല്‍ക്കമ്പിലിളകുന്ന
തന്റെമേല്‍ വീഴുമെന്നുറപ്പായ
മൂത്രത്തുള്ളിയോട്“

ആദ്യവരികളില്‍ നിന്ന് രണ്ടാം വരിയിലെത്തുമ്പോള്‍ ചൊല്ലാനൊ പറയാനോ ഒക്കെ ഒരു സുഖമുണ്ട് പക്ഷെ അര്‍ത്ഥമില്ലാത്ത വരികളല്ലേ അത്?
“മേല്‍ക്കമ്പിലിളകുന്ന മൂത്രതുള്ളി” എന്താ മാഷേ ഇങ്ങനെ പറയുന്നത്?
മൂത്രമൊഴിക്കുന്നത് ആരുടേയെങ്കിലും മേലാണൊ?
അങ്ങിനെയെങ്കില്‍ തന്നെ ഒഴിക്കും മുമ്പ് ഇതെവിടെയാണ് ഇളകുന്നത്???

കവിതയില്‍ ഒരു ഫീലിങ്ങും തരാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ കവിത എഴുതാതിരുന്നൂടേ?

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഒരു സ്നേഹിതന്‍ said...

"അഞ്ചു കവിതകള്‍"
നന്നായിട്ടുണ്ട്...
വാര്‍ത്ത കൂടുതല്‍ ഇഷ്ടപ്പെട്ടു....

Teena C George said...

ഇരിങ്ങല്‍,
കവിതകളില്‍ അര്‍ത്ഥവ്യക്തത വന്നിരിന്നെങ്കില്‍ മനസ്സിലാക്കുവാന്‍ എളുപ്പാമായിരുന്നു എന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.
പക്ഷെ, ഇവിടെ ഓരോ വരികളിലും ഒന്നിലധികം അര്‍ത്ഥങ്ങള്‍ ഒളിഞ്ഞു കിടക്കുമ്പോള്‍, അനുരൂപമായ അര്‍ത്ഥം കണ്ടെടുക്കാനാവത്തത്, എഴുത്തിന്റെ പരിമിധി ആണോ, അതോ വായനയുടെയോ?

“സ്വന്തമായൊരു തലയില്ലാത്തവര്‍ ഞങ്ങള്‍, നിന്റെ പോലെ തലയുള്ളവര്‍ അതു പ്രവര്‍ത്തിപ്പിച്ച് ഞങ്ങളെ...” എന്നു പറയുമ്പോള്‍ സ്വന്തമായി തലയുള്ള വാളിനോട്, സ്വന്തമായി തലയില്ലാത്ത മുഖംമൂടിയും തൊപ്പിയും നടത്തുന്ന അപേക്ഷ എന്നു വായിക്കാം... അതല്ലെങ്കില്‍
ബുദ്ധി ഉള്ളവര്‍, തങ്ങളുടെ ബുദ്ധി ഉപയോഗിച്ച്, ബുദ്ധിയില്ലാത്തവരെ കീഴടക്കുന്നു എന്നും വായിക്കാം... മറ്റെന്തെങ്കിലും അര്‍ത്ഥം കണ്ടെത്തേണ്ടവര്‍ക്ക് അതും ആവാം. ഇതു കവിത വായനക്കാരന് നല്‍കുന്ന സ്വാതന്ത്ര്യം അല്ലേ?

“മേല്‍ക്കമ്പിലിളകുന്ന മൂത്രതുള്ളി”യുടെ അര്‍ത്ഥമില്ലായ്മയും മനസ്സിലായില്ലാ. “മുറ്റത്തെ പാഴ്ചെടിയുടെ മേലെകൊമ്പില്‍ പതിച്ച മൂത്രത്തുള്ളിയോട് താഴെ മറ്റൊരു കൊമ്പില്‍ ഉണ്ടായിരുന്ന മഞ്ഞുതുള്ളിക്ക് തോന്നിയ വികാരം...” എന്ന വാച്യാര്‍ത്ഥം തികച്ചും വ്യക്തമാണല്ലോ...
പിന്നെയൊന്നായുരുകി ഒരുകണ്ണീര്‍ത്തുള്ളി ആയി പിറന്നുവീണു എന്നു മാത്രം!

ഞാന്‍ ഇരിങ്ങല്‍ said...

"താങ്കളുടെ വാക്കുകളില്‍ കുറച്ച് കൂടി മിഴിവ്, വ്യക്തത വരുത്തിയെങ്കില്‍ എന്നാശിച്ചു":ഇരിങ്ങല്‍

“കവിതകളില്‍ അര്‍ത്ഥവ്യക്തത വന്നിരിന്നെങ്കില്‍ മനസ്സിലാക്കുവാന്‍ എളുപ്പാമായിരുന്നു“- ടീന സി ജോര്‍ജ്ജ്

ഞാന്‍ പറഞ്ഞത് ആദ്യ വരികളില്‍ ഒന്നു കൂടെ എഴുതി താങ്കള്‍ പറഞ്ഞതും. അതില്‍ പറഞ്ഞിരിക്കുന്നത് ഒന്നു കൂടെ വായിക്കുക. അര്‍ത്ഥ വ്യക്തത എന്ന് ഞാന്‍പറഞ്ഞില്ല.

“അത് പ്രവര്‍ത്തിപ്പിച്ച്” എന്നു പറയുമ്പോള്‍ ക്രിത്രിമത്വം കടന്നു വരുന്നു എന്ന് എഴുതിയത് വായിക്കാന്‍ താങ്കള്‍ മറന്നു. എനിക്കതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെന്ന് താങ്കള്‍ തെരിദ്ധരിച്ചെങ്കില്‍ സന്തോഷം!!

മുറ്റത്തെ പാഴ്ച്ചെടിയെ കുറിച്ചുള്ള വാര്‍ത്ത!!
ഓര്‍ക്കേണ്ടത്പാഴ്ച്ചെടിയാണ്. അതില്‍ എവിടേ ഇളക്കം?? നല്ല ചെടികള്‍ തലയാട്ടി കൊഞ്ചുന്നത് നമുക്ക അറിയാം അതിന്നെ നമ്മളാരും പാഴ്ച്ചെടി എന്ന് വിളിക്കാറില്ല. ഇനി അങ്ങിനെ ഇളകി എന്നിരിക്കട്ടെ.. ചെടിയുടെ ചുവട്ടിലാണൊ എല്ലാവരും മൂത്രമൊഴിക്കുന്നത്??
പിന്നെ മൂത്രത്തെക്കാള്‍ കാണാന്‍ സുന്ദരവും പ്രകാശിതവുമാണ് മഞ്ഞുതുള്ളി. മൂത്രമ്ം എന്നാല്‍ കളയുന്നത് എന്നോ ഒരുര്‍ മൂല്യമില്ലാത്തത് എന്നോ മനസ്സിലാക്കുമ്പോള്‍ ഭിക്ഷക്കാരനായ സിനിമയിലെ രജനീകാന്തിനോട് മന്ത്രിപുത്രിക്ക് തോന്നുന്ന പ്രണയമാണൊ!!?
പിന്നെ ഉരുകി
പിറന്നു (???) വീഴുന്നു? അതെന്താ ഉരുകിയാണോ പിറക്കുന്നത്?? പിറക്കുമ്പോള്‍ അതൊരു കണ്ണീര്‍തുള്ളി.. ഈ വരികളില്‍ വായിക്കാന്‍ സുഖമുണ്ടെങ്കില്‍ വരികള്‍ തമ്മില്‍ ഇല്ലാത്ത അടുക്കും ചിട്ടയും അര്‍ത്ഥവ്യതിയാനവുമാണ് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്.

ടീന സി ജോര്‍ജ്ജ് തന്നെയാണോ ജ്യോനവന്‍..??
അല്ലെങ്കില്‍ ജ്യോനവന്‍ ആയിരുന്നു പറയേണ്ടിയിരുന്നത്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Ranjith chemmad / ചെമ്മാടൻ said...

പ്രിയ ഇരിങല്‍,
വരികള്‍ക്കിടയിലെ
നാനാറ്ഥങ്ങള്‍ എന്തു തന്നെയായലും
ആവിഷ്ക്കാര സ്വാതന്ത്ര്യവും
വായനാവ്യാപ്തിയും
എല്ലാം മാറ്റി നിറ്ത്തിയാലും,
പുതുകവിതയുടെ
അവാറ്ഡ് നേടിയ ഒരു കവി,
അതൊന്നുമല്ലാത്ത, ഞങ്ങള്‍ ആറ്ത്തിയോടെ
വായിക്കാറുള്ള ഒരു പ്രവാസ കവി (പാറ്ശ്വവല്‍ക്കരിച്ചതല്ല)
പ്രതിഭാദനനായ ഒരു യുവകവിയോട്
പ്രതികരിച്ച ഭാഷ ശരിയായില്ല
എന്ന് ഖേദപൂറ്വ്വം അറിയിക്കട്ടെ,
പ്രത്യേകിച്ച്
"കവിതയില്‍ ഒരു ഫീലിങ്ങും തരാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ കവിത എഴുതാതിരുന്നൂടേ? "
"ഒരു ട്വിസ്റ്റ് പോയിട്ട് ഒരു ഫീല്‍ പോലും തരുന്നില്ല അത്തരം ചത്ത വരികള്‍."
ഇത്തരം പ്രയോഗങ്ങളില്‍
താങ്കള്‍ സ്വയം അപഹാസ്യനാവുകയാണെന്ന്
കൂസലില്ലാതെ പറയുന്നു.
ഇനി ഞാനും ജ്യോനവനും
ടീന സി ജോര്‍ജ്ജും ഒന്നു
തന്നെയാണോ എന്ന മണ്ടന്‍
ചോദ്യവും ഉണ്ടാവില്ല എന്ന്
വിശ്വസിക്കുന്നു.
താങ്കളോടുള്ള ആദരവ്
നിലനിറ്ത്തിക്കൊണ്ട് തന്നെ,

സ്നേഹപൂര്‍വ്വം
രണ്‍ജിത്ത് ചെമ്മാട്

ഞാന്‍ ഇരിങ്ങല്‍ said...

രഞ്ചിത്ത് ചെമ്മാട്..,,

താങ്കളുടെ കമന്‍റ് വായിച്ച് ഞാന്‍ വല്ലാതെ ചിരിച്ചു. എന്തായാലും താങ്കള്‍ വികാരം കൊള്ളേണ്ട..

ഞാന്‍ ജ്യോനവന്‍ എന്ന കവിയോ‍ട് ഒരു അനാദരവും കാട്ടിയില്ലെന്ന് എനിക്ക് തന്നെ നല്ല ബോധ്യമുണ്ട്. കവിത വായിച്ച് അഭിപ്രായം പറയുന്നത് തന്നെ അദ്ദേഹത്തോടുള്ള ആദരവ് കാട്ടുകകൂടിയാണ് ചെയ്യൂന്നത്.

പിന്നെ പുതു കവിത അവാര്‍ഡ്... താങ്കളുടെ ആ പ്രസ്താവനയാണെന്നെ ചിരിപ്പീച്ചത്. കവിത എഴുതുമ്പോള്‍ മാത്രമേ ഞാന്‍ കവി ആകുന്നുള്ളൂ. അല്ലാത്തപ്പോള്‍ വായനക്കാരനാ‍ാണ്. ഞാന്‍ ഇനി സ്വയം അപഹാസ്യനായെങ്കില്‍ അങ്ങീനെ കിടക്കട്ടേ..

താങ്കള്‍ ആര്‍ത്തിയോടെ വായിക്കാറുള്ള എന്നു പറഞ്ഞല്ലോ.. കവിയേ ‘മനോഹരം സുന്ദരം ‘ പദങ്ങളാല്‍ കുളിപ്പിച്ച് കിടത്തുകയണൊ ഈ ആര്‍ത്തിയുടെ ഉദ്ദേശം??

പ്രീയപ്പെട്ട രഞ്ചിത്ത് എല്ലാ ആദരവും കൂടി തന്നെ പറയട്ടെ കവിത മനോഹരം സുന്ദരം പദങ്ങളാള്‍ കുളിപ്പിക്കാതെ കവിത ഇഷ്ടാമായല്‍ അത് എങ്ങിനെ എന്നൊക്കെ പറഞ്ഞ് കവീക്ക് പ്രയോജനം ചെയ്യാനുള്ള കമന്‍റുകളും താങ്കള്‍ നല്‍കൂ.

കവിയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പാര്‍ശ്വ വല്‍ക്കരിക്കുന്ന കമന്‍റിടുക വഴി എന്തു സംഭവിച്ചെന്ന് ഞാന്‍ പറയേണ്ടല്ലോ.

ജ്യോനവനെ ഞാന്‍ വായിക്കുന്നത് ആദ്യമല്ല. കവിയെ എനിക്ക് അറിയുകയും ചെയ്യാം. ടീന സി ആണൊ എന്ന് ചോദിച്ചതിലെ അര്‍ത്ഥം ഉള്‍കൊള്ളാനെങ്കിലും താങ്കള്‍ ശ്രമിക്കണമായിരുന്നു.

എഴുതാതിരുന്നൂടെ എന്ന് ചോദിച്ചത് എഴുതാതിരിക്കാ‍ന്‍ വേണ്ടിയല്ലെന്ന് ജ്യോനവന് നന്നായി മനസ്സിലാകും എന്നെനിക്കുറപ്പുണ്ട്.

താങ്കള്‍ എന്‍റെ കമന്‍റിനെ അല്ല വിമര്‍ശിക്കേണ്ടത് കൂട്ടുകാരാ..
കവിതയില്‍ താങ്കളുടെ ഫീ‍ലിങ്ങ് അതാണ് താങ്കള്‍ വെളിപ്പെടുത്തേണ്ടത്. കവിതയില്‍ താങ്കള്‍ കണ്ടെത്തിയ നിരീക്ഷണങ്ങള്‍ എന്ത് എങ്ങിനെ...എന്തേ ചുമ്മാ‍ ആര്‍ത്തി തീര്‍ക്കാതെ അതിന്നെങ്കിലും ഒന്ന് ശ്രമിച്ച് കവിയോടുള്ള സ്നേഹം വെള്ളിപ്പെടുത്തിക്കൂടെ കവിതയോടുള്ള സ്നേഹമെങ്കിലും??


ജ്യോനവനെ അല്ല കവിതയിലെ ചില പോരായ്മകള്‍ വായനക്കാരന്‍ റെ പക്ഷത്തു നിന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

നാളെ ഞാനെഴുതുമ്പോഴും നിങ്ങള്‍ പറയണം അതിലെ മനസ്സിലാവായ്കകള്‍.
കവിതയല്ലാത്ത വരികള്‍..
എന്നിട്ട് പറയണം എഴുത്ത് നിര്‍ത്തിക്കൂടേന്ന്....
അല്ലാതെ ആര് എഴുതിയാലും എന്ത് എഴുതിയാലും സുന്ദരമായാല്‍ മനോഹരമായാല്‍ സൂപ്പര്‍ ആയാല്‍ പിന്നെ നാളെ കവിതയുടെ ഭാവി എന്തായിരിക്കും??

കവിയുടെ എഴുത്തിനോടുള്ള പ്രതിബന്ധത അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയണ് ഞാന്‍ കമന്‍റിയത് അല്ലാതെ അദ്ദേഹത്തെ നിരുത്സാ‍ഹപ്പെടുത്താനോ കൊഞ്ഞനം കാട്ടാനൊ അല്ലെന്ന് മനസ്സിലാക്കനുള്ള സാമാന്യബോധമെങ്കിലും താങ്കള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു.

ജ്യോനവന്‍ ഇതൊക്കെ കണ്ട് ചിരിക്കുന്നത് എനിക്ക് കാണാം.

വായനക്കാര്‍ വായിക്കട്ടെ

കവിതകള്‍ നല്ലത് തിരഞ്ഞെടുക്കട്ടെ.

എനിക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടല്ലോ..അദ്ദേഹത്തിന് എഴുതാനും എഴുതാതിരിക്കാനും.....
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

ഇരിങ്ങലേ ആളറിയാതെ ഇരിക്കാനാ അനോണി കമന്റിടുന്നത് കേട്ടൊ :) ക്ഷമി. തനിക്ക് വിഷമാവാണ്ട

ഒരു നല്ല നിരൂപകനൊരിക്കലും നല്ല കവിയാവില്ല. താന്‍ ആദ്യം തന്റെ കവിതാബ്ലോഗ് പൂട്ട്. ഈ പിള്ളേരൊക്കെ അതു പോയി വായിച്ച് തന്നെ പിച്ചിച്ചീന്തും. സഗീര്‍ പണ്ടാരത്തില്‍ താന്‍ എഴുതുന്നതിലും നന്നായി കവിത എഴുതും. അവാര്‍ഡൊക്കെ കാശ് കൊടുത്ത് മേടിച്ചതാണെന്ന് പറഞ്ഞാല്‍ മുണ്ടാന്‍ പറ്റുകേല. അതോണ്ട് നിരൂവിച്ചൊ. കവിത എഴുത്ത് നിര്‍ത്ത്. :)

സ്നേഹത്തോടെ
അറിയുന്ന അനോണീ.

Teena C George said...

ഇരിങ്ങല്‍,

കവിതയുടെ അര്‍ത്ഥം താങ്കള്‍ തെറ്റിദ്ധരിച്ചു എന്നു മനസ്സിലാക്കാന്‍... ക്ഷമിക്കണം... അര്‍ത്ഥം തങ്കള്‍ക്ക് മനസ്സിലായില്ലാ എന്നു തെറ്റിദ്ധരിച്ചിട്ടൊന്നുമില്ലാ...

പിന്നെ, കവിതയെ വാക്കുകളുടെ അര്‍ത്ഥം മാത്രം ആയി വായിച്ചാല്‍ പോലും നിങ്ങളുടെ വാദങ്ങളെ എനിക്കു പൂര്‍ണ്ണമായും മനസ്സിലാവുന്നില്ലാ.

തലയാട്ടി കൊഞ്ചാത്തതെല്ലാം പാഴ്ച്ചെടി ആണെന്ന് എനിക്ക് അഭിപ്രായമില്ലാ.
പിന്നെ, കേരളത്തിലെ ഒരു തനി നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്നതുകൊണ്ടാവാം, ചെടിയുടെ ചുവട്ടില്‍ ആണോ എല്ലാവരും മൂത്രം ഒഴിക്കുന്നത് എന്ന ചോദ്യം തികച്ചും ബാലിശമായി എനിക്കു തോന്നിയത്.
മഞ്ഞുതുള്ളിക്ക്, സ്വതവേ സ്വര്‍ണവര്‍ണ്ണമുള്ള മൂത്രത്തുള്ളിയോട് “ഒരു രജനി കാ‍ന്ത് സ്റ്റൈല്‍ പ്രണയം” തോന്നിക്കൂടായ്കയില്ലല്ലോ.
ഉരുകിയാണോ പിറക്കുന്നത് എന്നു ചോദിച്ചാല്‍, അതെ എന്നു തന്നെ പറയേണ്ടി വരും, അതു മഞ്ഞുതുള്ളി ആയാലും, കണ്ണീര്‍ത്തുള്ളിയായാലും...

ഇരിങ്ങല്‍,
"കവിയുടെ എഴുത്തിനോടുള്ള പ്രതിബന്ധത അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയണ് ഞാന്‍ കമന്‍റിയത് അല്ലാതെ അദ്ദേഹത്തെ നിരുത്സാ‍ഹപ്പെടുത്താനോ കൊഞ്ഞനം കാട്ടാനൊ അല്ലെന്ന് മനസ്സിലാക്കനുള്ള..."
താങ്കളുടെ ആദ്യത്തെ കമന്റില്‍, താങ്കള്‍ മുകളില്‍ പറഞ്ഞ ഈ അര്‍ത്ഥം വായിച്ചെടുക്കാന്‍ എനിക്ക് കഴിയാതിരുന്നത് കൊണ്ടും കൂടിയാണ് ഒരു മറുകമന്റ് ഇടേണ്ടി വന്നത്. അത് ഒരുപക്ഷെ എന്റെ വായനയുടെ പോരായ്മയായിരിക്കും... ക്ഷമിക്കുക...

ജ്യോനവന്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

'സ്നേഹപൂര്‍വ്വം' ഇരിങ്ങലേ……..
ബൂലോകം കണ്ട ഏറ്റവും ‘പ്രതിഭാശാലിയായ’ കവിതാനിരൂപകാ എനിക്കു
താങ്കളെ മനസിലാവുന്നില്ല! ‘പ്രവര്‍ത്തിപ്പിച്ച്’എന്ന് നേരെചൊവ്വെ എഴുതിയിരുന്നതിനെ
താങ്കളെന്തിനാണ് ‘പവര്‍ത്തിപ്പിച്ച്’ എന്ന് കളിയാക്കി കോമയിലിട്ടത്??? അക്ഷരത്തെറ്റുണ്ടെങ്കില്‍ താങ്കള്‍ക്കോ മറ്റാര്‍ക്കുമോ അതു തിരുത്താന്‍ പറയാം. കളിയാക്കാം. വിമര്‍‍ശിക്കാം. അതൊന്നും തെറ്റില്ലെന്നു പറയാന്‍ മാത്രം ഞാനൊരു കൊമ്പൊന്നുമല്ല. ഇത് ഒരാളുടെ ഭൂതകാലത്തെ ചെയ്യാത്തൊരു തെറ്റിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതുപോലെ തോന്നിയതുകൊണ്ട് പറഞ്ഞുവെന്നു മാത്രം. കാരണം, കവിത എപ്പോഴും ഏഡിറ്റുചെയ്യപ്പെടാം എന്നൊരു സാധ്യത നിലനില്‍ക്കുന്നതുകൊണ്ട്.

ആരുടെയെങ്കിലും ഫീലിങ്ങം നിറച്ച് തുളുമ്പിക്കാനല്ല ഞാന്‍ കവിതയെഴുതുന്നത്. എന്റെ തന്നെ വികാരങ്ങളുടെയും എന്തിന്, അധമ വികാരങ്ങളുടെപോലും തെളിവുകളും ഉണര്‍വുകളും ചുറ്റുപാടിനോടൂള്ള നേരിയ കൂറും കുറവുകാണലും കുറ്റപ്പെടുത്തലും മാത്രമാണ്. വായനയാണ് അതിനൊക്കെ പൂര്‍ത്തികരണം നല്‍കുന്നതെന്നത് ഒരു സത്യം. വിമര്‍ശനങ്ങളെ ഭയമൊന്നുമില്ല. കാമ്പുള്ള, മുനയുള്ള, കുത്തിക്കയറുന്ന വിമര്‍ശനങ്ങളെ കാത്തിരുന്നിട്ടുണ്ട്.

അഞ്ചു കവിതകളെക്കുറിച്ച്:-
തൊപ്പിക്കും മുഖം‌മൂടിക്കും സ്വന്തമായി തലയില്ലെന്നു പറയുന്നതില്‍ വാളിന്റെ തല അവറ്റകളുടെ അത്താണിയായ തല കൊയ്തെടുക്കുന്നു എന്നതില്‍ അടിമകളെ കൈമാറ്റം ചെയ്യുന്നതുപോലെ ഒരു സാധ്യതയുണ്ട്. ഇവിടെ തലയ്ക്ക് ബുദ്ധി എന്നൊരു വിവക്ഷ കൊടുകേണ്ടതുണ്ട്. ഒടുവിലെ വിജയം എപ്പോഴും അതിബുദ്ധിമാന്റേതാണ്. അടിമകള്‍ ഒരര്‍ത്ഥത്തില്‍ ബുദ്ധിമാന്മാര്‍ക്ക് തണലും മറവുമാണ്.
എന്നാലും പരാജയം അടുത്തെന്നാവുമ്പോള്‍ അവരുടെ കെഞ്ചലിലാണ്, കണ്ണീരിലാണ് ഒന്നാമത്തെ കവിത തീരുന്നത്. യുദ്ധം അടിമകള്‍ക്കുവേണ്ടിയുള്ളതാണെന്നുവരുമ്പോള്‍ തൊപ്പിക്കും മുഖം‌മൂടിക്കും നാശമില്ല. വാള്‍ ഒരു ഇടനിലക്കാരന്‍. മറ്റേതോ തലയ്ക്കുവേണ്ടി അവന്റെ പ്രവര്‍ത്തനം. ബുദ്ധി പൂര്‍ണമായും നശിച്ച അടിമകളുടെ, യജമാനനോടുള്ള അന്ധമായ കൂറിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

സുന്ദരിമരത്തിന്റെ പാട്ടില്‍ അത്രയുമേ പറയായേണ്ടതുള്ളു. എന്റെ അമ്മയെ അവര്‍ തോണിയാക്കാന്‍ കൊണ്ടുപോയി എന്ന ഉള്‍വിളി. എനിക്കും അതിനുള്ള പ്രായമായി, ഞാന്‍ ഒത്തിരി വളര്‍ന്നു. അടച്ചിട്ട മുറികളില്‍ കൌമാരത്തിന്റെ വേര്‍ബന്ധനങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ ഇലഭാരത്തില്‍ എല്ലായിടത്തും സ്വതന്ത്രവതിയായ അമ്മയെ നോക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് കവിതയില്‍. അവള്‍ക്കറിയില്ല അമ്മ എത്രകണ്ട് പരിക്ഷീണിതയാണെന്ന്. അവള്‍ക്ക് എന്തില്‍നിന്നൊക്കെയോ മോചനം വേണം. തന്റെ മുന്‍പിലൂടെ പോണോരോടും വീണോരോടും വാണോരോടുമുള്ള (ജീവിതത്തിന്റെ ഭിന്നമുഖങ്ങളിലൂടെ കടന്നുപോകുന്നവര്‍) അവളുടെ മൌനമായ സൂചനയിടലാണ്. താനൊരു സ്ത്രീയായെന്നുള്ള കൌമാര പെണ്മനസിന്റെ വിഹ്വലചിന്തകള്‍. കരകര എന്നത് അക്കര, ഇക്കര എന്നതിന്റെ ചുരുക്കെഴുത്താണെങ്കിലും ചുറുചുറുക്ക് എന്നൊരു അര്‍ത്ഥം കൂടി വരണമെന്ന് ഉദ്ധേശിച്ചിരുന്നു.


കൊടിമരം പറയാത്തതിലും പെണ്ണുടലിന്റെ അസ്വാതന്ത്ര്യ കാഴ്ച്ചകളാണ്. എവിടെ അവളുടെ സ്വാതന്ത്ര്യം എന്നു ചോദിക്കുന്നത് നീ അവളില്‍ പൂനിറച്ച് പൊക്കിയുയര്‍ത്തി നിവര്‍ത്തിയാടിക്കുമ്പോളും ഒരു ചരട് എപ്പോഴും വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ എന്ന കൊടിമരത്തിലേയ്ക്ക് അവളെ ബന്ധിക്കുന്നു. നീ പറയുന്നതാണ് അവളുടെ അവസാനം. എന്നാല്‍ നിന്റെ ദുരന്തത്തിന്റെ നാളിലും, മനോഹര നൃത്തം കാണാന്‍ നീ ഒരുങ്ങുന്നതിന്റെ കാഴ്ച്ചകളിലും ഒരുപോലെ താഴ്ന്ന് താഴ്ന്ന് തളര്‍ന്നിരിക്കുന്ന ഒരു രൂപമുണ്ട് അവള്‍ക്ക്.


ഉറക്കഗുളികകളെക്കുറിച്ചു പറയുമ്പോള്‍ ഒരു രാജ്യത്ത് രാജ്യം തന്നെ ഉറക്കിക്കിടത്തിയിരിക്കുന്ന ചില തീവ്രവാദങ്ങളെക്കുറിച്ച് പറയേണ്ടിവരും. ഒന്ന്; അവയില്‍നിന്നും ചില ലഹരികള്‍ ഉള്‍ക്കൊണ്ട് എപ്പോഴും ഉറങ്ങുകയാണ് രാജ്യത്തിനിഷ്ടം. ഒരു ഡപ്പിലടച്ച് അവയെ പരിപാലിക്കുന്നതും രാജ്യം തന്നെയാണ്.
അടുത്തത് പ്രലോഭനത്തെക്കുറിച്ചാണ്. അവന്‍ (രാജ്യം) അബദ്ധം കാണിക്കും. അവന്‍ ആത്മഹുതി ചെയ്യും. രാജ്യം നശിക്കും. എന്നാല്‍ തലക്കെട്ട് ഈ ഉടലിനെപ്പറ്റിയല്ല. അല്പം മാറിനിന്ന് ചിന്തിക്കുകയാണ്.
ഞങ്ങള്‍ മനുഷ്യര്‍ക്ക് ഈ രാജ്യം എന്ന സങ്കല്പം തന്നെ ആവശ്യമില്ലാത്തതാണ്. എല്ലായിടത്തും അതിര്‍ത്തികള്‍ സൃഷ്ടിക്കുന്ന മനുഷ്യര്‍, ഞങ്ങള്‍ അത്യാഗ്രഹികളാണെങ്കിലും ഒക്കെയും സംഭവിച്ചുപോയില്ലേ. അതുകൊണ്ട്, രാജ്യമേ നീ ഞങ്ങളെപ്പോലെ ഉറക്കം കാംക്ഷിക്കരുത്. തന്മൂലം തീവ്രവാദങ്ങളെ നീ വേരോടെ പിഴുതു നശിപ്പിക്കുക. ഞങ്ങളുടെ അത്യാഗ്രഹം, ഞങ്ങളുടെ തീവ്രവാദം നിലനിക്കേണ്ടതിന്!

ഒടുവിലെ കവിത ഒരു സമകാലിക വിഷയം കൈകാര്യം ചെയ്യുകയാണെന്ന് ഞാന്‍ പറയില്ല. ആലുവ കന്യാസ്ത്രീ പ്രശ്നവുമായി കൂട്ടിവായിക്കാനും പറയില്ല. കാരണം നിങ്ങള്‍ക്ക് നിങ്ങളുടേതായ കാഴ്ച്ചകള്‍ക്ക് ഒരു വഴി ഇട്ടുതന്നതാണ്. അതു കണ്ടെത്തുന്നവന്‍ അങ്ങനെ ആസ്വദിക്കട്ടെ എന്നു ചിന്തിച്ചു. മൂത്രത്തുള്ളിയെ, മഞ്ഞുതുള്ളിയെ, കണ്ണീര്‍ത്തുള്ളിയെ ഓരോ ബിംബമായി കാണാതെയാണ് നിങ്ങള്‍ കവിതയെ അടിമുടി അന്യായവത്കരിച്ചത്. കവിത പറയാനാഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ക്കൂടിയുണ്ട്. ഒരോ സുപ്രഭാതത്തിലും ഒരോ ചൂടുള്ള വാര്‍ത്തകള്‍ സംഭവിക്കുകയാണ്. എന്തുകൊണ്ട് ഇത് പാഴ്ച്ചെടിയില്‍ സംഭവിച്ചു എന്നതിനും എനിക്ക് ശാരീരികവും ആത്മീയവുമായ ന്യായീകരണങ്ങളുണ്ട്. പൂത്ത് തളിര്‍ത്തുനില്‍ക്കുന്ന ഒരു പനിനീര്‍ച്ചെടിയില്‍ ഒരു വെളുപ്പാന്‍ കാലത്ത് ബോധമുള്ള ഒരുത്തനും മൂത്രിക്കാറില്ല. ഏതെങ്കിലും പാഴ്ച്ചെടിയുടെ മേലോട്ടാണ് കടന്നുകയറ്റം. ഇത്തരം വാര്‍ത്തകള്‍ സംഭവിക്കുന്നതും ആധികവും പാഴ്ച്ചെടികളിലാണ്. അത്തരം പത്രങ്ങളില്‍. മാധ്യമങ്ങളില്‍. എന്നാല്‍ സംഭവിച്ചതിലെ ശാരീരികം എന്താണ്?
മൂത്രമൊഴിച്ചശേഷം കവി കണ്ണുതെളിച്ച് നോക്കുകയാണ്. കീഴ്‌കൊമ്പിലെ മഞ്ഞുതുള്ളിയിലേയ്ക്ക് മേല്‍ക്കൊമ്പിലെ മൂത്രത്തുള്ളി ഇളകിയാടി വീഴുകയാണ്. ചൂടുമൂത്രം വീണപ്പോള്‍ മഞ്ഞുതുള്ളി വെറും വെള്ളമായി അതിന്റെ കൊമ്പില്‍ നിന്നും ദുഖത്തോടെ പിരിയുകയാണ്. നോക്ക് സാറേ ഇത്തരം പ്രശ്നങ്ങളില്‍ നിന്നും തെറ്റുകാരനായ പുരുഷന്‍ അലിഞ്ഞുമാഞ്ഞുപോവുകയാണ്. അവനെയെല്ലാവരും മറക്കും. പകരം ഒരു കണ്ണീര്‍ത്തുള്ളി എന്നും നിലനില്‍ക്കുന്നുണ്ട്.


ഇരിങ്ങല്‍ മാഷേ ഞാനിവിടെ താങ്കളോടൂള്ള എന്തെങ്കിലും വിരോധം കുറിച്ചിടുകയല്ല.
മറിച്ച് ശരിയായാലും തെറ്റായാലും എന്നിലേയ്ക്ക് കവിത പ്രവേശിച്ചതിങ്ങനെയെന്ന്
ഒരു ദുഃഖം പ്രകടിപ്പിക്കുകയാണ്. കവിത എഴുതിയ ആള്‍ തന്നെ അതു നിരൂപിക്കേണ്ടി വരുന്നതുപോലെ ഒരു ദുരന്തം സംഭവിക്കാനില്ല. ആയതിനാല്‍ തല്‍ക്കാലം ഞാനീ പണി നിര്‍ത്തുന്നു.
നിങ്ങള്‍ക്കു വണക്കം.

siva // ശിവ said...

കവിതകളിലെ ആശയം ഏറെ ഇഷ്ടമായി...പ്രത്യേകിച്ചും സുന്ദരിമരത്തിന്റെ പാട്ട്...

സസ്നേഹം,

ശിവ

aneeshans said...

ജ്യോനവാ,

കവിത വായിക്കാന്‍ അറിയാത്തവരും വായിക്കും അഭിപ്രായം പറയും. ഇതൊക്കെ കേള്‍ക്കാന്‍ നില്‍ക്കല്ലേ സുഹൃത്തേ. നിങ്ങളുടെ കവിതകള്‍ ഇഷ്ടമായതു കൊണ്ടു തന്നെയാണ് പറയുന്നത്.
കവിതയെഴുത്ത് നിര്‍ത്താന്‍ പോകുന്നു എന്ന ധ്വനി അവസാ‍ന കമന്റിലുണ്ടെന്ന് തോന്നി. അതു വേണ്ട. അല്ലെങ്കില്‍ തന്നെ ബൂലോക കവിത പൈങ്കിളി എഴുത്തുകാരുടേയും, സമയം കൊല്ലികളുടെയും കൈയ്യിലാണ്. നിങ്ങളെ പോലെ എഴുത്തിനെ സീരിയസ് ആയി കാണുന്ന ആളുകള്‍ വിട്ടു പോകുന്നത് സങ്കടം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശക്തമായി തുടരുക. ഇവിടെ തന്നെ

സ്നേഹത്തോടെ

അനീഷ്

അനിലൻ said...

ജ്യോനവാ
കവിതകള്‍ വിശദീകരിക്കേണ്ടിയിരുന്നില്ല!
നീ കവിയാണ്.

ഞാന്‍ ഇരിങ്ങല്‍ said...

ജ്യോനവന്‍..,
താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചു. ഞാന്‍ താങ്കളുടെ കവിതയില്‍ എനിക്ക് തോന്നിയത് പറഞ്ഞു അത്രേ ഉള്ളൂ. നൊമാദ് പറഞ്ഞതാണ് ശരി.
“കവിത വായിക്കാന്‍ അറിയാത്തവരും വായിക്കും അഭിപ്രായം പറയും“. താങ്കള്‍ ആ സ്പിരിറ്റ് ഉള്‍കൊള്ളുമെന്ന് കരുതിയ എനിക്ക് തെറ്റു പറ്റി.

അനിലന്‍ പറഞ്ഞതു പോലെ കവിത താങ്കള്‍ വിശദീകരിക്കേണ്ടിയിരുന്നില്ല. താങ്കളുടെ കവിതകളെ ഇഷ്ടമുള്ളതു കൊണ്ട് തന്നെയാണ് വായിച്ചതും കുറിപ്പിട്ടതും. അത് ശുദ്ധഭോഷ്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. ചില വരികളില്‍ എനിക്ക് തോന്നിയ കാര്യങ്ങള്‍ പറഞ്ഞു . താങ്കള്‍ക്ക് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്നതാണ്. അതില്‍ ഇമോഷണന്‍ ആയി “ ഞാനീ പണി നിര്‍ത്തുന്നു’ എന്നു പറയരുത്.
താങ്കളില്‍ നിന്ന് വളരെ നല്ല കവിതകള്‍ ഉണ്ടാകും എന്ന് ഉറച്ച ബോധമുള്ളതു കൊണ്ടാണ് ഇത്രയും എഴുതിയത്.

എത്രയും പെട്ടെന്ന് തന്നെ പുതിയ കവിതയുമായി താങ്കള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
താങ്കളുടെ സ്നേഹപൂര്‍വ്വം'
ഇരിങ്ങല്‍

Sanal Kumar Sasidharan said...

ഇരിങ്ങലേ,
ആൾക്കൂട്ടത്തിൽ സ്വയം അനാവൃതമാകുന്നപോലെ ആത്മനിന്ദാപരമായ ഒരവസ്ഥയാണ് സ്വന്തം കവിതയെ കവിക്ക് തന്നെ വിശദീകരിക്കേണ്ടിവരുന്നത്.നിങ്ങൾക്ക് അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നറിയില്ല സാധ്യതയില്ല.അതുകൊണ്ടാണ് നിങ്ങൾ വീണ്ടും
“അനിലന്‍ പറഞ്ഞതു പോലെ കവിത താങ്കള്‍ വിശദീകരിക്കേണ്ടിയിരുന്നില്ല.“ എന്ന് വെറുതേ പറഞ്ഞ് പോകുന്നത്.ആ വിശദീകരണം നിങ്ങളുടെ അന്ധവായനയെ അടിച്ചു പുറത്താക്കുന്ന കാര്യം പോലും നിങ്ങൾ മനസിലാക്കുന്നില്ല.കവിത വറുത്ത കപ്പലണ്ടിപോലെയല്ല എന്ന് നിങ്ങൾക്കറിയാത്തതാണോ?അത് മുളയ്ക്കാൻ സമയം കൊടുക്കണം സുഹൃത്തേ..ജ്യോനവാ..വേദന മനസിലാക്കുന്നു...മറ്റൊന്നും പറയാനില്ല..എഴുത്തു നിർത്താനാവുമെങ്കിൽ നിർത്തിക്കോ..ആവുമെങ്കിൽ മാത്രം.

ധ്വനി | Dhwani said...

ഇരിങ്ങല്‍, നിരൂപണം അനുകൂലമോ പ്രതികൂലമോ ആവാം. അതു പറയുമ്പോളുള്ള പ്രയോഗങ്ങള്‍ എഴുതുന്നവനെ പ്രോത്സാഹിപ്പിയ്ക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യും. ജ്യോനവന്റെ മറുപടിയില്‍ നിന്ന് താങ്കള്‍ക്കതു മനസ്സിലായിക്കാണും.

പിന്നെ, നിരൂപണത്തിനു ലക്ഷ്യം എന്തുമാകാം. സ്വന്തം സംതൃപ്തി മുതല്‍ ഒരു തൊഴില്‍ വരെ. പക്ഷേ, താങ്കള്‍ ഉദ്ദേശിച്ചതുപോലെ(താങ്കള്‍ രഞ്ചിത്ത് ചെമ്മാടിനെഴുതിയ മറുപടിയില്‍ നിന്ന് എനിയ്ക്കു മനസ്സിലായത്) താങ്കളുടെ അഭിപ്രായം/നിരൂപണം പ്രോത്സാഹനമാണെന്ന് എനിയ്ക്കും ഒട്ടും തോന്നിയില്ല.

ഇനി കവിതയേപ്പറ്റി; ഞാനടക്കം ചട്ടി, കലം, കരി, ഉമ്മി, അമ്മിക്കല്ല് എന്നിങ്ങനെ പല പേരിലുള്ള ആള്‍കാര്‍ പലരീതിയില്‍ എഴുതി ദിവസേന മലയാളം ബ്ളോഗ് പോര്‍ട്ടലില്‍ വരുന്ന കുറേ എഴുത്തുകളില്‍ ഞാന്‍ ആസ്വദിച്ചിട്ടുള്ള ചില കവിതകളുടെ കര്‍ത്താവാണു ജ്യോനവന്‍! ഒരു കവിത ഉദ്ദേശിച്ച രീതിയില്‍ വായനക്കാരനിലെത്തിയില്ലെങ്കില്‍ 'കച്ചേരി നിര്‍ത്തു മാഷേ; കല്ലെറിയും' എന്നു പറയാന്‍ എനിയ്ക്കു കഴിയില്ല.

ഇതെഴുതിയത് ജ്യോനവനെ ചങ്ങമ്പുഴയുടെ സ്ഥാനത്തും, താങ്കളെ കോവിലന്റെ സ്ഥാനത്തും കണ്ടു കൊണ്ടല്ല! എല്ലാവരും സാധ്യതകള്‍ ഏറെയുള്ള മനുഷ്യരാണെന്ന് ഓര്‍ത്തു മാത്രം.

-ഷൈനി (ധ്വനി)

പാമരന്‍ said...

ജ്യോനവന്‍ജീ, ചിതലിന്‍റെ ഒരു കമന്‍റാണു തിരിച്ചിവിടെ എത്തിച്ചത്‌.

"അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍
അരിഞ്ഞുതള്ളൂം അവന്‍റെ കത്തിക്കവരുടെ കയ്യും കാലും
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും"


കവിതയെ കട്ടിലിനു പാകമാക്കാന്‍ നോക്കുന്നവരെ ചെവിക്കൊള്ളാതെ വീണ്ടുമെഴുതുക.. അനുസ്യൂതം.. തോന്നുന്നത്‌ തോന്നുന്നപോലെ എഴുതുക.. ആവുന്നിടത്തോളം ആസ്വദിക്കാനിവിടാളുണ്ട്‌..

തണല്‍ said...

ജ്യോനവാ,
“നശിപ്പികുക.
നീയൊരു രാജ്യമാണെങ്കില്‍
അവറ്റകളുടെ
ശവം ‌പോലും നിന്റെ പുഴയില്‍
ഒഴുക്കാതിരിക്കുക.“
കാരണം കരകര പായുന്ന നിന്റെ വരികള്‍
മറ്റാര്‍ക്കു വേണ്ടെങ്കിലും ഞങ്ങള്‍ക്ക് വേണം.

Ranjith chemmad / ചെമ്മാടൻ said...

തണലും പാമുവേട്ടനും എവിടേന്ന് ആലോചിക്ക്യായിരുന്നു ഞാന്‍
രണ്ടുപേരും ഒപ്പമാണല്ലോ?
ഞാനല്പ്പം വഴിമാറി നടക്കുന്നുണ്ടോ? എന്നൊരു സംശയം...
കൂട്ടത്തില്‍ ചേരാത്തപോലെ?

ജ്യോനവാ ഓഫ് ടോപിക്കാണേ....

പാമരന്‍ said...

ഓ.ടോ. രണ്‍ജിത്തേ കൂടെത്തന്നെയുണ്ട്‌..

ജ്യോനവന്‍ said...

സുഹൃത്തുക്കളേ.....
ശ്രീ, വാല്‍മീകി, പ്രിയ, ചോലയില്‍ മാഷ്,ചിതല്‍, വളരെ സന്തോഷം. അറിയുന്ന അനോണി, 'ക്ഷമി'! :)
സ്നേഹിതന്‍; വളരെ നന്ദി. ടീന; നിങ്ങള്‍ കവിത വായിച്ചുവന്ന രീതി, ശരിക്കും ഏറെ സന്തോഷിപ്പിച്ചു. അല്ല; ഒരു പക്ഷേ; 'ഞാന്‍' ഇവിടെ തീരെ വേണ്ടിയിരുന്നില്ല! :)
ശിവ; വളരെ നന്ദി. നൊമാദ്, ധ്വനി, നിങ്ങളുടെ കരുതലിന്, സ്നേഹത്തിന് :) സനാതനന്‍...മാഷേ എന്നെ വല്ലാത്തൊരു പ്രതിസന്ധിയിലാഴ്ത്തി ആ 'നിലപാട്'! ഒരുനിമിഷം തൊണ്ടേന്ന് വാക്കൊക്കെ ഉരുകിപ്പോയി. യ്യോ!
അനിലന്‍ മാഷ്; എന്തോ അവിവേകം കൊണ്ടാണ് ചാടിപ്പുറപ്പെട്ടത്. ഇനിയുണ്ടാവില്ല 'സാഹസം'. മാപ്പ്.

ഇരിങ്ങല്‍ മാഷേ......കവിതയെ വിമര്‍ശിച്ചതിലെ നിങ്ങളുടെ പ്രതീക്ഷകള്‍, ശീലങ്ങള്‍, ഞാനപ്പോള്‍
മനസിലാക്കിയിരുന്നില്ല. എങ്കിലും, കവിത എഴുതാതിരുന്നുകൂടെ എന്നതിനൊരു മറുപടിയുണ്ടാവണമെന്ന് കരുതി.(അപ്പോഴും, ഇപ്പോഴും നിങ്ങളുടെ ആ ചോദ്യത്തിന്റെ ആംഗിള്‍ പിടികിട്ടിയില്ല.) ഉരുളയ്ക്ക് ഉപ്പേരി മാത്രമല്ല പച്ചവെള്ളവും ചിലപ്പോള്‍ പ്രതികരണമാണ്. അതുകൊണ്ട്, കവിതയെ 'കവിതയായി' ഇനിയും വിമര്‍ശിക്കണമെന്ന്/നിരീക്ഷിക്കണമെന്ന്, ഒരടക്കം.
മറുപടി കമന്റിന് :)

തണല്‍, പാമരന്‍, അടങ്ങിയൊതുങ്ങി ഇരിക്കുകയായിരുന്നു. തലയൊന്ന് ചൂടായതിന്(കാടുകയറി ആലോചിച്ചിട്ടാ) ആരൊക്കെയാ ഓരോ കുടം തണുപ്പ് കമഴ്ത്തിയത്. നന്ദിയില്‍, സ്നേഹത്തില്‍, നിങ്ങളെയൊന്നും ഒതുക്കാനാവില്ല. രണ്‍ജിത്ത്; ആരാണ് വഴിമാറി നടക്കുന്നതെന്ന് ഒരു നിമിഷം പേടിയോടെ ആലോചിച്ചു. അതു ഞാനല്ലേ.......എനിക്കിട്ടല്ലേ? അതുകൊണ്ടാ ഇപ്പോള്‍ ഈ കമന്റ്. :)

നിങ്ങളെയെല്ലാവരെയും എനിക്കും വേണം.
എങ്കിലുമൊരിടവേള നല്ലതെന്ന് തോന്നിത്തുടങ്ങി.
തല്‍ക്കാലം വിട.

ഞാന്‍ ഇരിങ്ങല്‍ said...

ജ്യോനവന്‍..,

താങ്കള്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു. താങ്കള്‍ മാത്രമല്ല പലരും. തെറ്റിദ്ധാരണ മാറ്റാന്‍ ഇവിടെ ഉദ്ദേശിക്കുന്നുമില്ല.
എന്‍ റെ കമന്‍റിനെ വികാരപരമായി കാണേണ്ട്കാര്യമില്ലായിരുന്നു.

“കവിതയില്‍ ഒരു ഫീലിങ്ങും തരാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ കവിത എഴുതാതിരുന്നൂടേ?“
എന്ന എന്‍ റെ പ്രസ്താവന താങ്കളെ വല്ലാതെ വേദനിപ്പിച്ചെന്നു മനസ്സിലായി. സത്യത്തില്‍ താങ്കള്‍ കവിത എഴുത്ത് നിര്‍ത്തണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഒന്നും തരാത്ത കവിതകള്‍ എഴുതുന്നത് നിര്‍ത്തണം എന്നുമാത്രമാണ്. എന്നു വച്ചാല്‍ തങ്കളുടേത് തന്നെ മറ്റു ചില കവിതകളില്‍ അര്‍ത്ഥം കൊണ്ടും പ്രയോഗം കൊണ്ടും കാമ്പുള്ളതായി എനിക്കറിയാം. അതു കൊണ്ട് തന്നെയാണ് കമന്‍ റിയതും. താങ്കളുടെ കവിതയെ അംഗീകരിച്ചു കൊണ്ട് തന്നെയാണ് ഞാന്‍ കമന്‍ റിയത് പക്ഷെ ആ ഒറ്റ പ്രയോഗം നിങ്ങള്‍ക്ക് ഞാന്‍ ശത്രു വായി. അതില്‍ എനിക്കുള്ള ഖേദം നിര്‍വ്യാജം അറിയിക്കുന്നു. അങ്ങിനെ താങ്കള്‍ക്ക് വേദന തോന്നിയെങ്കില്‍ പ്രസ്താവന പിന്‍ വലിക്കുകയും ചെയ്യുന്നു.

താങ്കളെ വ്യക്തിപരമായി എനിക്കറിയില്ല.ചിലപ്പോഴെങ്കിലും നല്ല കവിത പോലുമല്ലാത്ത എന്‍റെ കവിതകള്‍ക്ക് താങ്കള്‍ കമന്‍റിട്ടിട്ടുമുണ്ട്. അപ്പോള്‍ താങ്കളോട് എനിക്ക് ഏത് തരത്തിലെങ്കിലും വ്യക്തി വിരോധത്തിന്‍ റെ ആവശ്യമില്ലല്ലോ. സ്നേഹമുള്ളതു കൊണ്ട് തന്നെയാണ് കവിത വായിക്കുന്നതും കമന്‍ റിടുന്നതും. എന്നു കരുതി എനിക്ക് കവിതയെ കുറിച്ച് തോന്നിയത് പറയുകയല്ലേ ഞാന്‍ ചേയ്യേണ്ടത്? അതില്‍ താങ്കള്‍ക്ക് താങ്കളുടെ ഭാഗം ന്യായീകരിക്കുകയും ചെയ്യാമായിരുന്നു.

താങ്കളുടെ 5 -ല്‍ ആദ്യ കവിതയില്‍ ഒരു വാക്ക് മാത്രമാണ് എനിക്ക് ക്രിത്രിമത്വമായി തോന്നിയത്. അത് മാത്രമാണ് പറയുകയും ചെയ്തത്. ആ കവിത എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
പണ്ട് കവി ചോദിച്ചത് “ എന്നുടേ ഒച്ച വേറിട്ട് കേട്ടു വോ’ എന്നാണ്. അതു പോലെ വേറിട്ട് കേള്‍പ്പിക്കാനാവണം കവിത എന്നാണ് ഫീലിങ്ങ് ഇല്ലാത്ത കവിതകള്‍ എഴുതുന്നതിനു പകരം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു..
താങ്കള്‍ സാഹസം നിര്‍ത്തി എന്ന് പറയേണ്ട കാര്യമില്ല. തുടര്‍ന്നും എഴുതൂ.
നമുക്ക് വീണ്ടും വായിക്കാം . വീണ്ടും കീറി മുറിച്ച് സംസാരിക്കാം. അവിടെ കവിതയ്ക്കും താങ്കള്‍ക്കും നല്ലത് തോന്നുന്നു വെങ്കില്‍ .

ഇനി ഒരു വിശദീകരണത്തിന് ഇല്ല.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Ranjith chemmad / ചെമ്മാടൻ said...

പ്രിയ ഇരിങ്ങള്‍;
നമുക്കിടയില്‍, മറ്റു മേഘലയിലെ
ചെളിവാരിയെറിയല്‍ പോലെ,
കടുത്തതും കറുത്തതുമായ ഒന്നും
വിള്ളലേല്പ്പിക്കാന്‍ പാടില്ല.
കടുത്തതായി ഞാനെന്തെങ്കിലും
എഴുതിയിട്ടുണ്ടെങ്കില്‍
നിരുപാധികം മാപ്പ്

താങ്കളുടെ നിരൂപണത്തെ
"ഏറനാടന്റെ" കമന്റില്‍ പറഞ്ഞപോലെ,

"വിവര്‍ശനത്തിനേതറ്റവും വരെ പോകാം.
അതുവായിച്ച് ഏതറ്റവും വരെ ചിന്തകള്‍ വിരിച്ചിടാം.
യുക്തിക്കനുയോജ്യമായവ വായനക്കാരും
പ്രേക്ഷകരും കണ്ടെത്തട്ടെ. അല്ലേ"
എന്ന് ലളിതവല്‍ക്കരിക്കാം

ജ്യോനവാ,
ആ ഓഫ് ടോപ്പിക്
സത്യമായും എന്നോട് തന്നെ പറഞ്ഞതാ
നമ്മളൊക്കെ ഒന്നല്ലേ..
Take care be automic

ജ്യോനവന്‍ said...

ഇരിങ്ങലേ.........
വെറുതേ കയറി സ്വയം ശത്രുവെന്നൊക്കെ അംഗീകരിക്കല്ലേ. ഞാനെവിടെയും അങ്ങനെ സൂചിപ്പിച്ചിട്ടുപോലുമില്ല. എല്ലാം കവിതയെക്കുറിച്ചായിരുന്നു. ഇത്തിരി നോവ്, വികാരം അതുപോലൊക്കെ മാത്രമാണ്.
നിങ്ങള്‍ നിങ്ങളുടെ പക്ഷം തുറന്നെഴുതുന്നതുപോലെ ഞാനും.നമുക്കിടയില്‍ ഒരു പാലമേയുള്ളു പോകാനും വരാനും. നമുക്കു വീണ്ടും കവിതയെ കീറിമുറിച്ച് സംസാരിക്കാം. നല്ലതുവരട്ടെ.
താങ്കള്‍ക്കും.

രണ്‍ജിത്ത്..........
ആ ഓഫ് ടോപ്പിക്ക്; അതിലൊരു ഇഷ്ടം കുറിക്കാന്‍ ഞാനിങ്ങെടുത്തതല്ലേ! സോറി.
ഹോ! ചങ്ങാതീ, നമ്മളൊക്കെ ഒന്നല്ലേ.

മുഹമ്മദ് ശിഹാബ് said...

എന്തോ അത്രയ്ക്ക് ഇഷ്ട്മായില്ല....
ഈ കവിതകള്‍.

മനസ്സിലാവാഞ്ഞിട്ടാവാം....

:)

ഭൂമിപുത്രി said...

പഞ്ചമം പാടിയൊരു പകറ്ന്നാട്ടം-
ഈ കൂടുമാറ്റമാണിപ്പോള്‍ സ്പെപഷലൈസേഷന്‍ അല്ലേ? ആസ്വദിയ്ക്കുന്നുണ്ട്ട്ടൊ

Sojo Varughese said...

1. കലികാലം എന്നല്ലാതെ എന്ത് പറയാന്‍. അപേക്ഷിച്ചിട്ടൊന്നും കാര്യം ഇല്ല!
2. [ ചിരിക്കുന്നു ]
3. അഴിഞ്ഞാടട്ടെ!
4. എന്താ പറഞ്ഞത്?
5. അച്ചോ അപ്പൊ അമ്മോ ..... എന്താ ഉറക്ക ഗുളികയാ? കാരാഗ്രഹമാ? ഹ ഹ ഹ !!!
6. വായിച്ചും എഴുതിയും ഇത്രയും ആയപ്പോഴേക്ക്‌ മതിയായി ശങ്കരാ....
7. ഇതു തന്നെ വരാനിരുന്നത്. ഇതിന് വേണ്ടിയാണോ ഇത്രയ്ക്ക് മസില് പിടിച്ചത്? ഇപ്പോഴാ ഒരു ആശ്വാസം ആയത്. വായന പാഴായില്ലല്ലോ.

ശ്രീവല്ലഭന്‍. said...

ഇന്നാണ് ഇതു കണ്ടത്. എല്ലാ കവിതകളും ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും വാര്‍ത്തയും, സുന്ദരിമരത്തിന്‍റെ പാട്ടും. പലരുടെയും പലകവിതകളും മനസ്സിലാകാറില്ലെങ്കിലും ഇതില്‍ കുറെയൊക്കെ എന്റേതായ രീതിയില്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. (വിശദീകരണം വായിച്ചില്ല!). തുടര്‍ന്നും നല്ല കവിതകള്‍ ജനിക്കട്ടെ :-)